ലോകത്തിലെ ഏറ്റവുംവലിയ ഭാ​ഗ്യവാൻ എന്ന തലക്കെട്ടോടെയാണ് കഴിഞ്ഞ ദിവസം ഒരു സിസിടിവി ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. വീഡിയോ കണ്ടവർ മറ്റുള്ളവർക്ക് കാണാനായി ഫോർവേഡ് ചെയ്തുകൊണ്ടേയിരുന്നു. ചവറ തട്ടാശ്ശേരി വിജയാ പാലസിന് മുന്നിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കാണുന്ന ആരും പറഞ്ഞുപോകും, ആ കാൽനട യാത്രക്കാരനാണ് ലോകത്തിലെ ഏറ്റവും വലിയ ഭാ​ഗ്യവാൻ എന്ന്. അപകടകരമായ രീതിയിൽ പിന്നിൽ നിന്നും പാഞ്ഞുവന്ന വാഹനത്തിന്റെ അടിയിൽ പെടാതെ തലനാരിഴക്ക് രക്ഷപെട്ടയാൾ. വാഹനം പാഞ്ഞുപോയി നിമിഷങ്ങൾ കഴിഞ്ഞാണ് എന്താണ് സംഭവിച്ചത് എന്നുപോലും മനസ്സിലാകുന്നത്. ഇപ്പോൾ ചവറക്കാരും സമൂഹ മാധ്യമങ്ങളും അന്വേഷിക്കുന്നത് ആരാണ് ആ ഭാ​ഗ്യവാനായ മനുഷ്യൻ എന്നാണ്.

സംഭവം ഇങ്ങനെ:

വെള്ളിയാഴ്ച രാവിലെ ആറുമണി കഴിഞ്ഞ് ദേശീയപാതയിൽ വിജയപാലസിനു മുന്നിലൂടെ കൈയിലൊരു സഞ്ചിയും മുഴക്കോൽ എന്നു തോന്നുന്ന ഒരു സ്ക്വയർ ട്യൂബുമായി ശങ്കരമംഗലം ഭാഗത്തേക്ക് ഓരം ചേർന്ന് നടന്നു പോവുകയായിരുന്നു ഒരാൾ. എതിർദിശയിൽ നിന്നും ഒരു വാനും പിന്നാലെ ലോറിയും വരുന്നത് കാണാം. പെട്ടെന്ന് നടന്നുപോകുന്നയാളുടെ പിന്നിൽ നിന്നും ഇയാളെ ഇടിച്ചു തെറിപ്പിച്ചെന്ന് തോന്നും വിധം ഇൻസുലേറ്റഡ് മിനി വാൻ നിയന്ത്രണം വിട്ട് റോഡും കടന്ന് അയാളുടെ ഇടതു വശത്തു കൂടി കടന്നുപോയി.

ഇതൊന്നുമറിയാതെ നടന്നു നീങ്ങിയ യാത്രക്കാരനു മുന്നിലെ ക്യാമറത്തൂണിൽ വാൻ ഇടിക്കുന്നതു കണ്ടപ്പോഴാണ് സ്ഥലകാല ബോധം വന്നത്. അതോ പോയതോ! തിരിഞ്ഞോടിയ ശേഷം നിൽക്കുകയും അൽപ നേരം പ്രാർത്ഥനാ നിരതനായശേഷം അയാൾ വന്നവഴിക്ക് തിരിച്ച് നടക്കുകയും ചെയ്യുന്നത് ദൃശ്യത്തിൽ കാണാം. പൊലീസ് റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ ഇടിച്ചു തെറിപ്പിച്ച് മറിയാതെ അദ്‌ഭുതകരമായി റോഡിൽ കയറി മുന്നോട്ട് പോകുന്നത് വരെയാണ് വിഡിയോ ദൃശ്യം.

കുറച്ചു മുന്നോട്ട് പോയശേഷം നിർത്തിയ വാനിൽ നിന്നു പൊലീസെത്തി രണ്ടു പേരെ പുറത്തിറക്കി സ്റ്റേഷനിലെത്തിച്ചു. സ്ഥിരമായി പാലുമായി പോകുന്നതായിരുന്നു ചങ്ങനാശേരിയിലുള്ള വാൻ. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം. ആളപായമില്ലാത്തതിനാലും ക്യാമറ പുനഃസ്ഥാപിച്ചു നൽകാമെന്ന് സമ്മതിച്ചതിനാലും കേസെടുക്കാതെ വിട്ടയച്ചതായി ചവറ പൊലീസ് പറഞ്ഞു.