ലാസ് വേഗസ്സ്: മിസ് യൂണിവേഴ്‌സ് പ്രഖ്യാപന വേദിയിൽ അബദ്ധം പിണഞ്ഞത് ഏറെ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. മിസ് ഫിലിപ്പീൻസിനു പകരം മിസ് കൊളംബിയയെയാണ് മിസ് യൂണിവേഴ്‌സായി പ്രഖ്യാപിച്ചത്.

ഫസ്റ്റ് റണ്ണർ അപ്പ് ആയ മിസ് കൊളംബിയ അരിയാദ്‌ന ഗുറ്റീറസിനെയാണ് സംഘാടകർ ആദ്യം മിസ് യൂണിവേഴ്‌സ് ആയി പ്രഖ്യാപിച്ചത്. വിജയിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള കാർഡ് തെറ്റായി വായിച്ചതാണ് മിസ് യൂണിവേഴ്‌സ് പ്രഖ്യാപന വേദിയിൽ അബദ്ധം പിണയാൻ കാരണമായത്. പരിപാടിയുടെ അവതാരകനായ സ്റ്റീവ് ഹാർവേയ്ക്കാണ് അബദ്ധം പറ്റിയത്. ഇത് എന്റെ തെറ്റാണെന്നും ഇതിന്റെ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നും സ്റ്റീവ് പിന്നീട് പറഞ്ഞു. ഇത്തരത്തിലൊരു തെറ്റ് ഭയാനകമായിപ്പോയെന്നും ഇരുവരോടും താൻ ക്ഷമ ചോദിക്കുന്നുവെന്നും സ്റ്റീവ് വേദിയിൽ വച്ച് അറിയിച്ചു.

ലാസ് വേഗസിലെ പ്ലാനറ്റ് ഹോളിവുഡ് റിസോർട്ട് ആൻഡ് കാസിനോയിലാണ് മിസ് യൂണിവേഴ്‌സ് മത്സരം അരങ്ങേറിയത്. സുന്ദരികളിൽ സുന്ദരിയെ പ്രഖ്യാപിക്കുന്നതിൽ പറ്റിയ അബദ്ധം ട്വിറ്ററിലും മറ്റും പടരാൻ ഏറെ താമസമുണ്ടായില്ല. ഈ അബദ്ധത്തിന്റെ വാർത്ത് 62,000 തവണ ഷെയർ ചെയ്യപ്പെടുകയും 17,000ത്തിലധികം കമന്റുകൾ ലഭിക്കുകയും ചെയ്തു.