ഹൈദരാബാദ്: ലൈംഗിക പീഡനത്തെ തുടർന്ന് ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അബോർഷനെ തുടർന്ന് മരിച്ചു. പതിനേഴുകാരിയായ പെൺകുട്ടിയാണ് മരിച്ചത്. ഗർഭഛിദ്രത്തെ തുടർന്നുള്ള അണുബാധയിലാണ് പെൺകുട്ടി മരിച്ചത്.

മാനസികരോഗിയായ പെൺകുട്ടിയാണ് മരിച്ചത്. ഈ പെൺകുട്ടി നിരന്തരമായ ലൈംഗിക പീഡനത്തെ തുടർന്നാണ് ഗർഭിണിയായത്. തെലങ്കാനയിലാണ് സംഭവം. ചെന്നകേശവ് എന്ന 24കാരനാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. പെൺകുട്ടിയുടെ മാനസികാസ്വാസ്ഥ്യം മുതലെടുത്ത് ഇയാൾ പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയാണെന്ന് ഏപ്രിലിലാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ അറിഞ്ഞത്. തുടർന്ന് വിഷയത്തിൽ പഞ്ചായത്ത് ഇടപെടുകയും പെൺകുട്ടിയെ ചെന്ന കേശവ് വിവാഹം കഴിക്കുകയോ പെൺകുട്ടി അബോർഷൻ നടത്തുകയോ ചെയ്യണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തു. പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരമാണ് പെൺകുട്ടി അബോർഷന് വിധേയയായത്.

പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരം ചെന്നകേശവും ഇയാളുടെ അമ്മയും ചേർന്നാണ് പെൺകുട്ടിയെ അബോർഷന് കൊണ്ടു പോയത്. ഏപ്രിലിൽ തന്നെ അബോർഷൻ നടത്തി. എന്നാൽ പിന്നീട് ആരോഗ്യനില വഴളാകുകയും അണുബാധയെ തുടർന്ന് പെൺകുട്ടി മരണത്തിന് കീഴടങ്ങുകയുമായിരുന്നു.