- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്വന്റി 20 ലോകകപ്പിനുള്ള ടീം പ്രഖ്യാപനത്തിന് പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റിൽ പൊട്ടിത്തെറി; പരിശീലക സ്ഥാനത്ത് നിന്ന് മിസ്ബ ഉൾ ഹഖ് രാജിവച്ചു; ബൗളിങ് പരിശീലകൻ വഖാർ യൂനിസും പടിയിറങ്ങി; ഒരു വർഷം കാലാവധി ശേഷിക്കെ ഇരുവരുടേയും രാജി ടീം പ്രഖ്യാപനത്തിലെ അതൃപ്തി കാരണം

ഇസ്ലാമാബാദ്: ട്വന്റി 20 ലോകകപ്പ് മത്സരത്തിനുള്ള ടീമിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റിൽ പൊട്ടിത്തെറി. മിസ്ബ ഉൾ ഹഖ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് രാജിവച്ചു. അവരുടെ ബൗളിങ് പരിശീലകൻ വഖാർ യൂനിസും പടിയിറങ്ങി. ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതിലുള്ള അതൃപ്തിയാണ് ഇരുവരുടേയും രാജിയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.
2019ലാണ് ഇരുവരും പാക് ടീമിന്റെ ചുമതലയേറ്റെടുക്കുന്നത്. ഒരു വർഷം കൂടി കാലാവധി ശേഷിക്കെയാണ് ഇരുവരും പടിയിറങ്ങുന്നത്. പിസിബിയുടെ നാഷണൽ ഹൈ പെർഫോമൻസ് സെന്ററിൽ ബൗളിങ് പരിശീലകനായ സഖ്ലെയ്ൻ മുഷ്താഖ്, മുൻ ഓൾറൗണ്ടർ അബ്ദുൾ റസാഖ് എന്നിവർ താൽകാലിക ചുമതല ഏറ്റെടുക്കും
ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ ഇരുവർക്കുമായിരിക്കും പരിശീലകരുടെ ചുമതല. അതേസമയം, കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ വേണ്ടിയാണ് പരിശീലക സ്ഥാനം ഒഴിയുന്നതെന്ന് മിസ്ബ വ്യക്തമാക്കി.തങ്ങൾ ആവശ്യപ്പെട്ട താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ പിസിബി തയ്യാറായില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ബാബർ അസം നയിക്കുന്ന 15 അംഗ ടീമിൽ നിന്നും പരിചയ സമ്പന്നരായ ഫഖർ സമാൻ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സർഫറാസ് ഖാൻ എന്നിവരെ ഒഴിവാക്കിയിരുന്നു. ഇരുവർക്കുമൊപ്പം വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരെ കളിച്ച അർഷാദ് ഇഖ്ബാൽ, ഫഹീം അഷ്റഫ്, ഷർജീൽ ഖാൻ, ഉസ്മാൻ ഖാദിർ എന്നിവരേയും ടീമിൽ നിന്ന് ഒഴിവാക്കി. മധ്യനിര ബാറ്റ്സ്മാൻ അസിഫ് അലി, ഖുഷ്ദിൽ ഷാ എന്നിവരെ ടീമിലെ ഉൾപ്പെടുത്തി.
അഞ്ച് ബാറ്റ്സ്മാന്മാർ, രണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാർ, നാല് ഓൾറൗണ്ടർമാർ, നാല് ഫാസ്റ്റ് ബൗളർമാർ എന്ന രീതിയിലാണ് ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ആസിഫ് അലി, ഖുഷ്ദിൽ ഷാ എന്നിവരുടെ സമീപകാലത്തെ പ്രകടനം കണ്ടാൽ മികച്ചതാണെന്ന് തോന്നില്ല. പക്ഷേ അവരുടെ കഴിവ് പലവട്ടം തെളിയിക്കപ്പെട്ടതാണ്. ഇരുവരും ഏറ്റവും മികച്ച മധ്യനിര ബാറ്റ്സ്മാന്മാരാണ്. നിലവിൽ പാക് ടീമിന്റെ മധ്യനിര നേരിടുന്ന പ്രശ്നങ്ങൾക്ക് ഇരുവരുമാണ് ഉചിതമായ ഉത്തരങ്ങളെന്നും മികച്ച പ്രകടനത്തിലൂടെ താരങ്ങൾ അത് അടിവരയിടുമെന്നു പ്രതീക്ഷിക്കുന്നതായും മുഖ്യ സെലക്ടർ മുഹമ്മദ് വാസിം വ്യക്തമാക്കി.
ഈ ടീം തന്നെയാണ് ന്യൂസിലൻഡ്, ഇംഗ്ലണ്ട് എന്നിവർക്കെതിരെ നടക്കുന്ന ടി20 പരമ്പരയിലും കളിക്കുന്നത്. ഒക്ടോബർ 17നാണ് ലോകകപ്പിന് തുടക്കമാകുന്നത്. യുഎഇ, ഒമാൻ എന്നിവിടങ്ങളിലായി അരങ്ങേറുന്ന ടൂർണമെന്റിൽ ഒക്ടോബർ 24ന് ഇന്ത്യയുമായുള്ള ആദ്യ മത്സരത്തോടെയാണ് പാക്കിസ്ഥാന്റെ പോരാട്ടം ആരംഭിക്കുന്നത്.
പാക്കിസ്ഥാൻ ടീം: ബാബർ അസം (ക്യാപ്റ്റൻ), ഷദാബ് ഖാൻ (വൈസ് ക്യാപ്റ്റൻ), ആസിഫ് അലി, അസം ഖാൻ, ഹാരിസ് റൗഫ്, ഹസൻ അലി, ഇമാദ് വസിം, ഖുഷ്ദിൽ ഷാ, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്നൈൻ, മുഹമ്മ് നവാസ്, മുഹമ്മദ് റിസ്വാൻ, മുഹമ്മ് വസിം, ഷഹീൻ അഫ്രീദി, ഷൊഹൈബ് മക്സൂദ്.


