- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒൻപതാം ക്ലാസിലെ പ്രണയത്തെ വീട്ടുകാർ എതിർത്തു; ഇരട്ടസഹോദരിമാർ സഹപാഠികൾക്കൊപ്പം വീടുവിട്ടിറങ്ങി; ആദ്യം പൊള്ളാച്ചിയിൽ; ഊട്ടിയിലെത്തി മുറിയെടുത്തു; കൈവശമുണ്ടായിരുന്നത് 9100 രൂപയും ഡയമണ്ട് ലോക്കറ്റും; കണ്ടെത്തിയത് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ
പാലക്കാട്: ആലത്തൂരിലെ ഇരട്ട സഹോദരിമാരടക്കം സഹപാഠികളായ നാല് ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ വീട് വിട്ടിറങ്ങിയത് വീട്ടുകാർ പ്രണയത്തെ എതിർത്തതിനാലെന്ന് മൊഴി. ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആൺകുട്ടികളും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാർ പ്രണയത്തെ എതിർത്തതിനാലാണ് വീട് വിട്ടിറങ്ങിയതെന്നും വിദ്യാർത്ഥികൾ റെയിൽവേ പൊലീസിനോട് പറഞ്ഞു. തമിഴ്നാട്ടിലെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഒമ്പതാംക്ലാസ് വിദ്യാർത്ഥികളായ നാലുപേരെയും പൊലീസ് കണ്ടെത്തിയത്.
പൊലീസ് പിടിയിലാകുമ്പോൾ കുട്ടികളുടെ കൈവശം 9,100 രൂപയും 40,000 രൂപ വിലവരുന്ന ആഭരണങ്ങളും ഉണ്ടായിരുന്നതായും കോയമ്പത്തൂർ ആർപിഎഫ് വ്യക്തമാക്കി. കുട്ടികൾ നാടുവിട്ട് പോയത് ഗെയിം കളിക്കാനാണെന്നായിരുന്നു കേരളാ പൊലീസ് നേരത്തെ വിശദീകരിച്ചത്.
നവംബർ മൂന്നാം തീയതി ആലത്തൂരിൽനിന്ന് വീട്ടിൽ നിന്നിറങ്ങിയ ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആൺകുട്ടികളും ആദ്യം പൊള്ളാച്ചിക്കൊണ് പോയത്. പിന്നീട് ഊട്ടിയിലെത്തിയ ഇവർ ബസ് സ്റ്റാൻഡിന് സമീപം ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു. ഇന്ന് ഊട്ടിയിൽ നിന്നാണ് നാല് പേരും കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. റെയിൽവേ പൊലീസ് കണ്ടെത്തുമ്പോൾ 9100 രൂപയും 40,000 രൂപ വിലവരുന്ന ഡയമണ്ട് ലോക്കറ്റും ചെയ്നും ഇവരുടെ പക്കലുണ്ടായിരുന്നു.
നേരത്തെ, പാലക്കാട് ബസ് സ്റ്റാൻഡിലെ സിസിടിവികളിൽനിന്ന് ഇവരുടെ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഗോപാലപുരം വഴി തമിഴ്നാട്ടിലേക്ക് പോയെന്ന വിവരം ലഭിച്ചതോടെ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ പൊള്ളാച്ചിയിൽനിന്നും കുട്ടികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. തുടർന്ന് പൊള്ളാച്ചി, കോയമ്പത്തൂർ മേഖലകൾ കേന്ദ്രീകരിച്ച് തിരച്ചിൽ ഊർജിതമാക്കുകയായിരുന്നു.
പൊള്ളാച്ചിയിൽ നിന്ന് കുട്ടികളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ഇവർ തമിഴ്നാട്ടിലുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചത്. പരിസര പ്രദേശങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും അപ്പോഴേക്കും കുട്ടികൾ അവിടെ നിന്നും കടന്ന് കളഞ്ഞിരുന്നു. കാണാതായ നാല് വിദ്യാർത്ഥികളുടെ ചിത്രങ്ങൾ വച്ചുള്ള പോസ്റ്റർ അടക്കം തമിഴ്നാട്ടിൽ എത്തിച്ചാണ് പിന്നീട് അന്വേഷണം നടത്തിയത്. ഇതിലൂടെയാണ് കുട്ടികളെ കണ്ടെത്തിയത്.
ഫ്രീ ഫയർ മൊബൈൽ ഗെയിം നാല് പേരെയും സ്വാധീനിച്ചിരുന്നുവെന്നും നാല് പേരും ഗെയിമിൽ ഒരു സ്ക്വാഡ് ആയിരുന്നുവെന്നുമാണ് സഹപാഠികളെ ചോദ്യം ചെയ്ത ശേഷം പൊലീസിന്റെ നിഗമനം. ഫ്രീ ഫയർ ടൂർണമെന്റിൽ പങ്കെടുക്കാനാണ് കുട്ടികൾ വീട്ടിൽ നിന്നിറങ്ങിയതെന്നും പൊലീസ് അറിയിച്ചിരുന്നു. ഇവരുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. എന്നാൽ തങ്ങൾ പ്രണയത്തിലായിരുന്നുവെന്ന കുട്ടികളുടെ മൊഴി ഇതെല്ലാം തള്ളുന്നതാണ്.
മറുനാടന് മലയാളി ബ്യൂറോ