ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ രാജ്യത്തിനു വെള്ളി മെഡൽ സമ്മാനിച്ച മീരാഭായ് ചാനു തിങ്കളാഴ്ച ഇന്ത്യയിൽ മടങ്ങിയെത്തി. ന്യൂഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചേർന്ന ചാനുവിന് അധികൃതർ ആവേശേജ്വല സ്വീകരണമാണ് നൽകിയത്. വിമാനത്താവളത്തിലിറങ്ങിയ ചാനു കോവിഡ് പരിശോധനക്ക് ശേഷമാണ് പുറത്തിറങ്ങിയത്.

ഭാരത് മാതാ കീ ജയ് വിളികളോടെയാണ് വിമാനത്താവളത്തിൽ സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ അധികൃതരടക്കമുള്ളവർ അവരെ വരവേറ്റത്.

 

വൻ സുരക്ഷാ സന്നാഹമാണ് ചാനുവിന് ഒരുക്കിയത്. തിരികെ എത്തിയതിൽ സന്തോഷമുണ്ടെന്നും സ്നേഹത്തിനും പിന്തുണയ്ക്കും വളരെ നന്ദിയുണ്ടെന്നും പിന്നീട് ചാനു ട്വീറ്റു ചെയ്തു.

 

49 കിലോ വിഭാഗത്തിൽ ഈ മണിപ്പൂരുകാരി ആകെ ഉയർത്തിയത് 202 കിലോ ഭാരമാണ്. 21 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് മെഡൽ കിട്ടുന്നത്. 

അതേസമയം, മീരാബായ് ചാനുവിന് ഇന്ത്യയിലെത്തിയാൽ സർപ്രൈസ് നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങ് ആ സർപ്രൈസ് എന്താണെന്ന് ഇന്ന് പ്രഖ്യാപിച്ചു. മണിപ്പൂർ പൊലീസിസിൽ ചാനുവിനെ എഎസ്‌പി(സ്പോർട്സ്) ആയി നിയമിക്കുമെന്നാണ് മണിപ്പൂർ സർക്കാരിന്റെ വാഗ്ദാനം. നിലവിൽ റെയിൽവെയിൽ ടിക്കറ്റ് കളക്ടറാണ് 26കാരിയായ ചാനു.

ഇന്ത്യയിലെത്തിയാൽ ടിക്കറ്റ് കളക്ടറുടെ ജോലിയിൽ തുടരേണ്ടിവരില്ലെന്നും ചാനുവിന് ഒരു സർപ്രൈസ് കാത്തിരിക്കുന്നുണ്ടെന്നും മെഡൽ നേടിയ ദിവസം ബീരേൻ സിങ് പറഞ്ഞിരുന്നു. നേരത്തെ മണിപ്പൂർ സർക്കാർ ചാനുവിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

പരിശീലനത്തിന്റെ ഭാഗമായി വർഷങ്ങളായി വീട്ടിൽ നിന്ന് വിട്ടു നിൽക്കുന്ന ചാനു ഇന്ത്യയിലെത്തിയാൽ ആദ്യം മണിപ്പൂരിലെ വീട്ടിലേക്ക് പോകുമെന്ന് മെഡൽ നേട്ടത്തിനുശേഷം പ്രതികരിച്ചിരുന്നു.

മീരാബായ് ചാനുവിലൂടെ ഇന്ത്യ സ്വന്തമാക്കിയ വെള്ളിമെഡൽ നേട്ടം സ്വർണമായി മാറാൻ സാധ്യത നിലനിൽക്കെയാണ് താരം രാജ്യത്ത് മടങ്ങിയെത്തിയത്. ചാനു വെള്ളി നേടിയ വിഭാഗത്തിൽ സ്വർണം നേടിയ ചൈനീസ് താരം ഹൗ ഷിഹുയിക്ക് ഉത്തജേക മരുന്നു പരിശോധന നിർദ്ദേശിച്ചതോടെയാണ് ചാനുവിന്റെ വെള്ളി മെഡൽ നേട്ടം സ്വർണ മെഡലാകാനുള്ള സാധ്യത തെളിഞ്ഞത്. ചൈനീസ് താരം ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞാൽ അവർ അയോഗ്യയാകും. ഇതോടെ രണ്ടാം സ്ഥാനത്തായിരുന്ന മീരാബായ് ചാനുവിന്റെ വെള്ളി സ്വർണമാകും.

ഉത്തേജക പരിശോന നടത്തുന്നതിന് ചൈനീസ് താരത്തോട് ടോക്കിയോയിൽ തന്നെ തുടരാൻ ഉത്തേജക വിരുദ്ധ ഏജൻസി നിർദ്ദേശിച്ചതായി വാർത്താ ഏജൻസിയായ എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്. പരിശോധന ഉടൻ നടക്കുമെന്നാണ് വിവരം.

ലോക ഒന്നാം നമ്പർ താരം ചൈനയുടെ ഹൗ ഷിഹുയിയും രണ്ടാം നമ്പർ താരം ചാനുവും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായിരുന്നു ടോക്കിയോ ഇന്റർനാഷനൽ ഫോറം എക്‌സിബിഷൻ സെന്ററിൽ നടന്ന മത്സരം. അവസാനം, 210 കിലോഗ്രാം ഭാരമുയർത്തിയാണ് ചൈനീസ് താരം സ്വർണ മെഡൽ ഉറപ്പിച്ചത്. മീരബായ് ചാനു 202 കിലോഗ്രാം ഉയർത്തി വെള്ളിയും നേടി.

ചാനു ഉൾപ്പെടെ 14 രാജ്യങ്ങളിൽനിന്നുള്ള താരങ്ങളാണു മത്സരത്തിനുണ്ടായിരുന്നത്. എല്ലാവർക്കും 3 വീതം സ്‌നാച്ച്, ക്ലീൻ ആൻഡ് ജെർക്ക് അവസരങ്ങൾ. സ്‌നാച്ചിലെ ആദ്യശ്രമത്തിൽ ചാനു ഉയർത്തിയത് 84 കിലോഗ്രാം. ഇന്തൊനീഷ്യയുടെ ഐസ വിൻഡിക സാന്റികയും അതേ ഭാരമുയർത്തി. എന്നാൽ 88 കിലോഗ്രാം ഉയർത്തി ഷിഹുയി മുന്നിലെത്തി.

2ാം ശ്രമത്തിൽ ചാനു 87 കിലോഗ്രാം ഉയർത്തി. 3ാം ശ്രമത്തിൽ 89 കിലോഗ്രാം ഉയർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഷിഹുയി രണ്ടാം ശ്രമത്തിൽ 92 കിലോഗ്രാമും മൂന്നാം ശ്രമത്തിൽ 94 കിലോഗ്രാം ഭാരവും ഉയർത്തി ഒളിംപിക് റെക്കോർഡും കുറിച്ചു. 84 കിലോഗ്രാം ഉയർത്തിയ ഇന്തൊനീഷ്യൻ താരമായായിരുന്നു ഷിഹുയിക്കും ചാനുവിനും പിന്നിൽ സ്‌നാച്ചിൽ 3ാം സ്ഥാനത്ത്.

ക്ലീൻ ആൻഡ് ജെർക്കിൽ ആദ്യശ്രമത്തിൽ ചാനു ഉയർത്തിയത് 110 കിലോഗ്രാം. എന്നാൽ 109 കിലോഗ്രാം ഉയർത്തിയ ഷിഹുയി സ്‌നാച്ചിലെ ലീഡ് കൈവിട്ടില്ല. അടുത്ത ശ്രമത്തിൽ ചാനു ഉയർത്തിയത് 115 കിലോഗ്രാം ഒളിംപിക് റെക്കോർഡ്. ഷിഹുയി 114 കിലോഗ്രാം. എന്നാൽ, മൂന്നാം ശ്രമത്തിൽ ഷിഹുയി 116 കിലോഗ്രാം ഉയർത്തി റെക്കോർഡ് തിരുത്തി. 117 കിലോഗ്രാം ഉയർത്താനുള്ള മൂന്നാം ശ്രമത്തിൽ പരാജയപ്പെട്ടെങ്കിലും ചാനുവിന്റെ നിരാശ പെട്ടെന്നു മാഞ്ഞു. ആകെ 202 കിലോഗ്രാം ഭാരവുമായി വെള്ളി മെഡൽ. 210 കിലോഗ്രാം ഉയർത്തി ഒളിംപിക് റെക്കോർഡോടെ സ്വർണം നേടിയ ചൈനീസ് താരം ഉത്തേജക മരുന്ന പരിശോധനയിൽ അയോഗ്യയായാൽ ചാനുവിനെ തേടിയെത്തുന്നത് ഒളിംപിക് സ്വർണമാകും. അതു ചരിത്രവുമാകും.

ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിത ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടുന്നത്. പി.വി സിന്ധുവിന് ശേഷം ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടുന്ന ഇന്ത്യൻ വനിതകൂടിയാണ് ചാനു. 2000-ലെ സിഡ്നി ഒളിമ്പിക്സിൽ വെങ്കലം നേടിയ കർണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഭാരോദ്വാഹനത്തിൽ ഒളിമ്പിക് മെഡൽ സ്വന്തമാക്കുന്നത്.