കോഴിക്കോട്: അർധരാത്രിയിൽ 17കാരിയായ പെൺകുട്ടിയെ സ്റ്റോപ്പിൽ ഇറക്കാതെ കെ.എസ.ആ.ടി.സിയുടെ മിന്നൽ സർവീസ് 'പറന്ന' വിവാദത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ വാദവും സർക്കാർ പരിഗണിക്കുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേയും യൂണിയൻ നിറവ്യത്യാസം നോക്കാതെയും ജീവനക്കാർ ഒറ്റക്കെട്ടായി മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തിൽ പരാതി നൽകിയിട്ടുണ്ട്. മുതിർന്ന യൂണിയൻ നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടത്തെി പേഴ്‌സണൽ സ്റ്റാഫ് മുമ്പാകെയും പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കർശന പൊലീസ് നടപടി ഒഴിവാക്കാനും വകുപ്പുതല അന്വേഷണം പെട്ടന്ന് പൂർത്തിയാക്കാനുമാണ് നിർദ്ദേശം കിട്ടിയത്. മുഖ്യമന്ത്രിയടക്കമുള്ളവരെ തങ്ങളുടെ ഭാഗം ബോധ്യപ്പെടുത്തിയെന്നാണ് ജീവനക്കാർ പറയുന്നത്.

മിന്നൽ ബസ് പയ്യോളിയിൽ നിർത്തില്ലെന്നും അതിനാൽ കോഴിക്കോട് ഇറങ്ങിക്കൊള്ളാൻ ബസിലെ കണ്ടക്ടർ പെൺകുട്ടിയോട് കോഴിക്കോട് സ്റ്റാൻഡിൽവെച്ച് അഭ്യർത്ഥിച്ചതായാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ പറയുന്നത്. ബസിലെ മറ്റ് യാത്രക്കാർ ഇതിന് ദൃക്‌സാക്ഷികളാണ്. ഇത് മിന്നൽ ബസാണെന്നും ഇനി കണ്ണൂരെ നിർത്തുള്ളുവെന്നും കണ്ടക്ടർ സ്റ്റാൻഡിൽവെച്ച് പരസ്യമായി അനൗൺസ് ചെയ്തു. എന്നാൽ പെൺകുട്ടി അതൊന്നും ശ്രദ്ധിക്കാതെ മൊബൈലിൽ ആയിരുന്നു. പെൺകുട്ടി ടിക്കറ്റ് എടുക്കുമ്പോഴും ഇക്കാര്യം കണ്ടക്ടർ എടുത്തു പറയുകയും, തൊട്ടടുത്ത് പയ്യോളിയിൽ സ്റ്റോപ്പുള്ള ബസ് ചൂണ്ടിക്കാട്ടിക്കൊടുക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും കൂട്ടാക്കാതെ പെൺകുട്ടി കണ്ണൂർക്ക് ടിക്കറ്റ് എടുക്കുയായിരുന്നു.

പെൺകുട്ടി ഫോണിൽ പിതാവിനെ വിളിച്ച് ചോദിച്ചശേഷമാണ് ടിക്കറ്റെടുത്തതെന്നും ബസ് പയ്യോളിയിൽ നിർത്തിക്കുമെന്ന് പിതാവ് കൊടുത്ത ഉറപ്പിന്റെ പുറത്താണ് യാത്ര തുടർന്നതെന്നുമാണ് ജീവനക്കാർ പറയുന്നത്. മറ്റ് യാത്രക്കാർ ഇതിനെല്ലാം സാക്ഷികളാണെന്നും പ്രശ്‌നത്തിൽ അവർ ഇടപെടാതിരുന്നത് പെൺകുട്ടിയുടെ ഭാഗത്ത് ന്യായമില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. പെൺകുട്ടിയുടെ നേരെ പിറകിലുള്ള സീറ്റിലിരുന്നത് കാസർകോട് തൃക്കരിപ്പൂർ സ്റ്റേഷനിലെ ഒരു പൊലീസുകാരനായിരുന്നെന്നും ഇയാൾ അടക്കം നിരവധി സാക്ഷികൾ തങ്ങൾക്കൊപ്പമാണെന്നുമാണ് ജീവനക്കാർ പറയുന്നത്. യാത്രക്കാരിൽ ഒരാൾ പോലും പെൺകുട്ടിയെ അനുകൂലിച്ചിട്ടില്ലന്നും കെ.എസ്.ആർ.ടി.സി ജീവനക്കാർ പറയുന്നു.

ദേശീയപാതയിൽ വടകര ചോമ്പാല കുഞ്ഞിപ്പള്ളിയിൽ വാഹനം കുറുകെയിട്ടാണ് പൊലീസ് ബസ് തടഞ്ഞത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ക്ഷുഭിതരായ പൊലീസ് ഡ്രൈവറെയും കണ്ടക്ടറെയും മർദിക്കനായി പാഞ്ഞെടുത്തപ്പോൾ, കാര്യങ്ങൾ ബോധ്യപ്പെടുത്തിയതും ഇതേ പൊലീസുകാരനാണെന്നും ജീവനക്കാർ പറയുന്നു. മറ്റ് യാത്രക്കാരും ഇതേ കാര്യം പറഞ്ഞതോടെ കുറ്റക്കാരല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് പൊലീസ് അപ്പോൾ തങ്ങളെ വെറുതെ വിട്ടതെന്നും, അല്ലായിരുന്നെങ്കിൽ അപ്പോൾ തന്നെ തങ്ങളെ കസ്റ്റഡിയിൽ എടുക്കാമായിരുന്നില്ലേയെന്നും ജീവനക്കാർ ചോദിക്കുന്നു.

മിന്നൽ ബസ് ഒരു കാരണവശാലും നിശ്ചിത സ്റ്റോപ്പിലല്ലാതെ നിർത്തരുതെന്ന് എം.ജി.രാജമാണിക്യം കെഎസ്ആർടിസി എംഡിയായിരിക്കേ ഇറക്കിയ ഉത്തരവും ജീവനക്കാർ എടുത്തു പറയുന്നുണ്ട്. സൂപ്പർ എക്‌സപ്രസ് ഉൾപ്പെടെയുള്ള ബസുകൾ രാത്രി പത്തിനുശേഷം യാതക്കാർ പറഞ്ഞാൽ എവിടെവേണമെങ്കിലും നിർത്തണമെങ്കിലും മിന്നൽ സർവീസുകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്ആർടിസിക്ക് നല്ലവരുമാനം ഉണ്ടാക്കുന്ന സർവീസാണ് മിന്നൽ . സമയബന്ധിതമായ യാത്രയും പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത് എത്തുമെന്നതും മിന്നലിനെ ആനവണ്ടികളിലെ താരമാക്കുന്നത്. രണ്ടുമാസം മുൻപ് കോഴിക്കോട് ഡിപ്പോയിൽ നിന്ന് പുറപ്പെടാൻ അഞ്ചുമിനിറ്റ് താമസിച്ചതിന് സ്റ്റേഷൻ മാസ്റ്റർക്കെതിരേ നടപടി എട്ടുന്ന സംഭവവും ഉണ്ടായിയെന്നാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം പൊലീസ് രണ്ടുതവണ കൈകാണിച്ചിട്ടും എന്തുകൊണ്ട് നിർത്തിയില്ല എന്ന് വ്യക്തമായി വിശദീകരിക്കാൻ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ആവുന്നില്ല. മിന്നൽ സർവീസാണെന്ന് അറിയാതെ പലരും ഇടക്കിടെ ബസിന് കൈകാണിക്കുന്നുണ്ടെന്നും, അതിനാൽ പൊലീസാണെന്ന് അറിഞ്ഞില്ലെന്നുമാണ് ഇവർ പറയുന്നത്. പൊലീസ് അൽപ്പംകൂടി റോഡിലേക്ക് കയറി കൈ കാണിച്ചിരുന്നെങ്കിൽ തങ്ങൾ അറിയുമായിരുന്നെന്നാണ് ജീവനക്കാർ പറയുന്നത്.എന്നാൽ ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽപോലും ഈ വാദം ആരും ശരിവെച്ചിട്ടില്ല. ഇത്രയൊക്കെ പറഞ്ഞിട്ടും കേൾക്കാത്ത പെൺകുട്ടിയെ കണ്ണൂരിൽ കൊണ്ടേ ഇനി ഇറക്കൂ എന്ന വാശി ജീവനക്കാർക്കും പിടികൂടിയോ എന്ന് സംശയമുണ്ടെന്ന് ഒരു വിഭാഗം ജീവനക്കാർതന്നെ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ ചോമ്പോൽ പൊലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും അവർ സ്റ്റേഷനിൽ ഹാജരായിട്ടില്ല.

എന്നാൽ പെൺകുട്ടിയും പിതാവും നൽകിയ പരാതിയിൽ ഇങ്ങനെയാണ് പറയുന്നത്. രാത്രി എട്ടരയ്ക്ക് പാലയിലെ എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിൽ നിന്ന് പയ്യാളിയിലെ വീട്ടിലേക്ക് എടിസി 234 കെഎസ്ആർടിസി ബസിൽ കയറിയതായിരുന്നു വിദ്യാർത്ഥിനി. ഓൺലൈൻ വഴി ബുക്ക് ചെയ്ത ടിക്കറ്റ് കോഴിക്കൊട് വരെയായിരുന്നു ഉണ്ടായിരുന്നത്. ബസ് കാസർകോട് വരെയുണ്ടെന്നു മനസ്സിലായതിനെ തുടർന്ന് കോഴിക്കൊട് കഴിഞ്ഞപ്പോൾ വിദ്യാർത്ഥിനി പയ്യാളിക്കുള്ള ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാൽ കണ്ണൂരിലേക്കുള്ള ടിക്കറ്റ് എടുക്കണമെന്ന് പറഞ്ഞതിനെ തുടർന്ന് നൂറ്റിപതിനൊന്ന് രൂപ നൽകി ടിക്കറ്റ് എടുക്കുകയും ചെയ്തു. പയ്യാളിയിൽ കാത്ത് നിൽക്കുകയായിരുന്ന പിതാവിനോട് സ്റ്റോപ്പ് സംബന്ധിച്ച അവ്യക്തത വിദ്യാർത്ഥിനി മൊബൈൽ വഴി ധരിപ്പിച്ചു.

ഇദ്ദേഹം ഉടൻ പയ്യാളി പൊലീസ് സ്റ്റേഷനിൽ ചെന്ന് കാര്യം അവതരിപ്പിച്ചു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും പിതാവും ചേർന്ന് പയ്യാളിയിൽ പുലർച്ച െരണ്ടിന് ബസ്സിന് കൈകാണിച്ചങ്കെിലും ബസ് നിർത്താതെ പോയി. ഉടൻ തന്നെ പയ്യാളി പൊലീസ് മൂരാട് ട്രാഫിക്ക് ഡ്യൂട്ടിയിലുള്ള പൊലീസിനോട് ബസ് തടയാൻ ആവശ്യപ്പെട്ടെങ്കിലും അവിടെയും ബസ് നിർത്തിയില്ല. ഉടൻ തന്നെ പൊലീസ് കൺട്രോൾ റൂമിലേക്ക് സന്ദശേം നൽകിയതിനെ തുടർന്ന് ദേശീയപാതയിൽ ചോമ്പാല കുഞ്ഞിപ്പള്ളിയിൽ പൊലീസ് വാഹനം കുറുകെയിട്ട് ബസ് തടയുകയായിരുന്നു. ബസിന് പിറകെ പോയ രക്ഷിതാവ് കുഞ്ഞിപ്പള്ളിയിൽ എത്തുമ്പോഴേക്കും ബസ് വിദ്യാർത്ഥിനിയെ ഇറക്കി പോകുകയായിരുന്നു.