കോതമംഗലം: പൂപ്പാറയ്ക്ക് പോകാനിറങ്ങി കാണാതായ അമ്പത്തഞ്ചുകാരിയെ അഞ്ചുമാസത്തിന് ശേഷം കോയമ്പത്തൂരിൽ കണ്ടെത്തി. കാണാതായ അമ്മയെ അന്വേഷിച്ചിറങ്ങിയ മകനും പരാതി അന്വേഷിച്ച പൊലീസിനും ഇതോടെ ആശ്വാസമായി. അഞ്ചുമാസം മുമ്പാണ് രാധയെ കാണാതായത്. പൂപ്പാറയ്ക്ക് പോകാൻ ലക്ഷ്യമിട്ട് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ബസ്സ് കയറിയതായിരുന്നു രാധ. ഇവർ ചെന്നെത്തിയത് കോയമ്പത്തൂരിലാണെന്ന വിവരം ലഭിച്ചതോടെ പൊലീസും ഇവരുടെ മകനും ചെന്ന് അവരെ തിരികെ നാട്ടിലേക്ക് കൊണ്ടുവരിയാണ് ഇപ്പോൾ.

ഇന്ന് ഉച്ചയോടെയാണ് ഈ വർഷം ഓഗസ്റ്റ് മുതൽ കാണാതായ പൂപ്പാറ മൂതലത്തറ പുത്തൻപുര വീട്ടിൽ രാജന്റെ ഭാര്യ രാധയെ(55) കോയംമ്പത്തൂർ ചെട്ടിപ്പാളയത്ത് ജേക്കബ്ബ്്‌സ് കെയർ സെന്ററിൽ നിന്നും കുട്ടമ്പുഴ എസ് ഐ ബ്രിജുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ടെത്തിയത്.

നാലമാസത്തോളമായി രാധ ഈ വയോധികസദനത്തിലെ അന്തേവാസിയായിരുന്നു എന്നാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ ജേക്കബ് പൊലീസിന് നൽകിയ വിവരം. തനിക്ക് ഇവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ലന്നും ഒപ്പമുണ്ടായിരുന്നവരെല്ലാം നല്ലരീതിയിലാണ് തന്നോട് പെരുമാറിയതെന്നുമാണ് മകൻ അനീഷീനോടും ഒപ്പമെത്തിയ പൊലീസ് സംഘത്തോടും രാധ ഏറെ സന്തോഷത്തോടെ പങ്കുവച്ച വിവരം.

അമ്മയെ കാണാനില്ലെന്ന കാര്യം മകൻ അനീഷ് അറിയുന്നത് പിതാവിന്റെ മരണമറിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ്. ഇതേ തുടർന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇപ്പോൾ മാസങ്ങൾ നീണ്ട തിരോധാനത്തിന്റെ ചുരുളഴിച്ചത് വയോധികസദനത്തിലെ ജീനവക്കാരിയുടെ ഇടപെടലിലൂടെയാണ്. ഇതോടെ പൊലീസ് സാന്നിദ്ധ്യത്തിൽ മാതാവും മകനും പരസ്പരം കണ്ടുമുട്ടിയപ്പോൾ ദൃശ്യമായത് വാക്കുകൾക്കപ്പുറമുള്ള സ്‌നേഹപ്രകടനം. കണ്ടുനിന്നവരുടെ മനസ്സിൽ സന്തോഷം നിറച്ച പുനഃസമാഗമം.

കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനടുത്തേ് ബസ്റ്റോപ്പിൽ അവശനിലയിൽ കണ്ട രാധയെ വയോധികസദനം പ്രൊജക്ട് ഓഫീസർ ഗുണശേഖർ കണ്ടെത്തുകയും കാര്യങ്ങൾ കേട്ടറിഞ്ഞപ്പോൾ കൂട്ടിക്കൊണ്ടുവന്ന് ബന്ധപ്പെട്ട അധികൃതരുടെ സമ്മതത്തോടെ സംരക്ഷിച്ചു വരികയുമായിരുന്നു.അങ്കമാലി വരെ ബസ്സിൽ എത്തിയ താൻ ഇവിടെ നിന്നും ട്രെയിൻ കയറുകയായിരുന്നൊണ് രാധ ഈയവസരത്തിൽ തന്നോട് പറഞ്ഞതെന്ന് ഗുണശേഖരൻ പൊലീസിനോട് വ്യക്തമാക്കി.

വയോധികസദനത്തിലെ സുര്യനെല്ലി സ്വദേശിനിയായ ജീവനക്കാരി ചിത്രയുടെ ഇടപെടലാണ് രാധയെ കണ്ടെത്താൻ വീട്ടുകാർക്കും പൊലീസിനും സഹായകമായത്.രാധയിൽ നിന്നും നാട്ടിലെ വിലാസം ചോദിച്ചറിഞ്ഞ ചിത്ര ഈ വിവരം തന്റെ സഹോദരന് കൈമാറുകയും ഇയാൾ രാധയുടെ വീട്ടിൽ വിവരമറിയിക്കാൻ നാട്ടിലെ ഹോട്ടൽ നടത്തിപ്പുകാരനെ ചുമതലപ്പെടുത്തുകയുമായിരുന്നു.

മാതാവിന്റെ തിരോധാനം സംമ്പന്ധിച്ച് അനീഷ് നൽകുന്ന വിവരം ഇങ്ങനെ:

കഴിഞ്ഞ മാസം ഒന്നിന് പിതാവ് രാജന്റെ മരണം സുഹൃത്ത് വിളിച്ചറിയിച്ചതനുസരിച്ചാണ്് വീട്ടിലെത്തുന്നത്. ജോലി ആവശ്യത്തിലേക്കായി വർഷങ്ങളായി കുടുംമ്പസമേതം കൊച്ചിയിലാണ് താമസം. പിതാവും മാതാവും മാത്രമാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. ഓണത്തിന് പതിനഞ്ച് ദിവസം മുമ്പ് അമ്മ വടാട്ടുപാറയിൽ അമ്മാവൻ സുരേഷിന്റെ വീട്ടിലേക്ക് പോകുന്നതായി പറഞ്ഞിരുന്നു. അച്ഛന്റെ മരണാവശ്യത്തിനായി വീട്ടിലെത്തിയപ്പോൾ മാത്രമാണ് അമ്മ സ്ഥലത്തില്ലന്ന് വ്യക്തമായത്. അമ്മാവനെ വിളിച്ച് അന്വേഷിക്കുമ്പോഴാണ് മാസങ്ങൾക്ക് മുമ്പ് അമ്മ വടാട്ടുപാറയിൽ നിന്നും പോന്നതായി വ്യക്തമായത്.

തുടർന്ന് പിതാവിന്റെ മരണ ചടങ്ങുകൾ പൂർത്തിയാക്കി. ബന്ധുവീടുകളെല്ലാം അമ്മയെ തേടി. ഫലമില്ലാതെ വന്നതോടെ കഴിഞ്ഞ മാസം അഞ്ചിന് കുട്ടമ്പുഴ പൊലീസിൽ പരാതി നൽകി. ഇതിനിടയിലാണ് ചിത്രയിൽ നിന്ന വിവരങ്ങൾ എത്തുന്നത്. പൊലീസിനൊപ്പമുള്ള മടക്കയാത്രയിൽ പാലക്കാട് ഭക്ഷണത്തിന് ഹോട്ടലിൽ കയറിയപ്പോഴാണ് അനീഷ് മറുനാടനുമായി വിവരങ്ങൾ പങ്കിട്ടത്.

പൊലീസ് അന്വേഷണത്തിലും ഇടപെടലിലും സംതൃപ്തനാണെന്നും ഇനി മാതാവിനെ ഒപ്പുകൂട്ടന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും അനീഷ് വ്യക്തമാക്കി. പുലർച്ചെ കോയമ്പത്തൂരിന് തിരിച്ച പൊലീസ് സംഘം രാധയേയും കൂട്ടി വൈകിട്ടോടെ കുട്ടമ്പുഴയിലെത്തും.സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എൽദോസ് പി വി,ജയ്‌സൺ വനിത കോൺസ്റ്റബിൾ സൗമ്യ എന്നിവരും അന്വേഷണത്തിൽ പങ്കാളികളായിരുന്നു.