കൊല്ലം: ഇതുവരെ ഒരെത്തും പിടിയും ഇല്ലായിരുന്നു. കളമശേരി സെയിൽസ് ടാക്‌സ് ഇന്റലിജൻസ് വിഭാഗം ജിഎസ്ടി ഓഫീസറും കൊല്ലം കൊറ്റങ്കര പേരൂർ സ്വദേശിയുമായ അജികുമാറി(52)നെ കാണാതായത് കഴിഞ്ഞ മാസം 30 നായിരുന്നു. ഒടുവിൽ വീട്ടുകാർക്ക് ആശ്വാസ വാർത്ത എത്തി. അജികുമാറിനെ തമിഴ്‌നാട്ടിൽ നിന്നും കണ്ടെത്തി.

രണ്ടാഴ്‌ച്ചയിലധികമായി കാണാതായ അജികുമാറിനെ തൂത്തുക്കുടിയിൽ നിന്നുമാണ് പൊലീസ് കണ്ടെത്തിയത്. അജികുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് കാണാതായത്. താമസിച്ചിരുന്ന ലോഡ്ജിൽ നിന്ന് കഴിഞ്ഞ മാസം മുപ്പതാം തീയതി വീട്ടിലേക്ക് പുറപ്പെട്ട അജികുമാറിനെ കാണാതാവുകയായിരുന്നു.

പുനലൂർ ഓഫീസിൽ ജോലി ചെയ്തിരുന്ന സമയത്ത് ഫയലുകൾ കാണാതായതുമായി ബന്ധപ്പെട്ട് അജികുമാർ കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായും ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പുനലൂരിലെ ഓഫീസിൽ നിന്നും എറണാകുളത്തേക്ക് സ്ഥലം മാറ്റം ലഭിച്ചു. ഒരുമാസത്തിന് ശേഷം മകന്റെ എംബിബിഎസ് പ്രവേശനത്തിന് രണ്ടുമാസത്തെ അവധിയെടുത്തു. ജോലിയിൽ തിരികെ പ്രവേശിക്കാനായി 29ന് പോയെങ്കിലും അവധി നീട്ടിയെടുത്തു. 30ന് രാവിലെ 10.30ന് ലോഡ്ജിൽ നിന്നും പുറപ്പെട്ടുവെന്ന് വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും ഇതിനുശേഷം ഫോൺ സ്വിച്ച് ഓഫായി.

കൊച്ചി ഇൻഫോ പാർക്ക് പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അജികുമാറിനെ കണ്ടെത്തിയത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി കുടുംബം മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഹൈക്കോടതിയേയും ബന്ധുക്കൾ സമീപിച്ചിരുന്നു. വൈകുന്നേരത്തോടെ അജികുമാറിനെ കൊച്ചിയിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അജി കുമാറിനെ കൊച്ചിയിലെത്തിച്ച ശേഷം കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയുമെന്ന് പൊലീസ് വ്യക്തമാക്കി.

കാക്കനാട് ഇൻഫോപാർക്ക് പൊലീസ് ഇൻസ്‌പെക്ടർ ടി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്. കൊല്ലം കിളികൊല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഇൻഫോപാർക്ക് പൊലീസിനു കൈമാറുകയായിരുന്നു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന് വീട്ടുകാർ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്.