മൗണ്ട്എവറസ്റ്റ്: കാലുകൾ പുഴുവരിച്ച് മുടികൾ കൊഴിഞ്ഞ് ആരുമില്ലാത്തിടത്ത് ഒറ്റപ്പെട്ടുപോവുന്നവരുടെ കഥ ലിയാങ് ഷെംങ്യുവെന്ന തായ്വാൻകാരന് പണ്ട് മുത്തശ്ശിയാണ് പറഞ്ഞ് കൊടുത്തത്.

അന്ന് കേട്ട കഥ തന്റെ ജീവിതത്തിൽ വന്നുഭവിച്ചത് ഭീതിയോടെ ഓർക്കുകയാണ് ആശുപത്രി കിടക്കയിൽ കിടന്നും ഇന്ന് ഈ ചെറുപ്പക്കാരൻ. പറഞ്ഞ് വരുന്നത് ട്രക്കിങ്ങിനിടെ 47 ദിവസം ഹിമാലയൻ മലനിരയുടെ വിജനമായ ഭാഗത്ത് ഒറ്റപ്പെട്ടുപോയ ശേഷം ഒടുവിൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയ തായ്വാൻ വിദ്യാർത്ഥി ലിയാങ് ഷെംങ് യുവിന്റെ വിശേഷമാണ്.

മാർച്ച് ഒമ്പതിനാണ് ലിയാംങ് ഷെംങ്യുവും കാമുകി ല്യു ഷെൻ ചുന്നും ട്രക്കിങ്ങിനായി ഹിമാലയൻ താഴ്‌വരയിലെത്തിയത്. ദോങ്ഹ്വ സർവകലാശാലയിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളാണ് ഇരുവരും. മാർച്ച് ഒമ്പതിന് ട്രക്കിങ് ആരംഭിച്ചെങ്കിലും കനത്ത മഞ്ഞ വീഴ്ചയിൽ ഇരുവരും ഒറ്റപ്പെട്ട് പോവുകയായിരുന്നുവെന്ന് ചികിത്സയിലിരിക്കെ ലിയാംങ് ഷെംങ്യു ഡോക്ടർമാരോട് പറഞ്ഞു. രക്ഷിതാക്കളുടെ പരാതിയിൽ ഒന്നരമാസത്തോളമായി ഇവർക്ക് വേണ്ടി അധികൃതർ തിരച്ചിലിലായിരുന്നു.

മഞ്ഞിൽ പൊതിഞ്ഞിരിക്കുന്ന നിലയിൽ കഴിഞ്ഞ ദിവസം പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. അധികൃതർ ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ലിയാംങ് ഷെംങ്യുവിനെ മാത്രമേ രക്ഷപ്പെടുത്താൻ കഴിഞ്ഞുള്ളൂ. പെൺകുട്ടി മൂന്ന് ദിവസം മുന്നെ മരണമടഞ്ഞിരുന്നു. രക്ഷപ്പെട്ട ലിയാംങിന്റെ കാല് പുഴുവരിച്ച നിലയിലാണ്. മുപ്പത് കിലോയോളം തൂക്കവും കുറഞ്ഞിട്ടുണ്ട്. മുടി പൂർണമായും കൊഴിഞ്ഞുപോയതായും ഡോക്ടർമാർ പറഞ്ഞു. ഇവരെ കാണാതായതോടെ ബന്ധുക്കളാണ് പരാതിയുമായി പൊലീസ് അധികൃതരെ സമീപിച്ചത്.

പ്രദേശവാസികൾ അറിയിച്ചതനുസരിച്ച് ഹെലികോപ്റ്ററിലെത്തിയാണ് ലിയാംങിനെ സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്. കടുത്ത മഞ്ഞുവീഴ്ച അവഗണിച്ച് യാത്ര തുടർന്ന ഇവർ യാത്രയ്ക്കിടെ താഴേക്ക് തെന്നിവീഴുകയും തിരിച്ച് കയറാൻ പറ്റാതാവുകയും ചെയ്തതാണ് അപകടകാരണമെന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർ വിശദീകരിക്കുന്നത്. എങ്കിലും ഇയാൾ ഇപ്പോൾ ആരോഗ്യനില വീണ്ടെടുത്തതായി ഡോക്ടർമാർ പറഞ്ഞു