ന്യൂഡൽഹി: അനധികൃതമായി കോടി കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പേരിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൾ മിസ ഭാരതിക്കും ഭർത്താവിനുമെതിരേ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ഡൽഹി കോടതിയിൽ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിൽ മിസയുടെ ഭർത്താവ് ഷൈലേഷ് കുമാർ മഗറ്റ നിരവധി പേരെയും പ്രതിചേർത്തിട്ടുണ്ട്.

പ്രത്യേക കോടതി ജഡ്ജി എൻ.കെ മൽഹോത്രയ്ക്ക് മുമ്ബാകെയാണ് അന്വേഷണ സംഘം അഭിഭാഷകൻ നിതേഷ് റാണ മുഖേന കുറ്റപത്രം സമർപ്പിച്ചത്.കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് മിസയുടെയും ഭർത്താവ് സായ്ലേഷിന്റെയും ഡൽഹിയിലെ ഫാം ഹൗസ് കണ്ടുകെട്ടിയിരുന്നു.

മിസയുടെ ഭർത്താവിന്റെയും ഉടമസ്ഥതയിലുള്ള മിഷേൽ പ്രിന്റേഴ്‌സ് ആൻഡ് പാക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയുടെ പ്രവർത്തനം കള്ളപ്പണം വെളുപ്പിക്കുന്നതിനു വേണ്ടിയാണെന്ന് എൻഫോഴ്‌സ്‌മെന്റ് പറയുന്നു.

അനധികൃതമായി കോടി കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ ജൂലൈയിൽ ഇവരുടെ ഉടമസ്ഥയിലുള്ള വിവിധ സ്ഥാപനങ്ങളിൽ എൻഫോഴ്മെന്റ് പരിശോധന നടത്തിയിരുന്നു. സായിലേഷ് കുമാറിന്റെ സഹോദരങ്ങളായ സുരേന്ദ്ര കുമാർ ജെയ്നിനും വീരേന്ദ്ര ജെയ്നിനുമെതിരേയും അന്വേഷണം നടത്തുകയും തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.