ന്യൂഡൽഹി: പാക് അതിർത്തി ഭേദിച്ച് ഇന്ത്യയിൽ നിന്നും മിസൈൽ വിക്ഷേപിച്ചതിൽ പാർലമെന്റിൽ ഔദ്യോഗിക പ്രതികരണവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പാക്കിസ്ഥാനിലേക്ക് മിസൈൽ പ്രയോഗിച്ചത് ഖേദകരമാണെന്നും, സർക്കാർ ഇക്കാര്യം ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രതിരോധ മന്ത്രി ഇന്ന് പാർലമെന്റിൽ പറഞ്ഞു.

'2022 മാർച്ച് ഒൻപതിന് നടന്ന സംഭവത്തെക്കുറിച്ച് ഈ സഭയിൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പരിശോധനയ്ക്കിടെ ആകസ്മികമായ മിസൈൽ വിക്ഷേപിച്ചതുമായി ബന്ധപ്പെട്ടതാണ് അത്. മിസൈൽ യൂണിറ്റിലെ പതിവ് അറ്റകുറ്റപ്പണികൾക്കും പരിശോധനയ്ക്കിടെ, വൈകുന്നേരം ഏഴ് മണിയോടെ, ഒരു മിസൈൽ അബദ്ധത്തിൽ വിട്ടു'. മിസൈൽ പാക്കിസ്ഥാൻ പ്രദേശത്ത് പതിച്ചതായി പിന്നീടാണ് അറിയുന്നതെന്ന് കേന്ദ്ര മന്ത്രി രാജ്യസഭയിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.

സംഭവം ഖേദകരമാണ്. എന്നാൽ നഷ്ടങ്ങളൊന്നും സംഭവിച്ചില്ല എന്നത് ആശ്വാസകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. രാജ്യത്തിന്റെ ആയുധ സംവിധാനത്തിന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതായും, ഇന്ത്യയുടെ മിസൈൽ സംവിധാനം വളരെ വിശ്വസനീയവും സുരക്ഷിതവുമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ത്യൻ സായുധ സേന നന്നായി പരിശീലിപ്പിക്കപ്പെട്ടവരും അച്ചടക്കമുള്ളവരുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് ഒൻപതിനാണ് ഇന്ത്യൻ മിസൈൽ അതിർത്തി ഭേദിച്ച് പാക്കിസ്ഥാനിലെ ഖനേവൽ ജില്ലയിലെ മിയാൻ ചന്നുവിനു സമീപം വീണത്. ആളപായമുണ്ടായില്ലെങ്കിലും മിസൈൽ നാശനഷ്ടമുണ്ടാക്കിയെന്ന് പാക്കിസ്ഥാൻ ആരോപിച്ചിരുന്നു. എന്നാൽ അബദ്ധത്തിൽ സംഭവിച്ചതല്ലാതെ മറ്റൊരു സൂചനയും ഈ വിഷയത്തിൽ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് അമേരിക്കയും വെളിപ്പെടുത്തി.

ആ മിസൈൽ ഇന്ത്യയുടെ സ്ട്രാറ്റജിക് ഓപ്പറേഷനോ?

അതേസമയം മിസൈൽ പാക്കിസ്ഥാനിൽ വീണ സംഭവത്തിൽ അബദ്ധമാണ് സംഭവിച്ചതെന്നാണ് സർക്കാർ നിരക്ഷണം എങ്കിലും മിസൈൽ വിക്ഷേപണത്തിലൂടെ ഇന്ത്യ കൈവരിച്ചത് മൂന്ന് പ്രധാന നേട്ടങ്ങളാണ്.ഒന്നാമതായി പാക്കിസ്ഥാനുമായി നിലനിൽക്കുന്ന ബന്ധം കൂടുതൽ വഷളാകാതെ തന്നെ ബ്രഹ്മോസ് എന്ന ഇന്ത്യയുടെ ക്രൂയിസ് മിസൈൽ ശത്രുരാജ്യത്തിന്റെ മണ്ണിൽ വിക്ഷേപിച്ചു. ഇത്തരമൊരു മിസൈൽ ആക്രമണം നടത്തിയാൽ പാക്കിസ്ഥാൻ അതിനോട് ഏത് രീതിയിൽ പ്രതികരിക്കുമെന്നും അവരുടെ ഡിഫൻസ് സിസ്റ്റത്തെകുറിച്ച് മനസിലാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.

രണ്ടാമതായി പാക്കിസ്ഥാന്റെ അതിർത്തികളിലും മറ്റുമായി സ്ഥാപിച്ചിട്ടുള്ള റഡാറുകളുടെ കൃത്യതയും ഇന്ത്യയിൽ നിന്നുള്ള മിസൈലുകളെ അവ കണ്ടുപിടിക്കുമോ എന്ന് മനസിലാക്കാനും ഇന്ത്യയുടെ പ്രതിരോധ വിഭാഗത്തിന് സാധിച്ചു. ഇന്ത്യയിൽ നിന്നുള്ള മിസൈൽ പാക്കിസ്ഥാനിലെ ഒരു റഡാറും കണ്ടെത്തിയിരുന്നില്ല. മിസൈൽ പതിച്ചതിന് ശേഷം മാത്രമാണ് പാക്കിസ്ഥാൻ സൈന്യം പോലും ഇക്കാര്യം അറിയുന്നത്.

മൂന്നാമതും ഏറ്റവും പ്രധാനമായതുമായ കാര്യം - പാക്കിസ്ഥാനിലെ എയർ ഡിഫൻസ് സിസ്റ്റത്തിന്റെ പരിമിതികൾ എന്തൊക്കെയെന്ന് മനസിലാക്കാനും സാധിച്ചു. ഇത് ഇന്ത്യയ്ക്ക് ഒരു വെടിക്ക് രണ്ട് പക്ഷികളെ കിട്ടുന്നതിന് തുല്ല്യമാണ്. കാരണം പാക്കിസ്ഥാനിൽ വിന്യസിച്ചിട്ടുള്ള എയർ ഡിഫൻസ് സിസ്റ്റമായ എച്ച് ക്യു 9 ചൈന പാക്കിസ്ഥാന് നൽകിയതാണ്. ചൈനയിലും ഇതേ ഡിഫൻസ് സിസ്റ്റമാണ് ഉപയോഗിക്കുന്നതും. എച്ച ക്യൂ 9ന്റെ അടുത്തുകൂടെ പോയിട്ടും ഇന്ത്യയുടെ മിസൈൽ അതിന് നശിപ്പിക്കാൻ സാധിച്ചില്ലെന്നത് ഇന്ത്യയെ സംബന്ധിച്ച് മേൽക്കൈ നൽകുന്ന കാര്യമാണ്.