- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ മൂന്ന് വർഷം മുമ്പ് മരിച്ചതോടെ സ്ഥിരമായി പീഡനം; ചൈൽഡ് വെൽഫയർ കമ്മറ്റി ഓഫീസിന്റ ഫോൺ നമ്പർ കണ്ടെത്തി വിവരം അറിയിച്ചതോടെ നടപടി; മൂന്നാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിൽ പിതാവ് അറസ്റ്റിൽ
മൂന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ക്രൂരമായി പീഡിപ്പിച്ച പിതാവ് മുന്നാറിൽ അറസ്റ്റിൽ. പെൺകുട്ടിയുടെ പരാതിയിലാണ് അച്ഛനെ പൊലീസ് അറസ്റ്റുചെയ്തത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിലാണ് കുട്ടി വിവരം വെളിപ്പെടുത്തിയത്.
മൂന്നാറിലെ കണ്ണദേവൻ എസ്റ്റേറ്റിലാണ് പീഡനം നടന്നത്. മൂന്നുവർഷം മുമ്പ് കുട്ടിയുടെ മാതാവ് മരണപ്പെട്ടതോടെ എസ്റ്റേറ്റ് സ്കുളിൽ പഠിക്കുന്ന കുട്ടിയെ അച്ഛൻ സ്ഥിരമായി പീഡിപ്പിക്കുകയായിരുന്നു.
സ്വന്തം അച്ഛനായതിനാൽ ബന്ധുക്കളോടോ കുട്ടുകാരോടൊ ഭയം കാരണം കുട്ടി പീഡന വിവരം പറഞ്ഞിരുന്നില്ല. ഇതിനിടെ കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ തുറക്കാതെയാവുകയും അച്ഛന്റെ പീഡനം ഏറുകയും ചെയ്തു. ഇതോടെയാണ് കുട്ടി ചൈൽഡ് വെൽഫയർ കമ്മറ്റി ഓഫീസിന്റ ഫോൺ നമ്പർ കണ്ടെത്തി പരാതി നൽകിയത്. തുടർന്ന് ഐജിയുടെ നിർദ്ദേശപ്രകാരം ദേവികുളം എസ് ഐ റ്റി ബി വിബിന്റ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ പരാതി കൃത്യമാണെന്ന് കണ്ടെത്തി. അച്ഛനെ ദേവികുളം പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു.
പാലക്കാട് കറുകപുത്തൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായതിന് പിന്നാലെയാണ് മുന്നാറിൽ നിന്ന് പുതിയ സംഭവം റിപ്പോർട്ടുചെയ്യപ്പെടുന്നത്.
പാലക്കാട് സംഭവത്തിൽ ചാത്തന്നൂർ സ്വദേശി നൗഫൽ, മേഴത്തൂർ സ്വദേശി അഭിലാഷ് എന്നിവരുടെ അറസ്റ്റാണ് ചാലിശ്ശേരി പൊലീസ് രേഖപ്പെടുത്തിയത്. ഇവരെ ഇന്നലെ രാത്രിയോടെ തന്നെ ചാലിശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. അറസ്റ്റിലായ നൗഫലിനെതിരെ പോക്സോ വകുപ്പുകൾ പ്രകാരവും, അഭിലാഷിനെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അർജുനെ ഡിവൈഫ്ഐ സംരക്ഷിക്കുന്നെന്നാരോപിച്ച് പ്രതിഷേധവുമായി മഹിളാ കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരം ബാലാവാകാശ കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി.
മുമ്പൊരിക്കൽ കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തുമ്പോൾ അവിടെ ഒരു കുട്ടിക്ക് ബുദ്ധിമുട്ടുണ്ടായെന്ന് പറഞ്ഞ് ഓടിയെത്തിയ ബാലാവകാശ കമ്മീഷൻ ഈ വിഷയത്തിൽ എന്തുകൊണ്ടാണ് വേണ്ടത്ര ഇടപെടാത്തതെന്നാണ് മഹിളാ കോൺഗ്രസ് ചോദിക്കുന്നത്. വിഷയത്തിൽ ശക്തമായ പ്രതിഷേധങ്ങൾക്കാണ് പ്രതിപക്ഷം ഒരുങ്ങുന്നത്.
മറുനാടന് മലയാളി ബ്യൂറോ