- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മാനദണ്ഡം ലംഘിച്ച് സിനിമ ചിത്രീകരിച്ച സംഭവം: 'മിന്നൽ മുരളി' സിനിമാ പ്രവർത്തകർക്കെതിരെ കേസ്; തൊടുപുഴ പൊലീസ് കേസെടുത്തത് കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ; തുടർപ്രതിസന്ധികളിൽ വലഞ്ഞ് മിന്നൽ മുരളി
തൊടുപുഴ: കോവിഡ് ഡി കാറ്റഗറിയിൽ ഉൾപ്പെട്ട കുമാരമംഗലം പഞ്ചായത്തിൽ ചിത്രീകരണം നടത്തിയ സംഭവത്തിൽ മിന്നൽ മുരളിയുടെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുത്ത് തൊടുപുഴ പൊലീസ്്. കോവിഡ് മാനദണ്ഡം പാലിക്കാത്തതിന് പ്രൊഡക്ഷൻ കൺട്രോളർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 50 പേരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നതെന്ന് തൊടുപുഴ സിഐ പറഞ്ഞു.
ബുധനാഴ്ച സർക്കാർ പുറത്തിറക്കിയ പട്ടികയിൽ കുമാരമംഗലം പഞ്ചായത്ത് കോവിഡ് ഡി കാറ്റഗറിയിൽ ഉൾപ്പെട്ടു. ശനിയാഴ്ച ഇവിടെ ഷൂട്ടിങ് നടക്കുന്നത് കണ്ട് നാട്ടുകാരാണ് തടഞ്ഞത്. അനുമതി ഉണ്ടെന്ന് അണിയറ പ്രവർത്തകർ പറഞ്ഞെങ്കിലും നാട്ടുകാർ പ്രതിഷേധം തുടർന്നു. തൊടുപുഴ സിഐയുടെ സംഘമെത്തിയാണ് ചിത്രീകരണം അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ അടച്ചിട്ട ഹാളിൽ ഷൂട്ടിങ് ആരംഭിച്ചതോടെ വിവരമറിഞ്ഞ് പ്രദേശവാസികൾ ചിലരെത്തിയിരുന്നു.ചത്രീകരണം കാണണമെന്നതായിരുന്നു ഇവരുടെ ആവശ്യം.എന്നാൽ കോവിഡ് നിയന്ത്രണമുള്ളതിനാൽ ഇത് സാധ്യമല്ലന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയതോടെ ഇവർ രോക്ഷാകൂലരായി.കോവിഡ് നിയന്ത്രണങ്ങൾ ഉള്ളപ്പോൾ ഷൂട്ടിങ് കാണാൻ തങ്ങൾക്കും അവകാശമുണ്ടെന്നായി കാഴ്ചക്കാരുടെ വാദം.വാക്കുതർക്കം അടിയുടെ വക്കിൽ വരെയെത്തി.ഇതിനിടയിൽ ഇവരിലാരോ വിവരം പൊലീസിലും അറിയിച്ചു. നിമിഷങ്ങൾക്കുള്ളിൽ പൊലീസ് സ്ഥലത്തെത്തുകയും പ്രദേശം ഡി കാറ്റഗറിയിൽപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ഷൂട്ടിങ് നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
ടോവിനോ അടക്കമുള്ള അഭിനേതാക്കൾ ഷൂട്ടിംഗിനെത്തുമെന്ന ധാരണയിലാണ് കാണികൾ എത്തിയതെന്നാണ് സൂചന.എന്നാൽ സാങ്കേതിക പ്രവർത്തകരടക്കം 50-ളം പേരടങ്ങുന്ന സംഘമാണ് ചിത്രീകരണത്തിനായി ഇന്നലെ തൊടുപുഴയിൽ എത്തിയത്.പൊലീസ് സ്റ്റേഷന്റെ സെറ്റിട്ട നിലയിലായിരുന്നു ലൊക്കേഷൻ.എന്നാൽ, സിനിമയ്ക്കായി ഏതാനും ദിവസം മുമ്പ് വലിയ സെറ്റ് ഒരുക്കിയിരുന്നെന്നും അപ്രതീക്ഷിതമായി പഞ്ചായത്ത് ഡി കാറ്റഗറിയിൽ ഉൾപ്പെട്ടതാണെന്നും അണിയറ പ്രവർത്തകർ പറയുന്നു.ഷൂട്ടിങ് തുടങ്ങുന്നവിവരം ചിത്രത്തിന്റെ അണിയറപ്രവർത്തകർ സിനിമ സംഘടനകളെ അറിയിക്കുകയും ചെയ്തിരുന്നു.
സംഘത്തിലുള്ളവരെല്ലാം രണ്ട് ഡോസ് വാക്സിനെടുത്തവരും ആർ റ്റി പി സി ആർ ടെസ്റ്റിന്റെ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം സൂക്ഷിച്ചിരുന്നവരാണെന്നുമാണ് അറിയുന്നത്.2019 മുതൽ തുടങ്ങിയ ചിത്രീകരണം ഏകദേശം പൂർത്തിയായിരുന്നു. എന്നാൽ ഏതാനും സീനുകൾ വീണ്ടും ചിത്രീകരിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് കുമാരമംഗലത്തെത്തിയത്. ഇൻഡോർ ഷൂട്ടിങ് മാത്രമാണ് നടന്നതെന്നും ഇവർ പറഞ്ഞു.
പുറമെയുള്ളവരുമായി യാതൊരുവിധ സംബർക്കവുമില്ലാതെ ചിത്രീകരണം നടത്തുന്നതിനുള്ള സംവിധാനങ്ങൾ സിനിമ സംഘം ഒരുക്കിയിരുന്നെന്നും സിനിമ ചിത്രീകരണം നിർത്തിവയ്ക്കുന്നതിലേയ്ക്ക് കാര്യങ്ങൾ എത്തച്ചത് ചിലരുടെ ദുഷ്ടലാക്കാണെന്നുമാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.
ഇത്തരം സംഭവങ്ങൾ മൂലം സിനിമക്കാർ പയ്യെ തൊടുപുഴയെ ഉപേക്ഷിക്കാൻ തുടങ്ങുമെന്നും ഇത് ഭാവിയിൽ സിനിമപ്രവർത്തകർ തൊടുപുഴയെ അവഗണിക്കുന്നതിന് കാരണമാവുമെന്ന ആശങ്കയും ഇവർ സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവയ്ക്കുന്നുണ്ട്.ചിത്രീകരണം ആരംഭിച്ചത് മുതൽ പലവിധ പ്രതിസന്ധികളിലുടെയാണ് ചിത്രം മുന്നോട്ട് പോയത്.നേരത്തെ ചിത്രത്തിനായി തയ്യാറാക്കിയ പടുകൂറ്റൻ സെറ്റ് സാമൂഹ്യവിരുദ്ധർ തകർത്തതിന്റെ പേരിലും ചിത്രം ശ്രദ്ധനേടിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ