- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിൽ നിന്നും യു കെയിൽ എത്തിയിട്ട് 15 വർഷം പോലും തികഞ്ഞില്ല; മെഡിസിൻ പഠനം പൂർത്തിയായ ഉടൻ തേടി എത്തിയത് ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും നീണ്ടകാലം മിസ്സ്ഇംഗ്ലണ്ടാകാനുള്ള നിയോഗം; കോവിഡ് കാലത്ത് വിദേശ യാത്ര നിർത്തി രോഗികളുടെ ശുശ്രൂഷയിലാണ് ഈ സുന്ദരി
ലണ്ടൻ: 2019 ജൂലായിലെ ആ ദിനം ഒരിക്കലും മറക്കാൻ പറ്റാത്തതാണെന്ന് ഡോ. ഭാഷാ മുഖർജി പറയുന്നു. ഏറ്റവുമധികം കാലം മിസ്സ് ഇംഗ്ലണ്ട് പട്ടം കാത്തുസൂക്ഷിച്ച ഈ ഇന്ത്യൻ സുന്ദരി ഇന്ന് ഈ കോവിഡ് കാലത്ത് രോഗികൾക്കിടയിൽ തിരക്കിലാണ്. കോവിഡിനെതിരെയുള്ള യുദ്ധത്തിൽ മുന്നണിപ്പോരാളിയായി നിറഞ്ഞു നിൽക്കുന്നവേളയിലാണ് ഈ സുന്ദരി തന്റെ ജീവിതാനുഭവങ്ങളെ കുറിച്ച് എഴുതുന്നത്.
നോട്ടിങ്ഹാം യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദമെടുത്ത് ലിങ്കൺഷയറിലെ ബോസ്റ്റണിലുള്ള പിൾഗ്രിം ആശുപത്രിയിൽ ഒരു ജൂനിയർ ഡോക്ടറായി പരിശീലനം ആരംഭിക്കാൻ പോകുന്നു. മിസ്സ് ഇംഗ്ലണ്ട് കിരീടമണിഞ്ഞതിനു ശേഷമുള്ള വിരുന്നിനായി സമയം ചെലവഴിച്ചു. പിന്നീട് അതിരാവിലെ 4 മണിക്കുള്ള ട്രെയിനിൽ ന്യു കാസിലിൽനിന്നും ബോസ്റ്റണിലേക്ക് തിരിച്ചു. മിസ്സ് ഇംഗ്ലണ്ടിന്റെ വസ്ത്രങ്ങളും കിരീടവും എല്ലാം പാക്ക് ചെയ്യുവാൻ ലഭിച്ചത് ഒരു മണിക്കൂർ മാത്രം.
ഞാൻ എന്നിൽ മാത്രം ഒതുങ്ങുവാൻ ശ്രമിക്കുകയായിരുന്നു. പക്ഷെ, ഫോൺ നിർത്താതെ അടിച്ചുകൊണ്ടിരുന്നു. ഈമെയിലുകൾ പ്രവഹിക്കുകയായിരുന്നു. അന്ന് കാലിൽ ഒരു വീക്കം ഉണ്ടായി അതുകൊണ്ടുതന്നെ ഒരു ഷൂ മാത്രം ധരിച്ചായിരുന്നു ആശുപത്രിയിലേക്ക് പോയത്, ഭാഷ എഴുതുന്നു. പുറത്ത് കാത്ത് നിൽക്കുന്ന മാധ്യമങ്ങൾ അതിനെ കുറിച്ച് എന്ത് എഴുതുമെന്നോ പറയുമെന്നോ ഞാൻ ചിന്തിച്ചില്ല, എന്നെ കുറിച്ച് മാത്രമായിരുന്നു ചിന്തിച്ചത്.
രാജ്യത്തെ ആദ്യത്തെ ദക്ഷിണേഷ്യൻ വംശജയായ മിസ്സ് ഇംഗ്ലണ്ട് ആകാനുള്ള എന്റെ യാത്ര അതീവ സങ്കീർണ്ണമായിരുന്നു. എന്റെ പഠനവും മറ്റു താത്പര്യങ്ങളും സംതുലനം ചെയ്യേണ്ടുന്നതിന്റെ ആവശ്യം ഉയർന്നു വന്നതായിരുന്നു ആദ്യം എന്നെ ആശയക്കുഴപ്പത്തിലാക്കിയത്. ചെറുപ്പം മുതൽ പഠിച്ചിരുന്ന നൃത്തമായിരുന്നു ആദ്യ താത്പര്യം, പിന്നെ മോഡലിംഗും, അവർ തുടർന്നെഴുതുന്നു. താൻ എന്നും തികഞ്ഞ സ്വതന്ത്രയായിരുന്ന്യുന്നും മത്സരങ്ങൾക്കും മോഡലിങ് സംബന്ധമായ ജോലികൾക്കുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ധാരാളം സഞ്ചരിക്കാറുണ്ടായിരുന്നു എന്നും അവർ എഴുതുന്നു.
എന്നാൽ, ഒരു വർഷം താൻ പഠനത്തിൽ പിന്നോട്ട് പോയപ്പോൾ തന്റെ പിതാവ് മോഡലിങ് ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു. അതായിരുന്നു തന്റെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയത് എന്ന് ഭാഷ പറയുന്നു. ഒരു കാര്യം ശരിയായി ചെയ്യണമെങ്കിൽ മറ്റേകാര്യവും ശരിയായി ചെയ്യണമെന്ന ചിന്ത അന്നാണ് ഉടലെടുത്തത് എന്ന് പറയുന്ന അവർ മോഡലിംഗും ഡാൻസും നന്നായി ചെയ്യുവാൻ പഠനവും നല്ലരീതിയിൽ മുന്നോട്ടുകൊണ്ടുപോകണമെന്ന് തിരിച്ചറിയുകയായിരുന്നു.
ഭാഷയ്ക്ക് ഒമ്പത് വയസ്സുള്ളപ്പോഴായിരുന്നു അവരുടെ മാതാപിതാക്കൾ ബ്രിട്ടനിൽ എത്തുന്നത്. കൽക്കത്ത സ്വദേശികളായ മാതാപിതാക്കൾ മറ്റേതൊരു ഇന്ത്യാക്കാരനേയും പോലെ ആഗ്രഹിച്ചിരുന്നത് മകൾ പഠിച്ചു മിടുക്കിയായി ഒരു ഉദ്യോഗം നേടണമെന്നു തന്നെയായിരുന്നു. ഏഷ്യൻ കുടുംബങ്ങളിൽ വളരെയധികം ബഹുമാനിക്കപ്പെടുന്ന പ്രൊഫഷനായ മെഡിസിൻ തന്നെ തിരഞ്ഞെടുക്കണമെന്ന ഒരു ആഗ്രഹവും ഉണ്ടായിരുന്നു. അതേസമയം ഒരു അദ്ധ്യാപിക ആകാനും ആഗ്രഹിച്ചിരുന്നതായി അവർ വെളിപ്പെടുത്തുന്നു. എന്നാൽ, ഒരു ഡോക്ടർ എന്ന നിലയിൽ, ഒരാളുടെ പ്രശ്നം പരിഹരിച്ചുകഴിയുമ്പോൾ ലഭിക്കുന്ന സംതൃപ്തി ഒന്നു വേറെത്തന്നെയാണ്.
ഒരു ഡോക്ടർ ആവുക അതേസമയം ഒരു സൗന്ദര്യ റാണിപ്പട്ടവും നേടുക എന്നത് ഒരുപാട് വ്യത്യസ്തമായ ഒരു കാര്യമായി തോന്നിയേക്കാം. ഇതുതന്നെയാണ് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുവാൻ തന്നെ പ്രേരിപ്പിച്ചതെന്നും ഈ സുന്ദരി പറയുന്നു. എന്നാൽ ന്യുനപക്ഷ വംശജയായ ഒരാൾ മിസ്സ് ഇംഗ്ലണ്ട് മത്സരത്തിൽ പങ്കെടുക്കുന്നതിന്റെ സങ്കീർണ്ണത അറിയാവുന്നതിനാൽ അതിൽ പങ്കെടുക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും അവർ പറയുന്നു. ഇതിൽ പ്രധാനമായത്, താൻ ആരെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന വ്യക്തിബോധ പ്രതിസന്ധി ഉടലെടുക്കും എന്നതാണ്.
മിസ്സ് ഇംഗ്ലണ്ട് എന്നനിലയിൽ താൻ പ്രതിനിധീകരിക്കേണ്ടത് ഇംഗ്ലണ്ടിനേയാണ്. എന്നാൽ, തന്റെ സിരകളിലൂടെ ഓടുന്ന രക്തത്തിലുള്ളത് ഇന്ത്യൻ രക്തവും. ഏഷ്യൻ ഫേസ് ഓഫ് മിസ്സ് ഇംഗ്ലണ്ട് മത്സരത്തിന്റെ സംഘാടകരുമായി ബന്ധപ്പെട്ടതോടെയാണ് ഈ ആശയക്കുഴപ്പം പരിഹരിക്കുവാൻ കഴിഞ്ഞതെന്ന് അവർ പറയുന്നു. പിന്നീട് ഏഷ്യൻ ഫേസ് ഓഫ് മിസ്സ് ഇംഗ്ലണ്ട് മത്സരത്തിൽ പങ്കെടുത്ത് വിജയിയായി. അതിനുശേഷമാണ് മിസ്സ് ഇംഗ്ലണ്ട് മത്സരത്തിൽ പങ്കെടുക്കുന്നത്.
നീന്തൽ വസ്ത്രം ധരിച്ചുള്ള മത്സരം മിസ്സ് ഇംഗ്ലണ്ട് മത്സരത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ, തികച്ചും വ്യത്യസ്തമായ ഒരു മത്സരയിനം ഉണ്ടായിരുന്നു. മത്സരാർത്ഥികളെല്ലാം ഒരേ വേഷത്തിൽ, മേക്ക്അപ്പ് ഇല്ലാതെ പ്രത്യക്ഷപ്പെടണമായിരുന്നു. മോഡലിങ് രംഗത്തൊക്കെ ആയിരക്കണക്കിന് പൗണ്ടുകൾ മുടക്കി നിങ്ങളുടെ രൂപം ഭംഗിയാക്കുവാൻ നിങ്ങൾക്കാകും. എല്ലാവർക്കും അതുമായി മത്സരിക്കാനുള്ള കഴിവ് ഉണ്ടാകണമെന്നില്ല. എന്നാൽ ഒരേ വസ്ത്രത്തിൽ മേക്ക്അപ്പ് ഇല്ലാതെ വരുമ്പോൾ നിങ്ങൾ നിങ്ങളുടെ സ്വത്വമാണ് അവിടെ പ്രദർശിപ്പിക്കുന്നത്. ശരിയായ, യഥാർത്ഥമായ നിങ്ങളെയാണ് പ്രദർശിപ്പിക്കുന്നത്. അവർ എഴുതുന്നു.
വിജയിക്കുമെന്ന് പ്രതീക്ഷയില്ലെങ്കിലും കൂടെ മത്സരിക്കുന്നവർക്ക് നല്ലൊരു മത്സരം കൊടുക്കണമെന്ന് നിശ്ചയിച്ചു. അതായിരുന്നു തന്നെ വിജയത്തിൽ എത്തിച്ചതെന്നും അവർ പറയുന്നു. അതിനുശേഷം രണ്ട് മാസം കൂടി അവർ ജോലിചെയ്തു. പിന്നീട് മിസ്സ് വേൾഡ് മത്സരത്തിൽ പങ്കെടുക്കാനായി 2019 ഡിസംബർ 1 മുതൽ അവധിയിൽ പ്രവേശിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ടർക്കി, ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ നിരവധി രാജ്യങ്ങൾ സന്ദർശിച്ചു.
കോവിഡിന്റെ ആരംഭത്തിൽ ഭാഷ ഇന്ത്യയിലായിരുന്നു. ഒരു ഏഷ്യൻ ടൂറിനുള്ള ആരംഭമായിരുന്നു അത്. ലോക്ക്ഡൗണിൽ ഒരു ഹോട്ടലിനുള്ളിൽ അടയ്ക്കപ്പെട്ടു ഇവർ. ആ സമയത്താണ് കോവിഡിന്റെ പ്രശ്നങ്ങളെ കുറിച്ച് സഹപ്രവർത്തകർ സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങിയത്. ആശുപത്രികൾ നിറഞ്ഞു കവിയുന്നതും, ആരോഗ്യപ്രവർത്തകർ ജീവൻ പണയം വച്ച് രാപ്പകൽ ജോലി ചെയ്യുന്നതുമെല്ലാം ആ സന്ദേശങ്ങൾ വഴി അറിഞ്ഞപ്പോൾ എന്തെങ്കിലും അർത്ഥമുള്ള പ്രവർത്തനം ഈ സമയത്ത് നടത്തണമെന്ന് തോന്നി.
രാജ്യം അപകടത്തിലാണ്. സൗന്ദര്യ റാണിപ്പട്ടം മാറ്റിവച്ച് കർമ്മനിരതയാകേണ്ട സമയം ഇതാണെന്ന ചിന്ത ശക്തിപ്രാപിച്ചു. സൗന്ദര്യ റാണിയിൽ നിന്നും ഡോക്ടറിലേക്കുള്ള തിരിച്ചുവരവ് ഒട്ടും പ്രയാസമുള്ളതായിരുന്നില്ല, കാരണം എന്തിനാണ് ഇങ്ങനെയൊരു മടക്കയാത്ര എന്നത് എനിക്ക് പൂർണ്ണമായി ബോദ്ധ്യമുണ്ടായിരുന്നു. അവർ പറയുന്നു. വെറും ഒരാഴ്ച്ചകൊണ്ടാണ് ലോകം തന്നെ മാറിമറിഞ്ഞത്. അപ്പോൾ ഒരു വ്യക്തിക്ക് മാറുവാൻ ഏറെ സമയം എന്തിനാണെന്നും അവർ ചോദിക്കുന്നു.
തന്റെ സഹപ്രവർത്തകരുമായി എന്നും ഊഷ്മളമായ ബന്ധം താൻ കാത്തുസൂക്ഷിക്കാറുണ്ടെന്ന് അവർ വ്യക്തമാക്കുന്നു. കോവിഡ്കാലത്ത് സുഗമമായി പ്രവർത്തിക്കാൻ ഇത് വളരെയധികം സഹായിക്കുന്നു. ജീവനക്കാരുടേ അശ്രാന്ത പരിശ്രമത്തേയും എങ്ങനെ അവർ ഈ മഹാമരിയെ ചെറുക്കാൻ ഒരു സംഘമായി പ്രവർത്തിക്കുന്നു എന്നതിനെയുമൊക്കെ പ്രതിബിംബവത്ക്കരിച്ച് ഫോളൻ ഹീറോസ് എന്നൊരു കവിതയും ഇവർ എഴുതിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്