തിരുവനന്തപുരം: കേരളത്തിലെ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് സിനിമകൾ തെരഞ്ഞെടുക്കപ്പെടുന്നതിൽ എന്തെങ്കിലും അഴിമതിയുണ്ടോ? ചോദ്യം ചർച്ചയാക്കുന്നത് അനിൽ തോമസ് എന്ന സംവിധായകനാണ്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ സംവിധായകനാണ് അനിൽ തോമസ്. സുരഭിയെന്ന നടിക്ക് ദേശീയ പുരസ്‌കാരം നൽകിയ സിനിമ. 14കൊല്ലത്തിന് ശേഷം മലയാളത്തിലേക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് എത്തിച്ച ചിത്രം ദേശീയ തലത്തിൽ ചർച്ചയായി. എന്നിട്ടും കേരളത്തിലെ ചലച്ചിത്ര മേളയിൽ പടിക്ക് പുറത്താണ് മിന്നാമിനുങ്ങ്. വമ്പൻ സാമ്പത്തിക ഇടപാടുകൾ ഇതിന് പിന്നിലുണ്ടെന്ന് അനിൽ തോമസ് പറയുന്നു. മറ്റ് ചില സംശയങ്ങളും സംവിധായകനുണ്ട്. എന്നാൽ അതൊന്നും ആരോപണമായി ഉയർത്തുന്നില്ല.

മാതൃസ്നേഹത്തിന്റെ ഊഷ്മളമായ മുഹൂർത്തങ്ങൾ ഏറെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന ചിത്രമാണ് മിന്നാമിനുങ്ങ്. സുരഭി എന്ന നടിയുടെ അഭിനയജീവിതത്തിന് പുതിയൊരു മാനദണ്ഡം കൈവരുന്ന ചിത്രം കൂടിയാണിത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്നവരുടെ കഥയാണ് ഒറ്റനോട്ടത്തിൽ മിന്നാമിനുങ്ങ്. എന്നാൽ അതിജീവനത്തിന്റേതായ ഒരു തലം കൂടി സംവിധായകൻ അനിൽ തോമസും തിരക്കഥാകൃത്ത് മനോജ് രാംസിങ്ങും എഴുതിച്ചേർത്തിട്ടുണ്ട്. ഇത് പരക്കെ അംഗീകരിക്കപ്പെട്ടതുമാണ്. ഈ സാഹചര്യത്തിലാണ് മിന്നാമിനുങ്ങിനെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നിന്ന് ഒഴിവാക്കിയത് ചർച്ചയാകുന്നത്.

ദിലീപ് ജയിലിലായപ്പോൾ ആദ്യം പിന്തുണയുമായി എത്തിയ സംവിധായകനാണ് അനിൽ തോമസ്. ഇപ്പോഴും തന്റെ നിലപാട് മാറ്റേണ്ട സമയമായെന്ന് അനിൽ തോമസ് കരുതുന്നില്ല. ഇതിനിടെയാണ് വിമൻ ഇൻ സിനിമാ കളക്ടീവിലെ പ്രധാന നേതാവായ ബീനാ പോളിന്റെ നേതൃത്വത്തിലുള്ള ചലച്ചിത്ര അക്കാദമിയിൽ നിന്ന് അനിൽ തോമസിന്റെ ചിത്രം ഒഴിവാക്കപ്പെട്ടത്. 2003ൽ ആദ്യ ചിത്രവുമായെത്തിയപ്പോഴും ഇതേ അനുഭവം അനിൽതോമസിനുണ്ടായി. അന്ന് ബീനാപോളും ഭർത്താവ് വേണുവും പങ്കാളിയായ മാർഗ്ഗമെന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ഒഴിവാക്കൽ. അന്ന് സഫലത്തിന് സംഭവിച്ചത് മിന്നാമിനുങ്ങിനുണ്ടാകില്ലെന്ന് ഈ സംവിധായകൻ ഉറച്ചു വിശ്വസിച്ചു. പ്രേക്ഷകരും നിരൂപകരും ഒരുപോലെ മിന്നാമിനുങ്ങിനെ അംഗീകരിച്ചതായിരുന്നു ഇതിന് കാരണം. പക്ഷേ അതും വെറുതെയായി. ഇതുകൊണ്ടാണ് തുറന്നു പറച്ചിലുമായി സംവിധായകൻ പരസ്യ പ്രതികരണത്തിന് എത്തുന്നത്.

എവിടെ നിന്നോ കെട്ടിയിറക്കുന്ന സിനിമകൾക്ക് വേണ്ടി കേരളത്തിലെ ചലച്ചിത്ര മേളയിൽ കാര്യങ്ങൾ നിശ്ചയിക്കപ്പെടുന്നു. പല രാജ്യത്തു നിന്നു ക്യൂറോറ്റർമാർ ഇവിടെ എത്തുന്നു. എല്ലാ സംവിധാനവും അക്കാദമി ഒരുക്കുന്നു. അവർക്ക് മുന്നിലേക്ക് അവതരിപ്പിക്കപ്പെടുന്നത് നമ്മുടെ നാട്ടിലെ മികച്ച ചലച്ചിത്രങ്ങളൊന്നുമല്ല. അത് വീണ്ടും വ്യക്തമാക്കുന്നതാണ് ഇത്തവരണത്തേയും തെരഞ്ഞെടുപ്പ്. പലപ്പോഴും കോടതികളുടെ ഇടപെടൽ വേണ്ടി വരുന്നു. സിനിമകൾ പ്രദർശിപ്പിക്കാൻ ഇത്തരമൊരു ഇടപെടൽ വേണ്ടി വരുന്നത് എന്തിനാണെന്ന് ഏവരും ചിന്തിക്കണം. എന്തോ അരുതാത്തത് നടക്കുന്നുണ്ടെന്നാണ് അനിൽതോമസ് മറുനാടനോട് വിശദീകരിക്കുന്നത്. പല സംശയങ്ങളുമുണ്ട്. എന്നാൽ അതിനെ കുറിച്ചൊന്നും ഇപ്പോൾ പ്രതികരിക്കാൻ സമയമായില്ലെന്നും സംവിധായകൻ പറയുന്നു.

മിന്നാമിനുങ്ങിൽ സുരഭി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേരു പറയുന്നില്ല. മകൾക്കു വേണ്ടി ജീവിക്കുന്ന ഒരമ്മ. മകൾ ചീരു. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റെബേക്കാ തോമസാണ്. തിരുവനന്തപുരം നഗരത്തിനു വെളിയിൽ താമസിക്കുന്ന കുടുംബമാണ് ഈ അമ്മയുടെയും മകളുടെയും. രാവിലെ നഗരത്തിലെത്തി പല ജോലികളും ചെയ്ത് വൈകുന്നേരത്തോടെ വീട്ടിലേക്ക് മടങ്ങുന്നു ഈ അമ്മ. വീട്ടുജോലികൾ ഉൾപ്പെടെ എല്ലാവിധ ജോലികളും ചെയ്തുപോരുന്നു. മകളെ നന്നായി പഠിപ്പിച്ച് വലിയൊരു നിലയിലെത്തണമെന്നതായിരുന്നു ഇവരുടെ ആഗ്രഹം. അതിനായി എത്ര കഷ്ടപ്പെടാനും അവർക്കു മടിയില്ല. മകൾ ചീരു, ഇപ്പോൾ അവരെക്കൊണ്ട് താങ്ങാവുന്നതിലും അധികം ഭാരം അവരെ ഏൽപ്പിച്ചിരിക്കുന്നു. ചീരുവിന് ഉന്നതമായ പഠനം വേണം. അമ്മ എത്ര കഷ്ടപ്പെട്ടാലും മകളുടെ ഈ ആഗ്രഹം നടത്താൻ കഴിയുമായിരുന്നില്ല. അങ്ങനെയൊരു സാമ്പത്തികഭാരമാണ് ഇതിനു വേണ്ടിവരുന്നത്. മനോജ് റാം സിംഗിന്റേതായിരുന്നു തിരക്കഥ.

ചലച്ചിത്ര അക്കാദമിക്കെതിരെ അനിൽ തോമസ് മാത്രമല്ല പരാതിയുമായി രംഗത്ത് വന്നത്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സെക്സി ദുർഗ എന്ന തന്റെ സിനിമ മേളയിൽ നിന്നും പിൻവലിക്കുന്നതായി പറഞ്ഞു സംവിധായകൻ സനൽകുമാർ ശശിധരൻ ഇന്നലെ തന്നെ രംഗത്തുവന്നിരുന്നു. നിരവധി വിദേശ മേളകളിൽ പുരസ്‌കാരങ്ങൾ നേടിയ ചിത്രം തിരുവനന്തപുരം ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തിൽ നിന്നും ഒഴിവാക്കപ്പെട്ടതിനെതിരേയാണ് സനൽകുമാറിന്റെ പ്രതിഷേധം. ഇതിനു പിന്നാലെ സംവിധായകൻ ഡോ.ബിജുവും ചലച്ചിത്ര അക്കാദമിക്കും ചിത്രങ്ങൾ തെരഞ്ഞെടുത്ത ജൂറിക്കും എതിരേ വിയോജനക്കുറിപ്പുമായി എത്തി. ചലച്ചിത്രമേളകളുടെ ഉദ്ദേശ ലക്ഷ്യങ്ങൾ എന്താണെന്ന് ഇതുവരെ തിരിച്ചറിയാത്തവരാണ് ചലച്ചിത്ര അക്കാദമിയെന്ന് ബിജു കുറ്റപ്പെടുത്തുന്നു. ഇത്തവണ ഐ എ് എഫ് കെ യിലേക്ക് കൂടുതൽ കച്ചവട ചിത്രങ്ങൾ തെരഞ്ഞെടുത്തൂവെന്ന വിമർശനവും ബിജു ഉയർത്തുന്നു.

റിലീസ് ചെയ്യപ്പെട്ട കച്ചവട സിനിമകൾ പ്രദർശിപ്പിക്കുന്നത് ഒരിക്കലും ഒരു ചലച്ചിത്ര മേളയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ പെടുകയില്ല എന്നത് ഇനി എന്നാണാവോ ചലച്ചിത്ര അക്കാദമി മനസ്സിലാക്കുന്നത്. മലയാള സിനിമ ഇന്ന് എന്നാൽ ഈ വർഷം മലയാളത്തിൽ ഇറങ്ങിയ സിനിമകളിൽ വിവിധ വിഭാഗങ്ങളുടെ ഒരു ബാലൻസിങ് എന്നല്ല മറിച്ചു മലയാളത്തിൽ നിർമ്മിക്കപ്പെട്ട മികച്ച ചിത്രങ്ങൾ കൂടുതൽ അന്താരാഷ്ട്ര മേളകളിലേക്ക് പോകുന്നതിനായുള്ള സാധ്യതയ്ക്കായുള്ള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് എന്നതാണ്. റിലീസ് ചെയ്ത ചിത്രങ്ങൾ സ്വാഭാവികമായും ലോകത്തെ പ്രധാന മേളകളിൽ പ്രധാന വിഭാഗങ്ങളിൽ തിരഞ്ഞെടുക്കാൻ പരിഗണിക്കില്ല എന്ന അന്താരാഷ്ട്ര മേളകളുടെ നിയമം എങ്കിലും കുറഞ്ഞ പക്ഷം ഈ ജൂറികൾ അറിയേണ്ടേ. അത് അറിയാമെങ്കിൽ ഇതേവരെ പൊതു പ്രദർശനം നടന്നിട്ടില്ലാത്ത മലയാളത്തിലെ പുതിയ പരീക്ഷണാത്മകമായ സ്വതന്ത്ര സിനിമകൾ പ്രദർശിപ്പിക്കാനുള്ള ഇടമാണ് ചലച്ചിത്ര മേള എന്ന പ്രാഥമികമായ ലക്ഷ്യം നിറവേറ്റപ്പെടുമെന്ന് ബിജുവും വിശദീകരിച്ചിരുന്നു.