ത്തരകൊറിയയിൽനിന്ന് ഏതുനിമിഷവും ആക്രമണമുണ്ടായേക്കാമെന്ന ആശങ്കയിലാണ് അമേരിക്കയും സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണകൊറിയും. പസഫിക്കിലെ അമേരിക്കയുടെ ആയുധപ്പുരയായ ഗുവാമിലേക്ക് മിസൈലുകളും റോക്കറ്റുകളുമയക്കുമെന്ന് ഉത്തരകൊറിയ ഭീഷണിപ്പെടുത്തിയതോടെ, ജപ്പാൻ ടോക്യോയിൽ മിസൈൽ പ്രതിരോധ സംവിധാനം ശക്തമാക്കി. ഉത്തരകൊറിയൻ മിസൈലുകൾ രാജ്യത്തിനുമുകളിലൂടെ പറന്നാൽ, അതിനെ വെടിവെച്ചിടാൻ പാകത്തിലുള്ള പാക്-2 പാട്രിയറ്റ് മിസൈൽ യൂണിറ്റാണ് ജപ്പാൻ സജ്ജമാക്കി നിർത്തിയിട്ടുള്ളത്.

ഉത്തരകൊറിയ ആക്രമിച്ചേക്കുമെന്ന ആശങ്ക ജപ്പാനിൽ ബോംബ് ഷെൽട്ടറുകളുടെ വിൽപ്പനയെ സ്വാധീനിച്ചിട്ടുണ്ട്. ഷെൽട്ടറുകളുടെ വിൽപന വൻതോതിൽ കൂടിയതായാണ് റിപ്പോർട്ട്. അമേരിക്കയാവട്ടെ, ഹവായി ദ്വീപിലുള്ള പൗരന്മാരോട് ആണവാക്രമണത്തെ കരുതിയിരിക്കാൻ മുന്നറിയിപ്പ് നൽകിയതും യുദ്ധം ആസന്നമാണെന്ന് സൂചന നൽകുന്നു.

എന്നാൽ, കൗതുകകരമായ വസ്തുത ഈ ആശങ്കകളൊന്നും ദക്ഷിണ കൊറിയയെ ബാധിച്ചിട്ടില്ലെന്നതാണ്. കൊറിയൻ തർക്കം പതിറ്റാണ്ടുകളായി കണ്ട് ശീലിച്ചതുകൊണ്ടാവാം ദക്ഷിണകൊറിയക്കാർ വളരെ ശാന്തരായി മുന്നേറുകയാണ്. പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന ശുഭാപ്തിവിശ്വാസമാണ് തൊട്ടയൽക്കാർക്കുള്ളത്.

ഓഗസ്റ്റ് മധ്യത്തോടെ ഗുവാം ആക്രമിക്കുമെന്നാണ് ഉത്തര കൊറിയ നൽകുന്ന മുന്നറിയിപ്പ്. അമേരിക്കൻ വ്യോമസേനയുടെയും നാവികസേനയുടെയും ഇടത്താവളമായ ഗുവാമിലേക്ക് ബോംബാക്രമണം നടത്തുമെന്നാണ് ഭീഷണി. ജപ്പാന് മുകളിലൂടെ ഹ്വാങ്‌സ്വാങ് മിസൈലുകൾ ഗുവാമിലേക്ക് തൊടുക്കുമെന്നും ഉത്തരകൊറിയ ഭീഷണിപ്പെടുത്തുന്നു. ഇതോടൊപ്പം ഹവായിയും ആക്രമിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. ഹവായിയിലെ 14 ലക്ഷം ജനങ്ങളോട് കരുതിയിരിക്കാൻ അവിടുത്തെ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിസന്ധി മൂർഛിക്കുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൽഡ് ട്രംപ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി ചർച്ചനടത്തി. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ ഭീഷണിയെ നിസ്സാരമായി കാണേണ്ടെന്ന സൂചനയാണ് ഇതുനൽകുന്നത്. ഉത്തരകൊറിയൻ ഭരണകൂടത്തെ തുടച്ചുനീക്കേണ്ടതിന്റെ ആവശ്യകത അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജെയിംസ് മത്യാസും വ്യക്തമാക്കി.

ഉത്തരകൊറിയൻ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധ ബജറ്റ് വർധിപ്പിച്ച് മിസൈൽ പ്രതിരോധ ശേഷി കൂട്ടാനും അമേരിക്ക തയ്യാറായി. അമേരിക്ക തിരിച്ചടിക്കുകയാണെങ്കിൽ കിമ്മിന് അത് താങ്ങാനാവില്ലെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയെ നിന്ദിക്കുന്ന തരത്തിലുള്ള കിമ്മിന്റെ നടപടികൾ അംഗീകരിക്കാനാവില്ല. പ്രകോപനം തുടർന്നാൽ അത് കിമ്മിനെത്തന്നെയാവും ഇല്ലാതാക്കുകയെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.