തിരുവനന്തപുരം: അന്തരിച്ച ഡിവൈഎഫ്‌ഐ നേതാവ് പി.ബിജുവിന്റെ പേരിൽ പിരിച്ച ഫണ്ടിൽ തിരിമറി എന്ന് ആക്ഷേപം. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് എസ് ഷാഹിനെതിരെ മേഖലാ കമ്മിറ്റികൾ സിപിഎം- ഡിവൈഎഫ്ഐ നേതൃത്വങ്ങൾക്കു പരാതി നൽകി.

പി ബിജുവിന്റെ ഓർമയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് 'റെഡ് കെയർ സെന്ററും' 'ആംബുലൻസ് സർവീസും' തുടങ്ങാൻ സിപിഎം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമായിരുന്നു ഫണ്ട് പിരിവ്. പിരിച്ചെടുത്തതിൽ അഞ്ച് ലക്ഷത്തോളം രൂപ ജില്ലാ കമ്മിറ്റിക്ക് കൈമറിയിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. റെഡ് കെയർ മന്ദിര നിർമ്മാണത്തിനായി എല്ലാ ബ്ലോക്ക് കമ്മിറ്റികൾക്കും ഡിവൈഎഫ്‌ഐ ക്വാട്ട നൽകി. പാളയം ബ്ലോക്ക് കമ്മിറ്റി റെഡ് കെയർ മന്ദിരത്തിന് പുറമേ ആംബുലൻസും വാങ്ങാൻ തീരുമാനിക്കുകയായിരുന്നു.

പതിനൊന്ന് ലക്ഷത്തിലധികം രൂപയാണ് ഇതുമായി ബന്ധപ്പെട്ട് പിരിച്ചെടുത്തത്. ആറു ലക്ഷം രൂപ റെഡ്കെയർ സെന്ററിനായി മാറ്റി വെച്ചു. അന്ന് പാളയം ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ജില്ലാ വൈസ് പ്രസിഡന്റ് എസ് ഷാഹിനാണ് ബാക്കി പണം കൈവശം വെച്ചിരുന്നതെന്നാണ് ആക്ഷേപം. നേതൃത്വം ഇടപെട്ടതോടെ പിന്നീട് പലതവണയായി രണ്ടു ലക്ഷത്തോളം രൂപ കൈമാറിയെന്ന് റിപ്പോർട്ടുണ്ട്. അതേസമയം പണം ബാങ്ക് അക്കൗണ്ടിലുണ്ടെന്നാണ് പാളയം ബ്ലോക്ക് കമ്മിറ്റിയുടെ വിശദീകരണം. ആരോപണവിധേയനായ ഷാഹി ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കൾ സംരക്ഷിക്കുകയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

വിഷയത്തിൽ ഉടൻ കർശന നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.