- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിന്നൽ മുരളി എന്ന് ഒട്ടിച്ച കാറിൽ എത്തി വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി; മധ്യവയസ്‌കനെ കെട്ടിയിട്ട് മർദ്ദിച്ച ശേഷം ബസ് സ്റ്റാന്റിൽ ഉപേക്ഷിച്ച് കടന്നു; സ്റ്റേഷനിൽ വിളിച്ച് പരാതി പറയാൻ 100 രൂപയും കീശയിൽ തിരുകി; കണ്ണൂരിൽ ഒരാൾ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിൽ മിന്നൽ മുരളി മോഡലിൽ ക്വട്ടേഷൻ സംഘം മധ്യവയസ്‌കനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയി കെട്ടിയിട്ടു മർദ്ദിച്ച് അവശനാക്കിയതിനു ശേഷം വഴിയിൽ ഉപേക്ഷിച്ചതായി പരാതി. ഗുരുതരമായി പരുക്കേറ്റ കണ്ണൂർ ചാലാട് സ്വദേശി ശ്രീരഞ്ജൻ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് ഉച്ചയക്ക് 12 മണിക്കാണ് കേസിനാസ്പദമായ സംഭവം.
ചാലാട്ടെ വീട്ടിൽ നിൽക്കുകയായിരുന്ന ശ്രീരഞ്ജനെ മിന്നൽ മുരളിയെന്ന് പുറകിലൊട്ടിച്ച ആൾക്കോ കാറിലെത്തിയ മൂന്നംഗ സംഘം പിടിച്ചിറക്കി തട്ടിക്കൊണ്ടു പോവുകയും ഒരു വീട്ടിൽ കൊണ്ടുപോയി കെട്ടിയിട്ടുമർദ്ദിക്കുകയുമായിരുന്നു. കടുത്ത മർദ്ദനത്തിൽ ശ്രീഞ്ജന്റെ താടിയെല്ല് തകർന്നിട്ടുണ്ട്. ദേഹമാസകലം മർദ്ദനത്തിൽ പരുക്കേറ്റ ഇയാളെ ബസ്സ്റ്റാൻഡിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.
പൊലീസ് സ്റ്റേഷനിൽ പോയി പരാതി പറയാൻ നൂറുൂരൂപ കീശയിൽ തിരുകി നൽകിയതിനു ശേഷമാണ് സംഘം സ്ഥലംവിട്ടത്. ശ്രീരഞ്ജൻ ഫോണിൽ വിളിച്ചതിനു ശേഷമെത്തിയ ബന്ധുക്കളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ ശ്രീരഞ്ജന്റെ മരുമകളുടെ ഭർത്താവ് അഴീക്കോട് ആറാം കോട്ടം നാലുമുക്ക് കക്കിരിഹൗസിൽ പി.വി രഞ്ചിത്ത് കുമാറിനെ പൊലിസ് അറസ്റ്റു ചെയ്തു.
മരുമകളുമായി വിവാഹമോചന കേസ് നടത്തിവരികയായിരുന്ന രഞ്ചിത്ത് കുമാർ ആറാംകോട്ടത്തെ തന്റെ മരമില്ലിനു മുകളിൽ മറ്റൊരു സ്ത്രീയുമായി താമസിക്കുന്നത് ചോദ്യം ചെയ്തതിന് ശ്രീരഞ്ജിന് ഇയാളിൽ നിന്നും ഭീഷണിയുണ്ടായിരുന്നു. ശ്രീരഞ്ജിനെ മാത്രമല്ല ഇയാളുടെ രണ്ടു പെൺമക്കളെയും അപായപ്പെടുത്തുമെന്ന് രഞ്ചിത്ത് കുമാർ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഇതിനെ തുടർന്നാണ് അക്രമമുണ്ടായതെന്ന് ശ്രീരഞ്ജിന്റെ ഭാര്യയുംകണ്ണൂർ സിവിൽ സ്റ്റേഷനിലെ പോസ്റ്റുമാസ്റ്ററുമായ ജ്യോതി നൽകിയ പരാതിയിൽ പറയുന്നു.
രഞ്ചിത്ത് കുമാറിന്റെ വീട്ടിലെത്തിച്ചാണ് ഭാര്യയുടെ അമ്മാവനായ ശ്രീരഞ്ജിനെ തല്ലിച്ചതെന്നാണ് പരാതി. കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയാണ് കുറ്റാരോപിതനായ രഞ്ചിത്ത് കുമാറിനെ അറസ്റ്റു ചെയ്തത്. കേസിലെ മറ്റു പ്രതികൾക്കായി പൊലിസ് അന്വേഷണം നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്