പത്തനംതിട്ട: വെച്ചൂച്ചിറ കൊല്ലമുളയിലെ ജെസ്ന മരിയ ജെയിംസ് എന്ന പെൺകുട്ടിയെ കാണാതായിട്ട് ഇന്ന് രണ്ടു മാസം പിന്നിടുന്നു. ഇത് പത്തനംതിട്ടയിലെ ആദ്യ സംഭവമല്ല. എട്ടു വർഷം മുൻപ് ശബരിമല സന്നിധാനത്ത് കാണാതായ നാരങ്ങാനം സ്വദേശി അഭിലാഷ്,അഞ്ചു വർഷം മുൻപ് ഗവിയിൽ നിന്ന് കാണാതായ ശ്രീലങ്കൻ സ്വദേശി ഭൂലോക ലക്ഷ്മി എന്നിവരെ കുറിച്ച് ഇതു വരെ ഒരു വിവരവും പൊലീസിനില്ല. അഭിലാഷിനെയും ഭൂലോക ലക്ഷ്മിയെയും ആരെങ്കിലും കൊന്ന് വനാന്തരങ്ങളിൽ കുഴിച്ചു മൂടി എന്നാണ് ബന്ധുക്കൾ ഉറച്ചു വിശ്വസിക്കുന്നത്. എന്നിട്ടും അവർ കാത്തിരിക്കുന്നു. ഇവർ എന്നെങ്കിലും തിരിച്ചു വരുമെന്ന് കരുതി.

അഭിലാഷിനെ കൊന്ന് കുഴിച്ചു മൂടിയെന്ന് ദൃക്സാക്ഷികൾ

പിടിപാടും സ്വാധീനവുമുള്ളവർ അയ്യപ്പന്റെ മുന്നിൽ വച്ച് ഈ യുവാവിനെ കൊന്ന് സെപ്ടിക് ടാങ്കിൽ തള്ളിയെന്നാണ് മാതാപിതാക്കാൾ വിശ്വസിക്കുന്നത്. പക്ഷേ, ഔദ്യോഗിക സ്ഥിരീകരണമില്ല. മകന്റെ കൊലയാളികളെ വേണ്ട, അവന്റെ ശരീരമെങ്കിലും കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കാൻ സമീപിക്കാത്ത അധികാരദെവങ്ങളില്ല. കോടതികൾ ഇല്ല. കോടതി ഉത്തരവുണ്ടായിട്ടും അന്വേഷണം അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

ശബരിമല സന്നിധാനത്ത് മരാമത്ത് വിഭാഗം താൽക്കാലിക ജീവനക്കാരനായിരുന്ന നാരങ്ങാനം കണ്ണാട്ടുതറയിൽ രവീന്ദ്രന്റെ മകൻ അഭിലാഷി(27)നെ 2010 മെയ്‌ 22 മുതൽ അവിടെ നിന്ന് കാണാതായത്. ഓരോ ഘട്ടത്തിലും ഓരോ അന്വേഷണ ഉദ്യോഗസ്ഥർ. അവർ ചുമതലയേൽക്കുന്നതിന് പിന്നാലെ പത്രങ്ങളിലും ബസ് സ്റ്റാൻഡിലുമൊക്കെ ഒരു ലുക്ക് ഔട്ട് നോട്ടീസ്. തീർന്നു, അന്വേഷണം. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചുമടക്കം നിരവധിപ്പേർ അന്വേഷിച്ച് മടക്കിയ കേസാണിത്. ശബരിമലയിലെ ഉൾവനത്തിലെവിടെയോ, അല്ലെങ്കിൽ സന്നിധാനത്തെ ഏതെങ്കിലും സെപ്റ്റിക്ടാങ്കിനുള്ളിൽ അഭിലാഷിനെ കൊന്നു കുഴിച്ചു മൂടിയെന്ന് നാട്ടുകാരും ബന്ധുക്കളും കരുതുന്നു. 2010 മെയ്‌ 22 ന് അഭിലാഷ് വീട്ടിലേക്ക് പുറപ്പെട്ടിരുന്നുവെന്നാണ് സഹപ്രവർത്തകർ പറഞ്ഞത്. പക്ഷേ, അയാൾ വീട്ടിലെത്തിയില്ല. രണ്ടു മൊബൈൽ ഫോണുകളുണ്ടായിരുന്നു. അതു രണ്ടും സ്വിച്ച്ഡ് ഓഫ്. മൊബൈൽടവർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ശബരിമല വിട്ട് അയാൾ മറ്റെങ്ങും പോയിട്ടില്ലെന്ന് വ്യക്തമായി.

പൊലീസ് അന്വേഷണം വഴി തിരിയുന്നത് കണ്ട് നാട്ടുകാരും അഭിലാഷിന്റെ ബന്ധുക്കളും സ്വന്തം നിലയിൽ അന്വേഷിച്ചിറങ്ങി. ഇവർ ഒളികാമറയും സൗണ്ട് റെക്കോഡറും ഉപയോഗിച്ച് നടത്തിയ ശബരിമലയിൽ സ്ഥിരം അന്തേവാസികൾക്കിടയിൽ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. അഭിലാഷിനെ കാണാതാകുന്നതിന് തലേന്ന് രാത്രിയാണ് അതൊക്കെ നടന്നത്. ഭക്തർ പുണ്യസ്ഥലമെന്ന് കരുതുന്ന ശബരിമല ക്ഷേത്രശ്രീകോവിലിൽപ്പോലും ഉദ്യോഗസ്ഥർ നടത്തുന്ന പേക്കൂത്തുകൾ.

മദ്യപിച്ചും മാസം പാകം ചെയ്ത് ഭക്ഷിച്ചും ജോലിക്കാർ ഇവിടെ ആഘോഷിക്കുന്നതിന്റെ കഥകൾ അഭിലാഷിന്റെ ചെറിയച്ഛൻ സോമനും അന്നത്തെ നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റും പത്രസമ്മേളനം നടത്തി പുറത്തു വിട്ടു. ഇവർ സമാഹരിച്ച തെളിവുകൾ സ്വീകരിക്കാൻ പൊലീസ് തയാറായില്ല. അഭിലാഷിന്റെ നാട്ടുകാർ സംസാരിച്ച് മൊഴി റെക്കോഡ് ചെയ്തവർ പൊലീസ് ചോദ്യം ചെയ്തപ്പോൾ അതൊക്കെ നിഷേധിച്ചു. അവർ നേരത്തേ പറഞ്ഞ കാര്യങ്ങൾ റെക്കോഡ് ചെയ്തിരുന്നത് നൽകിയെങ്കിലും പൊലീസ് മുഖവിലയ്ക്ക് എടുത്തില്ല.

അഭിലാഷ് കൊല്ലപ്പെടുന്നതിന്/കാണാതാകുന്നതിന് തലേന്ന് ശ്രീകോവിലിന് അടിയിലെ മുറിയിൽ മദ്യസൽക്കാരം നടന്നിരുന്നുവത്രേ.അന്ന് തിരുവനന്തപുരം സ്വദേശിയായ യുവാവും അഭിലാഷും തമ്മിൽ വാക്കേറ്റവും സംഘട്ടനവും ഉണ്ടായി. ഇതിന്റെ തുടർച്ചയായിരുന്നു അഭിലാഷിന്റെ തിരോധാനം. ഇതേപ്പറ്റി ഓഫ് സീസണിൽ സന്നിധാനത്ത് കട നടത്തുന്ന ചില വ്യാപാരികൾക്ക് അറിയാമായിരുന്നു. ഈ വിവരം പുറത്തു പറയുന്നതിൽ നിന്ന് ആരോ അവരെ വിലക്കി. സീസൺ അല്ലാത്തപ്പോൾ നടക്കുന്ന നിരവധി കൊള്ളരുതായ്മകൾ ഇവർ അഭിലാഷിന്റെ നാട്ടുകാരോട് പറഞ്ഞിരുന്നു. ഈ വിവരം അഭിലാഷ് പുറത്തു പറയുമെന്ന് ഭയന്നാണ് അയാളെ വകവരുത്തിയത് എന്നാണ് ബന്ധുക്കൾ വിശ്വസിക്കുന്നത്.

ദേവസ്വം മരാമത്തിലെ ഉന്നത ഉദ്യോഗസ്ഥനെയാണ് അഭിലാഷിന്റെ ബന്ധുക്കൾക്ക് സംശയം. ഇയാളുടെ അടുത്ത അനുയായി ആയ ജീവനക്കാരനുമായി അഭിലാഷ് വാക്കേറ്റവും സംഘട്ടനവും നടത്തിയത്. ഈ ജീവനക്കാരൻ പിന്നീട് തിരുവനന്തപുരത്തുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചു. ലോക്കൽ പൊലീസും പത്തനംതിട്ട ഡിവൈ.എസ്‌പിയും അന്വേഷിച്ച കേസിന് തുമ്പുണ്ടാകാതെ വന്നപ്പോൾ അഭിലാഷിന്റെ പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു. എത്രയും വേഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിയോട് കോടതി നിർദേശിച്ചു.

അന്ന് നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പിയായിരുന്ന പികെ ജഗദീശ് അന്വേഷണം നടത്തിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല. കുറെ ലുക്ക്ഔട്ട് നോട്ടീസും പത്രപ്പരസ്യങ്ങളും നൽകി. എന്നിട്ടും രക്ഷയൊന്നുമില്ലെന്ന് പറഞ്ഞ് ഒരു ഒഴുക്കൻ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് പൊലീസ് കൈകഴുകി. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകി. വീണ്ടും വന്നു ലുക്ക് ഔട്ട്നോട്ടീസും പത്രപ്പരസ്യവും. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനിടെ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക് മാറ്റമായി. പിന്നാലെ, വന്ന ഡിവൈഎസ്‌പി അഭിലാഷിന്റെ മാതാപിതാക്കളുടെ മൊഴി എടുത്തു. വീണ്ടും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നിലവിൽ ക്രൈംബ്രാഞ്ച് എസ്‌പിക്കാണ് അന്വേഷണ ചുമതല.

ഗവിയുടെ നൊമ്പരമായി ഭൂലോക ലക്ഷ്മി..

ഡാനിയൽ കുട്ടി, ഭാര്യ ഭൂലോക ലക്ഷ്മി, അവരുടെ രണ്ടു കുഞ്ഞുങ്ങൾ...ഗവി നിവാസികൾ പറയുന്നു ഇത്തരമൊരു സന്തുഷ്ട കുടുംബത്തെ ഞങ്ങൾ കണ്ടിട്ടില്ല. അവരുടെ സന്തോഷത്തിന് മേൽ കരിനിഴൽ വീണത് 2013 ഓഗസ്റ്റ് 13 നാണ്. അന്നാണ് ഭൂലോക ലക്ഷ്മിയെ കാണാതാകുന്നത്. തിരുനൽവേലിയിൽ പഠിക്കുന്ന മക്കളെ കാണാൻ ഡാനിയൽ കുട്ടി പോയ ദിവസമായിരുന്നു അന്ന്. ഡാനിയൽ കുട്ടി തമിഴ്‌നാട് സ്വദേശിയാണ്. ഭൂലോകലക്ഷ്മി ശ്രീലങ്കൻ അഭയാർഥിയും. വിദ്യാഭ്യാസമുണ്ടായിരുന്നതു കൊണ്ട് ഭൂലോക ലക്ഷ്മിക്ക് ഗവിയിൽ കെഎസ്എഫ്ഡിസിയിൽ ക്ലാർക്കായി ജോലി ലഭിച്ചു. അവിടെ തന്നെ വനം വാച്ചറായിരുന്നു ഡാനിയൽ കുട്ടി. ഇവരുടേത് പ്രേമവിവാഹമായിരുന്നു. ആദ്യം ബന്ധുക്കൾ എതിർത്തെങ്കിലും പിന്നീട് ഈ ബന്ധം അവർ അംഗീകരിച്ചു.

രണ്ടു കുട്ടികളും ഈ ദമ്പതികൾക്ക് ഉണ്ടായി. അങ്ങനെയിരിക്കേയാണ് ഭൂലോകലക്ഷ്മിയെ കാണാതാകുന്നത്. 2013 ഓഗസ്റ്റ് 13 ശനിയാഴ്ച. അന്ന് വൈകിട്ട് തോട്ടം തൊഴിലാളികൾക്ക് കൂലി നൽകുന്ന ദിവസമാണ്. കെഎസ്എഫ്ഡിസിയുടെ ഓഫീസിൽ അന്ന് വൈകിട്ട് അഞ്ചിന് തൊഴിലാളികൾക്ക് വേതനം നൽകുന്ന ഭൂലോക ലക്ഷ്മിയെ കണ്ടവരുണ്ട്. അന്ന് തന്നെയാണ് മക്കളെ കാണാൻ ഡാനിയൽ കുട്ടി തിരുനൽവേലിക്ക് പോയതും. തിങ്കളാഴ്ച രാത്രി തിരുനൽവേലിയിൽ നിന്ന് ബസ് കയറിയ ഡാനിയൽ കുട്ടി ചൊവ്വാഴ്ച രാവിലെ ഗവിയിലെത്തി. താമസിക്കുന്ന ക്വാർട്ടേഴ്സിൽ ചെന്നപ്പോൾ അത് പൂട്ടിക്കിടക്കുന്നു. വെളിയിലും, അകത്തുമെല്ലാം ബൾബ് കത്തിക്കിടക്കുന്നുണ്ട്. പിൻവശത്തെ ജനാലയിലൂടെ അയാൾ നോക്കുമ്പോൾ കട്ടിലിൽ ഒരു കമ്പി കിടക്കുന്നത് കണ്ട്. സമീപവാസികളെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെയുമെല്ലാം വിളിച്ചു കൊണ്ടു വന്ന് കതക് പൊളിച്ച് അകത്തു കടന്നു.

തങ്ങൾ സ്ഥിരമായി കേൾക്കുന്ന റേഡിയോ കട്ടിലിന് അടിയിൽ വീണു കിടന്നിരുന്നു. അടുക്കളയിൽ കഞ്ഞി വെന്ത് പാകമായിരിപ്പുണ്ടായിരുന്നു. കുടിച്ചിട്ടില്ല. പിന്നെ ലക്ഷ്മി എവിടെപ്പോയി? മൂന്നുദിവസം തുടർച്ചയായി ഗവിയിൽ തെരച്ചിൽ നടന്നു. പൊലീസിലും പരാതി നൽകി. ലക്ഷ്മിയെ കാണാതായ ദിവസം തൊട്ടടുത്തു തന്നെയുള്ള ഡിവിഷൻ മാനേജരുടെ ക്വാർട്ടേഴ്സിന് മുറ്റത്ത് ഒരു വാഹനം വന്നു പോയതിന്റെ പാടുണ്ടായിരുന്നു. അന്ന് രാത്രി ഫോറസ്റ്റിന്റെ ഒരു ജീപ്പ് പരിധി വിട്ട് ഓടിയതിന്റെ രേഖകളുമുണ്ട്. ഫോറസ്റ്റുകാർ അറിയാതെ തന്റെ ലക്ഷ്മിക്ക് ഒന്നും സംഭവിക്കില്ല എന്ന നിലപാടിലാണ് ഡാനിയൽ കുട്ടി. അതേ സമയം, ഡാനിയൽ കുട്ടിയെ ശരിക്കൊന്ന് കുടഞ്ഞാൽ വിവരം അറിയാൻ കഴിയുമെന്ന് നാട്ടുകാരിൽ ചിലരും പറയുന്നു.

ഹേബിയസ് കോർപ്പസുമായി ഡാനിയൽ കുട്ടി കോടതിയെ സമീപിച്ചു. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ എൽപ്പിച്ചു. അതിനിടെ ദിലീപ് എന്ന ഫോറസ്റ്റുകാരന് എല്ലാം അറിയാമെന്ന് മറ്റൊരു ഫോറസ്റ്റുകാരൻ പറയുന്നതിന്റെ ഓഡിയോ ക്ലിപ്പ് ഡാനിയൽ കുട്ടി തെളിവായി അന്വേഷണസംഘത്തിന് സമർപ്പിച്ചു. അന്വേഷണസംഘത്തലവനായ ഡിവൈഎസ്‌പി സുരേഷ്‌കുമാർ ഇയാളുമായി ബന്ധപ്പെട്ടപ്പോൾ ബാബു രാജേന്ദ്രപ്രസാദ് എന്നയാളുടെ പേരാണ് പറഞ്ഞത്. അയാളെ ചോദ്യം ചെയ്താൽ എല്ലാ വിവരവും പുറത്തു വരുമെന്നും പറഞ്ഞു. പൊലീസിന് നിസാരമായി തെളിയിക്കാവുന്ന കേസായിട്ടും അവർ അതിന് ശ്രമിച്ചില്ല എന്നാണ് ഡാനിയൽ കുട്ടി പറയുന്നത്. സംഭവം നടന്ന് മൂന്നര വർഷം കഴിഞ്ഞപ്പോഴാണ് ലക്ഷ്മിയുടെ വിരലടയാളം പോലും എടുക്കാൻ പൊലീസ് എത്തുന്നത്. അന്വേഷണത്തിലെ അനാസ്ഥയെക്കാളുപരി മനഃപൂർവം വരുത്തുന്ന വീഴ്ചയായിട്ടു വേണം ഇതിനെ കാണാൻ. ഗവിയിൽ പുകമഞ്ഞിനൊപ്പം ലക്ഷ്മിയുടെ ആത്മാവും അലിഞ്ഞു ചേർന്നിരിക്കാമെന്ന് നാട്ടുകാരും പറയുന്നു.