ടൊവിനൊ തോമസ് നായകനായ ചിത്രം 'മിന്നൽ മുരളി'യുടെ ആവേശത്തിലാണ് പ്രേക്ഷകർ. പ്രേക്ഷകർ മാത്രമല്ല മലയാള സിനിമാ പ്രവർത്തകരും 'മിന്നൽ മുരളി'യെ അഭിനന്ദിച്ച് രംഗത്ത് എത്തുന്നു. മിന്നൽ മുരളി എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ടൊവിനൊയും ഷെയർ ചെയ്യുന്നു. ഇപോഴിതാ സുരാജ് വെഞ്ഞാറമൂടിന്റെ ഫോട്ടോയാണ് മിന്നൽ മുരളിയുമായി ബന്ധപ്പെട്ട് ചർച്ചയാകുന്നത്.

'മിന്നൽ മുരളി' എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന് സൂചിപ്പിച്ച് ഒരു ഫോട്ടോ ടൊവിനൊ തോമസ് പങ്കുവെച്ചിരുന്നു. പറക്കുന്നതുപോലെ തോന്നിപ്പിക്കുന്ന തരത്തിലുള്ള ഒരു ഫോട്ടോയായിരുന്നു അത്. വർക്കൗട്ട് ചെയ്യുമ്പോഴുള്ള ഒരു ഫോട്ടോയാണ് ടൊവിനൊ തോമസ് പങ്കുവെച്ചത്. ഇപോഴിതാ ചലഞ്ച് സ്വീകരിച്ചു എന്ന് വ്യക്തമാക്കിയാണ് സുരാജ് വെഞ്ഞാറമൂട് ടൊവിനെ അനുകരിച്ച് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

അടുത്തിടെ പ്രദർശനത്തിന് എത്തിയ ചിത്രങ്ങളിൽ ഏറ്റവും മികച്ച പ്രതികരണമാണ് 'മിന്നൽ മുരളി'ക്ക് ലഭിക്കുന്നത്. മലയാളത്തിൽ ആദ്യമായി സൂപ്പർഹീറോ ചിത്രം വിശ്വസനീയമായി അവതരപ്പിച്ചുവെന്നാണ് അഭിപ്രായങ്ങൾ. താരങ്ങളും സംവിധായകരുമടക്കം ഉള്ളവർ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുന്നു. പാളിച്ചകളില്ലാതെ 'മിന്നൽ മുരളി'യിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിച്ചുവെന്നാണ് എല്ലാവരുടെയും അഭിപ്രായം.

ബേസിൽ ജോസഫിന്റെ സംവിധാനത്തിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. മിന്നൽ മുരളിക്ക് രണ്ടാം ഭാഗം വരുമെന്ന് നേരത്തെ തന്നെ ബേസിൽ ജോസഫ് വ്യക്തമാക്കിയിരുന്നു. എന്തായായിരിക്കും കഥ എന്നതടക്കമുള്ള കാര്യങ്ങൾ ബേസിൽ ജോസഫ് വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും മലയാള സൂപ്പർഹീറോ ചിത്രത്തെ എല്ലാവരും ഏറ്റെടുത്തുവെന്നാണ് വ്യക്തമാകുന്നത്.