- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക് ഡൗൺ കാലത്ത് ജോലി പോയതോടെ ബെംഗളൂരുവിൽ വാടക കൊടുക്കാൻ പോലും പണമില്ലാതായി; ടിക്കറ്റ് റെഡിയായാൽ ഉടൻ മടങ്ങുമെന്ന് ബന്ധുക്കൾക്ക് കോൾ; ടിക്കറ്റിനായി കാത്തിരിക്കവേ രതീഷിനെ കാണാതായി; ബന്ധു വന്ന് മുറിതുറന്നു നോക്കിയപ്പോൾ ഡ്രസും മൊബൈൽ ചാർജറും ലാപ് ടോപ്പും എല്ലാം ഭദ്രം; പത്തനംതിട്ട ഇളമണ്ണൂർ സ്വദേശിയായ 37 കാരനെ കാണാതായിട്ട് ഒരുമാസം; ഒരെത്തും പിടിയും കിട്ടാതെ വീട്ടുകാർ
ബെംഗളൂരു: മലയാളി യുവാവിനെ ഒരുമാസമായി കാണാതായതായി പരാതി. പത്തനംതിട്ട ഇളമണ്ണൂർ പൂത്താങ്കര മുരുപ്പേൽ വടക്കേതിൽ ലളിതാ ഭായിയുടെ മകൻ രതീഷ് കുമാറിനെ (37)യാണ് കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പരാതി നൽകിയത്. ജൂലായ് 27 മുതൽ ബെംഗളൂരു എസ്.ജി. പാളയയിൽനിന്നാണ് കാണാതായത്. കഴിഞ്ഞ 10 വർഷമായി എസ്.ജി. പാളയയിലെ മിറാ ഹോസ്പിറ്റാലിറ്റിയിൽ പ്രോജക്ട് മാനേജരായി ജോലിചെയ്തുവരികയായിരുന്നു.
ലോക്ഡൗണിന് മുൻപ് മുത്തശ്ശി മരിച്ചതിനെ തുടർന്ന് നാട്ടിൽ പോയ രതീഷ് 25-നാണ് ബെംഗളൂരുവിൽ തിരിച്ചെത്തിയത്. കോവിഡ് വ്യാപനം കൂടുതലായതിനാൽ രതീഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജോലി നഷ്ടപ്പെട്ടിരുന്നു. താമസസ്ഥലത്ത് വാടക നൽകാൻ കഴിയാതെ വന്നതോടെ സാധനങ്ങളൊക്കെ എടുത്ത് തിരികെ പോകാനായിട്ടാണ് എത്തിയത്. തിരികെ പോകാനുള്ള ടിക്കറ്റ് ലഭിക്കാനുള്ള കാത്തിരിപ്പിനിടയിലാണ് രതീഷിനെ കാണാതായത് എന്ന് ബന്ധു മറുനാടൻ മലയാളിയോട് പറഞ്ഞു. ബെഗളൂരുവിൽ എത്തിയ ദിവസം വിളിച്ചിരുന്നു. ടിക്കറ്റ് റെഡിയായാൽ ഉടൻ തന്നെ മടങ്ങി പോകുമെന്ന് പറഞ്ഞു. പിന്നീട് ദിവസങ്ങൾക്ക് ശേഷം രതീഷിനെ ഫോണിൽ കിട്ടുന്നില്ല എന്ന് പറഞ്ഞ് നാട്ടിൽ നിന്നും മാതാവ് ലളിതാഭായി വിളിച്ചു. തുടർന്ന് താമസ സ്ഥലത്ത് എത്തിയപ്പോൾ രതീഷിനെ കാണാനില്ലെന്ന് മനസ്സിലായത് എന്ന് ബന്ധു പറയുന്നു.
രതീഷിന്റെ മുറി തുറന്ന് നോക്കിയപ്പോൾ തുണികളെല്ലാം അടുക്കി വെച്ചിരിക്കുന്നത് കണ്ടു. മൊബൈൽ ചാർജറും ലാപ് ടോപ്പും അവിടെ ഉണ്ടായിരുന്നു. തുടർന്ന് എസ്.ജി പാളയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എവിടെയെങ്കിലും പോയതായിരിക്കും ഉടൻ തിരിച്ചു വരുമെന്ന് പറഞ്ഞ് പൊലീസ് ആദ്യം കേസെടുത്തില്ല. എന്നാൽ ഒരു മാസമായിട്ടും വിവരമില്ലാതായതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചതായാണ് എസ്.ജി പാളയ പൊലീസ് പറയുന്നത്.
27-ന് രാവിലെമുതലാണ് രതീഷിന്റെ വിവരം ഒന്നുമില്ലാതായതെന്ന് മാതാവ് പറയുന്നു. അന്നേ ദിവസം രാവിലെ 9.45 മണിക്ക് വാട്ടസാപ്പിൽ ലാസ്റ്റ് സീൻ കാണിച്ചിരുന്നു. പിന്നീട് മൊബൈൽ സ്വിച്ച് ഓഫ് ആകുകയായിരുന്നു. അവിവാഹിതനാണ് രതീഷ്. ദുശ്ശീലങ്ങളോ മറ്റ് കൂട്ടുകെട്ടുകളോ ഒന്നും ഇല്ലാത്ത ഇയാൾ പൊതുവേ ശാന്ത സ്വഭാവക്കാരനാണെന്ന് ബന്ധുവും സുഹൃത്തുക്കളും പറയുന്നു. നാട്ടിൽ മാതാവ് മാത്രമേയുള്ളൂ. ബെഗളൂരു നഗരത്തിൽ പലയിടങ്ങളിലും ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചെങ്കിലും ഒരു വിവരവുമില്ല. നഗരത്തിലുടനീളം കാണാനില്ല എന്ന് കാട്ടി പോസ്റ്റർ പതിച്ചിരിക്കുകയാണ്. അടൂർ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ എസ്.ജി. പാളയ പൊലീസിലോ ബന്ധുക്കളെയോ വിവരമറിയിക്കണം. ഫോൺ: 080 22942762, 9480801425, 8147590092
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.