തൊടുപുഴ: വീട്ടിൽ താലിമാലയുൾപ്പെടെ അഴിച്ചുവച്ച് ഇറങ്ങിപ്പോയ യുവതിക്കായി പന്നിയാർ പുഴയിൽ രണ്ടുദിവസമായി നാട്ടുകാരും ഫയർഫോഴ്‌സും തിരച്ചിൽ നടത്തിവരുന്നതിനിടെ യുവതിയെ കാമുകന്റെ വീട്ടിൽ നിന്നും പൊക്കി പൊലീസ്. കാണാതായ യുവതിക്കായി തിരച്ചിൽ സംഘത്തോടൊപ്പം മുൻനിരയിൽ നിന്ന് വിലസി നടന്ന് കാമുകനും.

രാജകുമാരിക്ക് സമീപമാണ് സംഭവം. ഭർത്തൃവീട്ടിൽ നിന്നും പിണങ്ങിയിറങ്ങി പോയ യുവതി പുഴയിൽചാടി മരിച്ചിരിക്കാമെന്ന സംശയമുണർന്നതോടെ ആണ് അവർക്കായി തിരച്ചിൽ നടന്നത്. എന്നാൽ പന്തികേടു തോന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കാമുകന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്.

നാട്ടുകാരെയും പൊലീസിനെയും അഗ്നിശമനസേനയെയും വട്ടംകറക്കിയ സംഭവത്തിൽ രണ്ടു ദിവസത്തിനു ശേഷം ശാന്തമ്പാറ സിഐ ടി.ആർ.പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവതിയെ കണ്ടെത്തിയത്. പൂപ്പാറ സ്വദേശി നെവിന്റെ (22) വീട്ടിൽനിന്ന് യുവതിയെ കണ്ടെത്തിയതോടെ ഇവർ ആത്മഹത്യചെയ്തതാണോ അതോ പുഴയിൽ വീണു മരിച്ചതാണോ എന്ന നാട്ടുകാരുടെ ആശങ്കയ്ക്കും വിരാമമായി.

ഞായറാഴ്ച പുലർച്ചെ രണ്ടു മണിക്കാണ് പൂപ്പാറയിലെ ബന്ധു വീട്ടിൽ നിന്ന് യുവതി പുറപ്പെട്ടു പോയത്. ഇവർ പന്നിയാർ പുഴയിലെ ഒഴുക്കിൽ അകപ്പെട്ടതാകാമെന്നും അതോ ആത്മഹത്യചെയ്തുവോ എന്നുമെല്ലാമായി ഊഹാപോഹങ്ങൾ പ്രചരിച്ചു. ഇതോടെ പന്നിയാർ പുഴയിൽ മൂന്ന് കിലോമീറ്ററോളം ദൂരത്തിൽ തിരച്ചിൽ നടത്തി വരികയായിരുന്നു. എന്നാൽ യുവതി വീട്ടിലുണ്ടെന്ന വിവരം മറച്ചുവച്ച് കാമുകൻ നെവിനും തിരച്ചിലിൽ പങ്കെടുത്തിരുന്നു.

ഞായർ ഉച്ചയോടെ ആനയിറങ്കൽ അണക്കെട്ടിന്റെ സ്ലൂയിസ് വാൽവ് തുറന്നതിനാൽ പന്നിയാർ പുഴയിൽ നീരൊഴുക്ക് ശക്തമായിരുന്നു. ഇതോടെയാണ് ആപത്തിൽ പെട്ടോ എന്ന സംശയം ഉയർന്നത്. പിന്നീട് വാൽവ് അടച്ച് പുഴയിലെ ജലനിരപ്പു കുറച്ച ശേഷമാണ് തിരച്ചിൽ നടത്തിയത്.

ഏഴു മാസം മുൻപാണ് യുവതിയും മധുര സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നടന്നത്. രണ്ടു മാസം മുൻപ് യുവതി ഭർതൃവീട്ടുകാരുമായി പിണങ്ങി പൂപ്പാറയിലെ സ്വന്തം വീട്ടിലെത്തി. ഏതാനും നാളുകളായി പന്നിയാർ പുഴയുടെ തീരത്തുള്ള വല്യമ്മയുടെ വീട്ടിലായിരുന്നു താമസം. അടുത്തിടെ മധുരയിൽനിന്ന് ഭർത്താവും ബന്ധുക്കളും പൂപ്പാറയിലെത്തി മാതാപിതാക്കളുമായി ചർച്ച നടത്തി ഒത്തുതീർപ്പിലെത്തിയതിനെ തുടർന്ന് തിങ്കളാഴ്ച മധുരയിലേക്ക് മടങ്ങാം എന്ന് യുവതി സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന്റ അടിസ്ഥാനത്തിൽ ഭർത്താവും കൂട്ടരും മടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച യുവതിയെ കാണാതായത്.

താലിമാല അടക്കമുള്ള സ്വർണാഭരണങ്ങൾ വീടിനകത്ത് ഊരിവച്ച ശേഷമാണ് യുവതി പോയത്. ഇതാണ് പുഴയിൽ ചാടിയതാകാമെന്ന സംശയത്തിന് കാരണമായത്. തിരച്ചിൽ നടത്തിയി്ട്ടും ഫലമൊന്നുമുണ്ടാവാതെ വന്നതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇതോടെയാണ് പഴയ പ്രണയത്തെക്കുറിച്ചും കാമുകനെക്കുറിച്ചുമുള്ള വിവരം ലഭിച്ചത്. എന്നാൽ ഇയാളും തിരച്ചിലിന് ഉണ്ടായിരുന്നതിനാൽ ആദ്യം സംശയവും ഉണ്ടായില്ല. എന്നാലും നെവിന്റെ വീട്ടിൽ കൂടെ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത് നിർണായകമായി. ഇങ്ങനെയാണ് യുവതി കാമുകന്റെ വീട്ടിലുണ്ടെന്ന് കണ്ടെത്തുന്നത്. മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്തതിനാൽ പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കി. കാമുകൻ നെവിനെ പൊലീസ് താക്കീത് നൽകി വിട്ടയച്ചു.