കോഴിക്കോട്: വ്യാപാരിയെ കാണാതായി രണ്ട് മാസത്തിന് ശേഷം സ്ഥാപനത്തിലെ ജീവനക്കാരിയേയും കാണാതായതോടെ ആശങ്കയിലായിരിക്കുകയാണ് കോഴിക്കോട്ടെ ഓർക്കാട്ടേരി നിവാസികൾ. സംഭവത്തിന് പിന്നിലെ ദുരൂഹത എത്രയും പെട്ടന്ന് പൊലീസ് വെളിച്ചത്തുക്കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സെപ്റ്റംബർ 11നാണ് ഓർക്കാട്ടേരിയിലെ ഐഡിയ മൊബൈൽ ഔട്ട്ലെറ്റ് നടത്തുന്ന അംജാദ്(23)നെ കാണാവുന്നത്. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുന്നതിനിടെയാണ് കഴിഞ്ഞ തിങ്കളാഴ്ച ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയായ പ്രവീണ(32) അപ്രത്യക്ഷമാവുന്നത്. തിങ്കളാഴ്ചയും പതിവുപോലെ തന്റെ സ്‌കൂട്ടറിൽ പ്രവീണ സ്ഥാപനത്തിലേക്ക് ജോലിക്ക് പോയിരുന്നു. വൈകീട്ട് സ്ഥാപനം അടച്ചതിന് ശേഷമാണ് പ്രവീണയെ കാണാതാവുന്നത്.

രാത്രി ഏറെ വൈകീട്ടും ഇവർ വീട്ടിൽതിരിച്ചെത്തിയില്ല. ബന്ധുക്കൾ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടിയില്ല. ഇവരുടെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അത് സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് പ്രവീണയുടെ അച്ഛൻ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പൊലീസ് ഇവരെ കണ്ടെത്താനായി തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. അതിനിടയ്ക്കാണ് വഴിയിൽ ഉപേക്ഷിച്ച നിലയിൽ ഇവരുടെ സ്‌കൂട്ടർ പൊലീസ് കണ്ടെത്തുന്നത്.

അംജാദിനെ കാണാതായിട്ട് രണ്ട് മാസമായെങ്കിലും ഇയാളെക്കുറിച്ച് ഒരു വിവരവും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. സ്ഥാപനത്തിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങിക്കാനായി കോഴിക്കോടേക്ക് പോയതായിരുന്നു വൈക്കിലശ്ശേരി പുത്തൻപുരയിൽ മുഹമ്മദ് അംജാദ്. ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങി വടകരയിലെത്തി. തുടർന്ന് സാധനങ്ങൾ സ്വന്തം കാറിൽ കയറ്റുകയും ചെയ്തു. ഇതിന് ശേഷമാണ് അംജാദിനെ കാണാതായത്. രാത്രി വൈകീയും അംജാദ് വീട്ടിലെത്തിയില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ബന്ധുക്കൾ എടച്ചേരി പൊലീസ് സ്റ്റേഷനിൽ പരാതിക്കൊടുക്കുകയായിരുന്നു.

പൊലീസ് അന്വേഷിച്ചെങ്കിലും ഇയാളെക്കുറിച്ച് യാതൊരു വിവരവും കിട്ടിയില്ല. എന്നാൽ അംജാദിന്റെ കാർ വടകര ബസ് സ്റ്റാന്റിന് സമീപത്തു നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാറ് വിശദമായി പരിശോധിച്ചെങ്കിലും കാര്യമായൊന്നും കണ്ടെത്താനായില്ല. കാറിലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകൾ പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും അതുക്കൊണ്ടും കാര്യമായ ഗുണമെന്നും ഉണ്ടായില്ല.

അതിനിടയിൽ താൻ തിരിച്ചുവരികയാണെന്ന് പറഞ്ഞ് അംജാദിന്റെ ഫോൺ കോൾ ബന്ധുക്കൾക്ക് വന്നു. എന്നാൽ പിന്നീട് യാതൊരു വിവരവും ഉണ്ടായില്ല. ഇതിനിടെ ഇയാൾ ബാംഗ്ലൂരിലെ ഒരു ആശുപത്രിയിൽ ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. വിവരത്തെ തുടർന്ന് പൊലീസ് നേരെ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു. ആശുപത്രിയിൽ പരിശോധന നടത്തിയെങ്കിലും അംജാദിനെ കാണാൻ കഴിഞ്ഞില്ല. അംജാദ് അപ്പോഴേക്കും ഡിസ്ചാർജ്ജ് വാങ്ങി പോയിരുന്നു.

എടച്ചേരി എസ്ഐ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലാണ് ഇവരുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം. രണ്ടു പേരുടേയും മൊബൈൽഫോണുകൾ സ്വിച്ച് ഓഫ് ആയതാണ് പൊലീസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നത്. മൊബൈൽ ഔട്ട്ലറ്റിലെ ജോലിയായതുക്കൊണ്ട് ഇരുവരും ഏതൊക്കെ നമ്പർ ഉപയോഗിച്ചിരുന്നുവെന്ന് ആർക്കും കൃത്യമായി അറിയില്ലെന്നും ഇതാണ് കേസ് അന്വേഷണത്തിലെ വലിയ പ്രതിസന്ധിയെന്നും എസ്ഐ പ്രദീപ്കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇരുവരുടേയും തിരോധാനം തമ്മിൽ വല്ല ബന്ധവുമുള്ളതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാണാതായതിനു ശേഷം ഇവരുടെ സ്വിം കാർഡോ മൊബൈൽഫോണോ പിന്നെ ഉപയോഗിച്ചിട്ടില്ല.

തലശേരി ചൊക്ലി സ്വൊദേശിനിയാണ് പ്രവീണ. ഓർക്കാട്ടേരിക്ക് സമീപമുള്ള ഒഞ്ചിയത്തേക്കാണ് ഇവരെ വിവാഹം കഴിച്ചിട്ടുള്ളത്. ഭർത്താവ് ഗൾഫിൽ ജോലി ചെയ്തു വരികയാണ്. ഏഴു വയസുള്ള ഒരു മകളും ഉണ്ട്. ഇരുവരുടേയും തിരോധാനത്തിന് പിന്നിലെ ദുരൂഹത നീക്കാൻ പൊലീസ് ഊർജ്ജിത നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.