മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ എന്ന വിശേഷണത്തോടെയാണ് എത്തിയതെങ്കിലും ഇപ്പോൾ ഇന്ത്യക്കാരുടെ മൊത്തം സൂപ്പർഹീറോ ആയിരിക്കുകയാണ് മിന്നൽ മുരളി. നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്തതിന് പിന്നാലെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.ആഗോള സിനിമയിൽ 'മിന്നൽ മുരളി' നാലാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. പതിനൊന്ന് രാജ്യങ്ങളിലെ ആദ്യ പത്ത് സ്ഥാനങ്ങളിലും മിന്നൽ മുരളി ഇടംപിടിച്ചിട്ടുണ്ട്.

ഇന്ത്യ, ഒമാൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിൽ മിന്നൽ മുരളിക്ക് നെറ്റ്ഫ്ലിക്സിൽ മാത്രമാണ് സ്ട്രീമിങ്. ക്രിസ്മസിന് മുന്നോടിയായി ഡിസംബർ 24നായിരുന്നു ചിത്രത്തിന്റെ റിലീസ്. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലാണ് മിന്നൽ മുരളി റിലീസ് ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് ലഭിച്ച സ്വീകാര്യത മുൻകൂട്ടികണ്ട് വിദേശ ഭാഷകളിൽ ഡബ് ചെയ്തും സബ് ടൈറ്റിൽ ഉപയോഗിച്ചും പ്രദർശിപ്പിക്കുന്നുണ്ട്.

എന്നാൽ ചിത്രത്തിന്റെ റീമേക്ക് ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ ബേസിൽ. മറ്റു സൂപ്പർഹീറോസിനെപ്പോലെ ഒറ്റ മിന്നൽ മുരളി മാത്രം മതി എന്നാണ് സംവിധായകന്റെ നിലപാട്.മിന്നൽ മുരളി റീമേക്ക് ചെയ്യാൻ താൽപര്യമറിയിച്ച് ഏതാനും ബോളിവുഡ് സംവിധായകർ ബേസിൽ ജോസഫിനെ സമീപിച്ചിരുന്നു. എന്നാൽ മിന്നൽ മുരളി കേരളത്തിന്റെ സൂപ്പർ ഹീറോയാണെന്നും റീമേക്ക് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ബേസിൽ മറുപടി നൽകിയത്.

'മിന്നൽ മുരളി കേരളത്തിലുള്ള ഒരു ഗ്രാമത്തിന്റെ സൂപ്പർ ഹീറോയാണ്. ആ വ്യക്തിത്വം പലതായി പോവാൻ ആഗ്രഹിക്കുന്നില്ല. ചർച്ചകൾ നടക്കുന്നുണ്ട്. പക്ഷേ അതുമായി മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ല. ഈ സിനിമക്ക് ഒരു റീമേക്ക് ഉണ്ടാക്കാൻ എനിക്കാഗ്രഹമില്ല. ഇത് യഥാർഥ സിനിമയായി തന്നെ ഇരുന്നോട്ടെ. പല നാടുകലിൽ നിന്നുള്ള സ്‌പൈഡർമാനെ കണ്ടിട്ടില്ലല്ലോ, ഇവിടെ ഒരു സ്‌പൈഡർമാനും ഒരു ക്രിഷുമേയുള്ളൂ. മിന്നൽ മുരളീം ഒന്ന് മതി,' ബേസിൽ വ്യക്തമാക്കി.

മിന്നൽ മുരളി സൂപ്പർ ഹിറ്റായതോടെ സിനിമയുടെ രണ്ടാം ഭാഗം ഉടൻ പ്രതീക്ഷിക്കാമെന്ന് നിർമ്മാതാവ് സോഫിയ പോൾ വ്യക്തമാക്കി. രണ്ടാം ഭാഗം ത്രീഡിയായി പുറത്തിറക്കാനാണ് ഉദേശിക്കുന്നതെന്നും അവർ വ്യക്തമാക്കി. അടുത്ത മാസം തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവും. കുറച്ചുകൂടി വലിയ ചിത്രമായിരിക്കുമത്. തമിഴ് താരം ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു ചിത്രത്തിലുണ്ടാവുമോ എന്ന് ഇപ്പോൾ പറയാനാവില്ല. പക്ഷേ, ബേസിൽ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം കാര്യങ്ങൾ തീരുമാനിക്കുമെന്നും സോഫിയ പോൾ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

ഇതിനെ പിന്നാലെ രണ്ടാം ഭാഗത്തെക്കുറിച്ച് സൂചന നൽകിയിരിക്കുകയാണ് സംവിധായകനും. ചിത്രത്തിന് ഒരു തുടർച്ചയുണ്ടാകണമെന്നും ചില കഥകൾ മനസിലുണ്ടെന്നുമാണ് ബേസിൽ പറഞ്ഞത്. ചില കഥകൾ മനസ്സിലുണ്ട്. ഒറിജിനൽ സ്റ്റോറിയുടെ നിലവാരവുമായി പൊരുത്തപ്പെടുന്നത് ബുദ്ധിമുട്ടാണ്, കാരണം ഒറിജിനൽ സൃഷ്ടിക്കാൻ എളുപ്പമാണ്. ഇവ ചില തന്ത്രങ്ങളിലൂടെയേ പ്രേക്ഷകരെ ആ കഥാപാത്രവുമായി ബന്ധിപ്പിക്കാനാവൂ- ബേസിൽ കൂട്ടിച്ചേർത്തൂ.

ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് മിന്നൽ മുരളി എത്തിയത്. ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. 20 ദിവസങ്ങൾ കൊണ്ടാണ് ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ചത്. സമീർ താഹിർ ആണ് ഛായാഗ്രഹണം. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് വൽഡ് റിംബർഗാണ്. വിഎഫ്എക്സ് സൂപ്പർവൈസർ ആൻഡ്രൂ ഡിക്രൂസ് ആണ്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.