കൊച്ചി: മലയാളികൾക്ക് ഇപ്പോൾ ഷിബുവാണ് താരം. മിന്നൽ മുരളിയിലെ ഷിബു. സിനിമയിൽ വില്ലനാണെങ്കിലും ഷിബു ചെയ്യുന്ന ഓരോ പ്രവർത്തിക്കും കാരണമുണ്ട്. വലിയ നഷ്ടം സഹിക്കേണ്ടി വന്ന ഷിബു. തമിഴ് താരം ഗുരു സോമസുന്ദരത്തിന്റെ അസാധ്യ പ്രകടനം. നായകന് മുകളിൽ നിൽക്കുന്ന വില്ലൻ. ബറോസിൽ മോഹൻലാലിനൊപ്പം ഷിബുവും ഉണ്ടാകും. അങ്ങനെ സൂപ്പർ ഹീറോ കഥാപാത്രവുമായി ഷിബു താരമാവുകയാണ്. അഞ്ചുസുന്ദരികൾ, ജോക്കർ, ജയ് ഭീം, കോഹിനൂർ തുടങ്ങിയ സിനിമകളിലെ സാധാരണ നടൻ. ഗുരു സോമസുന്ദരം മിന്നൽ മുരളിയിലൂടെ താരമാകുകയാണ്.

'അയാളെ മാത്രം കണ്ടു. ഓർമകളിൽ അള്ളിപ്പിടിച്ചു നിൽക്കുന്നത്ര വ്യക്തമായി. സൂപ്പർ ഹീറോയുടെ മറുപാതി സൂപ്പർ വില്ലൻ. എങ്ങനെ ആണ് വില്ലൻ എന്ന് വിളിക്കുക? അത്രയും പ്രണയ പരവശനായ മനുഷ്യൻ. വില്ലന്റെ പക്ഷം പിടിച്ചു അയാൾ. അയാൾ ചെയ്തത് എല്ലാം ശരി അല്ലെങ്കിലും അയാൾ ഒരു വലിയ തെറ്റ് അല്ലേ അല്ല..' സിനിമ കണ്ട ഒരാളുടെ കുറിപ്പ് ഇങ്ങനെ. സൂര്യയുടെ 'ജയ് ഭീം' സിനിമയിൽ പബ്ലിക് പ്രോസിക്യൂട്ടറായ ചെല്ലപാണ്ഡ്യനെ അവതരിപ്പിച്ചതും ഗുരു സോമസുന്ദരം ആയിരുന്നു. മാമനിതൻ, ഇന്ത്യൻ 2, പരമ ഗുരു എന്നിവയാണ് പുതിയ പ്രോജക്ടുകൾ. അതിന് അപ്പുറത്തേക്ക് ബറോസും.

തിയറ്റർ നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഗുരു സോമസുന്ദരം. 2002 മുതൽ 2011 വരെ നാടകങ്ങളിൽ സജീവമായിരുന്നു. 2011ൽ സംവിധായകൻ ത്യാരാജൻ കുമാരരാജയാണ് 'ആരണ്യ കാണ്ഡ'ത്തിലൂടെ ഗുരുവിനെ വെള്ളിത്തിരയിലേക്ക് ക്ഷണിക്കുന്നത്. 2016 ൽ റിലീസ് ചെയ്ത തമിഴ് ചിത്രം 'ജോക്കറി'ലെ അദ്ദേഹത്തിന്റെ പ്രകടനവും ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. മാർവെൽ സൂപ്പർ ഹീറോ സിനിമകളിലൊക്കെ കാണും പോലെ വില്ലനും വ്യക്തിത്വം കൊണ്ടു വരാൻ മിന്നൽ മുരളിയിൽ ഗുരുവിനായി. ഗുരു സോമസുന്ദരം ആ വേഷം വളരെ ഭംഗിയായി ചെയ്യുകയും ചെയ്തു.

അഞ്ച് സുന്ദരികൾ എന്ന ആന്തോളജി സിനിമയിലൂടെ ഗുരു സോമസുന്ദരം മലയാളികൾക്ക് നേരത്തെ പരിചിതനാണ്. മിന്നൽ മുരളിയിലെ ഷിബു വില്ലൻ എന്ന് വിശേഷിപ്പിക്കാൻ കഴിയാത്ത ഒരു കഥാപാത്രമാണ്. ക്രൂരതയുടെ പര്യായം എന്ന തരത്തിൽ മാത്രം പ്രതിനായകനെ അവതരിപ്പിക്കുന്നിടത്ത് പ്രണയവും, ഇമോഷൻസുമെല്ലാം പ്രകടിപ്പിക്കുന്ന, കാണുന്ന പ്രേക്ഷകന് വെറുപ്പ് എന്ന വികാരത്തിനപ്പുറത്ത് ഇമോഷണൽ കണക്ഷൻ ഉണ്ടാവുന്ന തരത്തിലാണ് ഷിബുവിന്റെ കഥാപാത്ര സൃഷ്ടി.

ഗുരു സോമസുന്ദരം സിനിമയിൽ എത്തിയിട്ട് പത്ത് വർഷമായിട്ടുള്ളു. തമിഴ്‌നാട്ടിലെ പ്രശസ്തമായ നാടകസംഘമായ കൂത്തുപ്പട്ടറൈയുടെ ഭാഗമായിട്ടായിരുന്നു ഗുരു സോമസുന്ദരത്തിന്റെ കലാജീവിതം ആരംഭിക്കുന്നത്. 2002 മുതൽ 2011 വരെ ഈ നാടകസംഘത്തിൽ അദ്ദേഹം അംഗമായിരുന്നു. 2003 കൂത്തുപ്പട്ടറൈയുടെ ചന്ദ്രഹരി എന്ന നാടകത്തിലെ ഗുരുവിന്റെ അഭിനയം സംവിധായകൻ ത്യാഗരാജൻ കുമരരാജ കണ്ട് ഇഷ്ടപ്പെടുകയും എന്നെങ്കിലും താൻ സിനിമ സംവിധാനം ചെയ്യുകയാണെങ്കിൽ അതിലൊരു വേഷം നൽകുമെന്നും കുമാരരാജ ഗുരു സോമസുന്ദരത്തിന് വാഗ്ദാനം നൽകി.

പിന്നീട് 2011 ൽ ത്യാഗരാജൻ കുമരരാജ സംവിധാനം ചെയ്ത ആരണ്യ കാണ്ഡം എന്ന സിനിമയിലൂടെ ഗുരു സോമസുന്ദരം സിനിമയിലേക്ക് എത്തുകയായിരുന്നു. ആദ്യ ചിത്രത്തിലെ തന്നെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അദ്ദേഹമെത്തി. തൊട്ടടുത്ത വർഷങ്ങളിൽ തന്നെ അദ്ദേഹം മലയാള സിനിമയിലുമെത്തി. 5 സുന്ദരികൾ എന്ന ആന്തോളജി ചിത്രത്തിലെ ഷൈജു ഖാലിദ് സംവിധാനം ചെയ്ത സേതുലക്ഷ്മി എന്ന ചിത്രത്തിലെ ഫോട്ടോഗ്രാഫറായിട്ടുള്ള ഗുരു സോമസുന്ദരത്തിന്റെ വേഷം അന്ന് തന്നെ ചർച്ചയായിരുന്നു. 2016 ൽ രാജു മുരുകൻ സംവിധാനം ചെയ്ത ജോക്കർ എന്ന ചിത്രത്തിലൂടെയാണ് ഗുരു സോമസുന്ദരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

ചിത്രത്തിൽ ജയ്‌സൺ എന്ന കഥാപാത്രമായി ടൊവിനോ എത്തിയപ്പോൾ ഷിബു എന്ന കഥാപാത്രമായാണ് ?ഗുരു സോമസുന്ദരം വേഷമിട്ടത്. ജെയ്സണും ഷിബുവും തമ്മിൽ നല്ലൊരു കെമിസ്ട്രി ആവശ്യമായിരുന്നെന്നും ?ഗുരു സോമസുന്ദരവുമായുള്ള ബന്ധമാണ് ചിത്രത്തിൽ നിന്നും ഏറ്റവും ഓർത്ത് വെക്കുന്ന ഒന്നെന്നും ടൊവിനോ പറയുന്നു.

'വ്യക്തമായ ചില കാരണങ്ങളാൽ ഈ ചിത്രങ്ങൾ പങ്കുവയ്ക്കാൻ എനിക്ക് ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നു. പക്ഷേ ഇതാ ഞാൻ കണ്ടുമുട്ടിയ ഏറ്റവും സ്വീറ്റസ്റ്റ് ആയ വ്യക്തികളിൽ ഒരാൾ. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചുറ്റുമുള്ള എല്ലാത്തിനെയും കുറിച്ചും അനന്തമായ സംഭാഷണങ്ങൾ ഞാൻ അദ്ദേഹവുമായി നടത്തിയിട്ടുണ്ട്. ജെയ്സണും ഷിബുവുമായി അഭിനയിക്കാൻ ഞങ്ങൾ തമ്മിൽ നല്ല ബന്ധവും കെമിസ്ട്രിയും ഉണ്ടായിരിക്കേണ്ടത് പ്രധാനമായിരുന്നു, അദ്ദേഹവുമായുള്ള എന്റെ ബന്ധമാണ് മിന്നൽ മുരളിയിൽ നിന്ന് ഞാൻ ജീവിതത്തിലേക്ക് കൂട്ടിയ ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്ന്. മാർഗദർശിയായും എന്റെ ഗുരുവായും ഞാൻ കാണുന്ന ഒരു സുഹൃത്തിനെ കണ്ടെത്താനായതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഗുരു സോമസുന്ദരം സർ, ചരിത്രം സൃഷ്ടിക്കുന്നതിൽ ഞങ്ങളോടൊപ്പം കൈകോർത്തതിന് നന്ദി...' ടൊവിനോ കുറിച്ചു.