മലപ്പുറം: കെ.ടി.ജലീലിന്റെ ബന്ധു നിയമന വിവാദം ഇപ്പോഴും പിന്തുടരുന്നു. ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ ജനറൽ മാനേജർ തസ്തികയിൽ ആരും തുടരുന്നില്ല. മൂന്ന് വർഷത്തിനിടയിൽ നിയമനത്തിനായി വീണ്ടും വിജ്ഞാപനമിറക്കി. നിലവിൽ പഞ്ചായത്ത് സെക്രട്ടറി തസ്തികയിൽ നിന്നും ഡെപ്യൂട്ടേഷനിൽ വന്ന ജോൺ ജോൺ ആണ് ജനറൽ മാനേജർ.

കഴിഞ്ഞ ദിവസമാണ് ചില പത്ര മാധ്യമങ്ങളിൽ ന്യൂനപക്ഷ ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിനായി വിജ്ഞാപന പരസ്യം നൽകിയിട്ടുള്ളത്. കഴിഞ്ഞ പന്ത്രിണ്ടിന് ഇറങ്ങിയ വിജ്ഞാപനത്തിൽ ജൂൺ ഒന്നിന് വൈകീട്ട് അഞ്ച് മണിവരെയാണ് അപേക്ഷിക്കാനുള്ള അവസാന സമയം. ചട്ടപ്രകാരം ആദ്യം ഒരു വർഷത്തേക്കാണ് ഡെപ്യൂട്ടേഷൻ. ഇത് തുടർച്ചയായി അഞ്ച് വർഷം വരെ നീട്ടിക്കൊണ്ടു പോകാം. എന്നാൽ 2018 ന് ശേഷം ആരും ജി.എമ്മിന്റെ കസേരയിൽ ആർക്കും തുടർച്ചയില്ലെന്നതാണ് സ്ഥിതി.

മന്ത്രി കെ.ടി ജലീൽ ബന്ധു കെ.ടി അദീബിനെ നിയമിച്ചത് വിവാദമായതോടെയാണ് ന്യൂനപക്ഷ ധനകാര്യ കോർപറേഷനും ജനറൽ മാനേജർ തസ്തികയും വാർത്തകളിൽ നിറഞ്ഞത്. മന്ത്രിയുടെ സ്വജനപക്ഷാപാതം പുറത്തായതോടെ അദീബ് രാജിവെക്കുകയും ചെയ്തിരുന്നു. ലോകായുക്തവിധിയിൽ പുറത്തുപോകേണ്ടി വരുമെന്ന ഭയത്തിൽ ഭരണകാലവധി തീരുന്നതിന് തൊട്ടു മുമ്പ് കെ.ടി ജലീലിന് രാജിവെച്ചൊഴിയേണ്ട ഗതിയും വന്നു.

ഇതിന് ശേഷം കേരള ഫിനാൻസ് കോർപറേഷനിൽ നിന്നും ഡെപ്യൂട്ടേഷനിൽ എത്തിയ അനീഷ യായിരുന്നു ജി.എം. അന്നത്തെ ചെയർമാനുമായുള്ള പ്രശ്‌നങ്ങളുണ്ടായതിനെ തുടർന്ന് ഒരു വർഷം പൂർത്തിയാക്കിയ ഉടനെ ഇവർ ഡെപ്യൂട്ടേഷൻ മതിയാക്കി സ്വന്തം സ്ഥാപനത്തിലേക്ക് തന്നെ മടങ്ങി. ഇതിന് ശേഷം തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്നും വന്ന ജോൺ ജോൺ രണ്ട് വർഷം പൂർത്തിയാക്കും മുമ്പ് സ്ഥാനമൊഴാനിരിക്കയാണെന്നാണ് വിവരം. ഇതിനെ തുടർന്നാണ് വീണ്ടും നിയമനത്തിന് വിജ്ഞാപന മിറക്കിയത്. നിലവിലെ ജനറൽ മാനേജർ സ്ഥാനം ഒഴിയാനൊരുങ്ങുന്നതും ചെയർമാനും എം.ഡിയുമായുള്ള നീരസമാണ് കാരണമെന്നാണ് വിവരം.

2016 ൽ മന്ത്രിയായിരിക്കെ കെ.എസ്.എം.ഡി.എഫ്.സി ജനറർ മാനേജർ തസ്തികയിലേക്ക് നിയമനത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ കൂട്ടിച്ചേർക്കൽ നടത്തി. ഇതുപ്രകാരം അഭിമുഖവും നടത്തി. ഈ അഭിമുഖത്തിൽ പങ്കെടുക്കാതിരുന്ന അദീബിനെ 2018 ഒക്ടോബറിലാണ് രഹസ്യമായി ജനറൽ മാനേജാരായി നിയമിച്ചത്. കെ.എസ്.എം.ഡി.എഫ്.സി ജി.എം തസ്തികയിലേക്കുള്ള പുതിയ നിയമന വിജ്ഞാപനത്തിലും അദീബിന്റെ യോഗ്യത. കഴിഞ്ഞ പന്ത്രണ്ടിന് പുറത്തിറക്കിയ വിജ്ഞാപനത്തിലും കെ.ടി അദീബിന്റെ യോഗ്യതയായ ബി.ടെക് വിത്ത് പി.ജി.ഡി.ബി.എ ഉണ്ട്. എം.ബി.എ (മാർക്കറ്റിങ് ആൻഡ് ഫിനാൻസ്, എച്ച്.ആർ/സി.എസ്/, സി.എം.എ) മൂന്ന് വർഷത്തെ മേൽനോട്ട മുൻപരിചയവുമാണ് ജനറൽ മാനേജർ നിയമനത്തിനുള്ള യോഗ്യത. ഈ യോഗ്യതക്കൊപ്പം ബി.ടെക് വിത്ത് പി.ജി.ഡി.ബി.എ കൂടി ചേർത്ത് 2016 ൽ യോഗ്യതാ മാനദണ്ഡം തിരുത്തിയാണ് കെ.ടി ജലീൽ ബന്ധു നിയമനം നടത്തിയത്.

സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, കോർപറേഷൻ ജീവനക്കാർക്കുള്ള ഡെപ്യൂട്ടേഷൻ നിയമനത്തിൽ യോഗ്യരായവരെ തഴഞ്ഞായിരന്നു സ്വകാര്യ ബാങ്കിൽ ജോലി ചെയ്തിരുന്ന കെ.ടി അദീബിനെ നിയമനം. ബിടെക്കിനൊപ്പമുള്ള പി.ജി.ഡി.ബി.എക്ക് കേരളത്തിലെ യൂണിവേഴ്‌സിറ്റികളുടെ അംഗീകാരവുമില്ല. മുസ്്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സ്വജനപക്ഷാപാതം പുറത്തുകൊണ്ടുവരികയും കോടതിയെ സമീപിക്കുകയും ചെയ്തു. യോഗ്യതയുണ്ടായിട്ടും തഴയപ്പെട്ട ഉദ്യോഗാർത്ഥിയായിരുന്ന സഹീർ കാലടി പരസ്യമായി രംഗത്ത് വരികയും ചെയ്തതോടെ ദിവസങ്ങൾക്കകം തന്നെ കെ.ടി അദീബ് രാജിവെക്കുകയും കൈപറ്റിയ ആനുകൂല്യങ്ങൾ തിരിച്ചടച്ച് രക്ഷപ്പെടുകയുമായിരുന്നു. ലോകായുക്ത വിധിയും തുടർന്ന് കേരള ഹൈക്കോടതി, സുപ്രിം കോടതി എനിവയിൽ 'നിന്ന് കെ.ടി.ജലീൽ ലിനു രക്ഷ ലഭിച്ചില്ല. തുടർന്ന് കൂടുതൽ ശിക്ഷാ നടപടി ഭയന്ന് കെ.ടി.' ജലീൽ രാജിവെക്കുകയായിരുന്നു.