കൊച്ചി: ജിസിൽ മാത്യു എവിടെ പോയി? സ്വന്തം ഇഷ്ടപ്രകാരം ഒളിച്ചോടി പോയതാണോ അതോ ആരെങ്കിലും തട്ടിക്കൊണ്ടു പോയതോ? കുടുംബങ്ങൾക്കൊപ്പം സോഷ്യൽ മീഡിയയും ഏതാനും നാളുകളായി ചോദിക്കുന്ന ചോദ്യത്തിന് ഒടുവിൽ ഉത്തരംകിട്ടി. ജിസിൽ മാത്യുവെന്ന നവവധു ഭർതൃവീട്ടിൽ നിന്നും പിണങ്ങി ഒളിച്ചോടി പോയതാണ്.. ഇപ്പോൾ ചെന്നൈയിൽ താമസിച്ച് ജോലി അന്വേഷിച്ചു വരുന്നു.

കാക്കനാട്ടെ പ്രത്യേക സാമ്പത്തിക മേഖലയിൽ ഇന്റർവ്യൂവിന് പോകുന്നുവെന്ന് പറഞ്ഞ് പോയ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് ജോബിൻ ജോൺ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതോടെയാണ് വിഷയം സോഷ്യൽ മീഡിയയിലും ചർച്ചയായത്. ജിസിലിന്റെ സഹോദരനും തന്റെ സഹോദരിയെ കണ്ടെത്താൻ സഹായിക്കണം എന്നാവശ്യപ്പെട്ട് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു ഇതോടെ ചിത്രങ്ങൾ സഹിതമുള്ള ഈ പോസ്റ്റ് വൈറലാകുകയും ചെയ്തു. ഇതിനിടെ പൊലീസ് അന്വേഷണം നടന്നെങ്കിലും കാര്യമായ വിവരം ലഭിച്ചിരുന്നില്ല. ഒടുവിൽ ജിസിലിന്റെ ഭാർത്താവ് ജോബിൻ ജോൺ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് നൽകിയ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തതോടെയാണ് സംഭവത്തിലെ ദുരൂഹത നീങ്ങിയത്.

താൻ ആരുടെയും പ്രേരണയില്ലാതെ, സ്വയം ഭർത്തൃഗൃഹം വിടുകയായിരുന്നെന്ന് ഹേബിയസ് കോർപ്പസ് ഹർജിയിലെ നടപടികൾക്കിടെ ജിസിൽ കോടതിയെ അറിയിച്ചു. തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും ജിസിൽ വ്യക്തമാക്കി. ജീവനും സ്വത്തിനും പൊലീസ് സംരക്ഷണം നൽകിയാൽ കോടതിയിൽ ഹാജരാകാൻ തയാറാണെന്നും അറിയിച്ചു. യുവതി ഏഴിനു രാവിലെ 10.15നു കോടതിയിൽ ഹാജരാകാൻ ജസ്റ്റിസ് പി. ഉബൈദ് ഉത്തരവിട്ടു. അതിനുമുൻപു തൃക്കാക്കര പൊലീസിൽ ഹാജരായി വിശദീകരണപത്രിക നൽകണമെന്നും നിർദ്ദേശിച്ചു.

മാർച്ച് 5ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്ന താൻ ചെന്നൈയിൽ പേയിങ് ഗസ്റ്റ് ആയി താമസിച്ച് ജോലിക്ക് ശ്രമിക്കുകയാണെന്നും ജിസിൽ അറിയിച്ചിട്ടുണ്ട്. തനിക്കു താൽപര്യമില്ലാതെ വീട്ടുകാർ നിർബന്ധിച്ചു വിവാഹം നടത്തിയതാണെന്നും പിതാവോ ഭർത്താവോ തന്റെ ആഗ്രഹങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും യുവതി ആരോപിച്ചു.

'വീട്ടുകാരുടെ നിർബന്ധം കൊണ്ടാണ് ജോബിൻ ജോണിയുമായുള്ള വിവാഹത്തിന് സമ്മതിച്ചത്. ഭീഷണിപ്പെടുത്തി നിർബന്ധപൂർവം കല്യാണം നടത്തുകയായിരുന്നു. വിവാഹശേഷം ഭർതൃവീട്ടിൽനിന്ന് പുറത്തുകടക്കാൻ അനുമതിയുണ്ടായിരുന്നില്ല. അതിനാലാണ് അവസരമുണ്ടാക്കി ഭർതൃഗൃഹം വിട്ടുപോയി മാറിത്താമസിക്കുന്നത്. വിദ്യാസമ്പന്നയായ താൻ ഇപ്പോൾ ജോലി അന്വേഷിക്കുകയാണ്. വീട്ടിലേക്ക് തിരിച്ചുപോകാൻ ആഗ്രഹമില്ല. ജീവനും സ്വത്തിനും സംരക്ഷണം കോടതി നൽകണം' - ജിസിൽ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി.

കാക്കനാട് പടമുകളിൽ ഭർത്താവിനൊപ്പം താമസിക്കുന്ന ജിസിലിനെ മാർച്ച് അഞ്ചിന് കാണാതായതിനത്തെുടർന്ന് ലഭിച്ച പരാതിയിൽ തൃക്കാക്കര പൊലീസാണ് അന്വേഷണം നടത്തുന്നത്. ഇന്റർവ്യൂ നടക്കുന്ന ഹൈടെക് ഔട്ട്‌സോഴ്‌സിങ് സർവീസസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തിയ ജിസിൽ അര മണിക്കൂറിനുള്ളിൽ മടങ്ങിയെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

എൻജിനിയറിങ് ബിരുദധാരിയായ യുവതി ബംഗളുരുവിൽ ജോലി ചെയ്യവെയാണ് രണ്ട് മാസം മുമ്പായിരുന്നു ജോബിനെ വിവാഹം ചെയ്തത്. ഇൻഫോപാർക്കിൽ സോഫ്ട്‌വെയർ എൻജിനിയറാണ് ആലക്കോട് സ്വദേശിയായ ജോബിൻ. ജനുവരി മുതലാണ് ഇവർ എറണാകുളത്ത് ഭർത്താവിനൊപ്പം താമസമാക്കിയത്.

ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ