ശൈശവത്തിലുണ്ടാകുന്ന നിരവധി രോഗങ്ങളെ ചെറുക്കാൻ വാക്‌സിനേഷനെപ്പോലെ ചെലവു കുറഞ്ഞ ഒരു സംവിധാനമില്ലെന്ന് ലോകമാസകലം അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ഗർഭിണികൾ, ശിശുക്കൾ, കുട്ടികൾ എന്നിവർക്ക് രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലായതിനാലാണ് വാക്‌സിനേഷൻ പരിപാടിയിൽ അവർക്ക് അതീവ ശ്രദ്ധ നല്കുന്നത്. ഡിഫ്തീരിയ, ടെറ്റനസ്, പോളിയോ, അഞ്ചാംപനി, ഹെപ്റ്റിറ്റിസ്-ബി, വില്ലൻ ചുമ എന്നീ രോഗങ്ങൾക്കെതിരെയാണ് സാർവ്വത്രിക രോഗ പ്രതിരോധ പരിപാടി ലോകരാഷ്ട്രങ്ങൾ നടപ്പാക്കി വരുന്നത്. സാർവ്വത്രിക രോഗ പ്രതിരോധ പരിപാടിയെന്ന് പേരുണ്ടെങ്കിലും വാക്‌സിനേഷന്റെ പ്രയോജനം താഴെ തലങ്ങളിൽ ഇനിയും എത്തിയിട്ടില്ല. വികസ്വര രാഷ്ട്രങ്ങളിലാണ് വാക്‌സിനേഷൻ ഇനിയും താഴെ തലങ്ങളിൽ വ്യാപിക്കാത്തത്. മാതാപിതാക്കൾക്ക് വാക്‌സിനുകളെ കുറിച്ചുള്ള ഭയമാകാം ഇതിന് കാരണം ബോധവൽക്കരണ പരിപാടികളിൽ കൂടി ഈ പ്രതിസന്ധി തരണം ചെയ്യാൻ കഴിയും.

ഇന്ത്യയിൽ പ്രതിവർഷം 2.7 കോടി ശിശുക്കൾ ജനിക്കുന്നു. അഞ്ചാം ജന്മദിനത്തിനുമുമ്പ് ഇതിൽ ഏതാണ്ട് 18.3 ലക്ഷം കുഞ്ഞുങ്ങൾ മരണമടയുന്നു. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലായിരിക്കും രോഗബാധയെ തുടർന്നുള്ള ശിശുമരണം കൂടുതലും ഉണ്ടാകുന്നത്. വാക്‌സിനേഷൻ കൊണ്ടു മാത്രം തടയാൻ കഴിയുന്ന രോഗങ്ങളെ തുടർന്ന് അഞ്ചുലക്ഷം കുഞ്ഞുങ്ങളാണ് ഇന്ത്യയിൽ മരണമടയുന്നത്. ഏതാണ്ട് മുപ്പതു ശതമാനത്തോളം ശിശുക്കൾക്ക് രോഗ പ്രതിരോധ നടപടികളുടെ പ്രയോജനം ലഭിക്കുന്നില്ല. അതായത് ഇന്ത്യയിലെ 89 ലക്ഷം ശിശുക്കൾക്ക് വാക്‌സിനേഷന്റെ പ്രയോജനം പൂർണ്ണ തോതിൽ ലഭിക്കുന്നില്ല. സാർവ്വത്രിക രോഗ പ്രതിരോധ പരിപാടിയിൽ ലഭ്യമായ വാക്‌സിനുകൾ, രാജ്യത്ത് ജനിക്കുന്ന മൂന്ന് കുഞ്ഞുങ്ങളിൽ ഒരാൾക്ക് എന്ന് തോതിൽ ലഭിക്കുന്നില്ലെന്ന് സാരം. നഗര പ്രദേശങ്ങളിലെ അഞ്ചുശതമാനം കുഞ്ഞുങ്ങൾക്കും, ഗ്രാമപ്രദേശങ്ങളിലെ എട്ടുശതമാനം കുഞ്ഞുങ്ങൾക്കും രോഗ പ്രതിരോധ വാക്‌സിനുകൾ ലഭിക്കുന്നില്ല.

സാർവ്വത്രിക രോഗ പ്രതിരോധ പരിപാടി

സാർവ്വത്രിക രോഗ പ്രതിരോധ പരിപാടി 1985 ൽ ഘട്ടം ഘട്ടമായി ഏർപ്പെടുത്തി. വാക്‌സിനേഷൻ പരിപാടിയിൽ ഡിഫ്തീരിയ, പോളിയോ, ബി.സി.ജി. വാക്‌സിനുകൾ ഒരു വയസ്സിനുള്ളിൽ ശിശുക്കൾക്ക് നല്കി വന്നിരുന്നു. ഇതിന്റെ കൂടെ 1985 ൽ അഞ്ചാം പനിക്കെതിരെയുള്ള വാക്‌സിൻ ഉൾപ്പെടുത്തി. 1990 ൽ വിറ്റാമിൻ - എ കൂടി ഉൾപ്പെടുത്തി. ഇപ്പോൾ ജപ്പാൻ ജ്വരത്തിനെതിരെയുള്ള വാക്‌സിനും ഈ രോഗ പ്രതിരോധ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജീവൻ രക്ഷാവാക്‌സിനുകൾ ഗുണഭോക്താക്കൾക്ക് ഇനിയും ലഭിക്കുന്നില്ല എന്ന വെല്ലുവിളി ബന്ധപ്പെട്ട ഏജൻസികൾ ഏറ്റെടുക്കേണ്ടതുണ്ട്. വാക്‌സിനുകൾ നല്കുന്നതിനുള്ള പശ്ചാത്തല സൗകര്യമില്ലാത്തതാണോ കാര്യം അതോ വാക്‌സിനേഷനെ സംബന്ധിച്ച് നിലനില്ക്കുന്ന തെറ്റായ ധാരണകളും അന്ധവിശ്വാസങ്ങളുമാണോ എന്നു കണ്ടെത്തണം. യുക്തമായ ബോധവൽക്കരണ നടപടികൾ ഏറ്റെടുത്തുകൊണ്ട്, കുറ്റമറ്റ സംവിധാനം ഇക്കാര്യത്തിൽ സൃഷ്ടിക്കാണം.
മിഷൻ ഇന്ദ്രധനുസ്

ഈ പശ്ചാത്തലത്തിലാണ് മിഷൻ ഇന്ദ്രധനുസിന് കേന്ദ്ര ഗവൺമെന്റ് 2014 ഡിസംബർ 25 ന് തുടക്കം കുറിച്ചത്. 201 ജില്ലകൾക്ക് പ്രാമുഖ്യം നല്കി വാക്‌സിനേഷൻ വിപുലമായ തോതിൽ നല്കുകയാണ് മിഷന്റെ ലക്ഷ്യം. രാജ്യത്ത്, വാക്‌സിനേഷൻ ലഭിക്കാത്തതോ, മതിയായ തോതിൽ ലഭിക്കാത്തതോ ആയ ശിശുക്കളുടെ 50 ശതമാനവും ഈ ജില്ലകളിലാണുള്ളത്. മിഷൻ ഇന്ദ്രധനുസ് ഡിഫ്തീരിയ, വില്ലൻചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, ഹെപ്പറ്റിറ്റിസ്-ബി എന്നീ രോഗങ്ങൾക്കെതിരായ ഏഴ് വാക്‌സിനുകൾ ലഭ്യമാക്കും. ഇതിനുപുറമെ ചില ജില്ലകളിൽ ജപ്പാൻ ജ്വരം, ബി-ടൈപ്പ് ഹീമോഫിലസ് ഇൻഫ്‌ളുവൻസ എന്നീ രോഗങ്ങൾക്കെതിരായ വാക്‌സിനുകൾ ലഭ്യമാക്കും. ഗർഭിണികൾക്ക് ടെറ്റനസിനെതിരെയുള്ള വാക്‌സിനുകൾ നല്കും.

2009-13 കാലയളവിൽ രോഗ പ്രതിരോധ പരിപാടിയുടെ പരിധി 61 ശതമാനത്തിൽ നിന്നും 65 ശതമാനമായി.അതായത് പ്രതിവർഷം ഒരു ശതമാനമെന്ന തോതിൽ നാമമാത്രമായ വർധന മാത്രം. രോഗപ്രതിരോധ പരിപാടി ത്വരിതപ്പെടുത്തി. 2020 ഓടെ ലക്ഷ്യം പൂർണ്ണമായി കൈവരിക്കുകയാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. ഒന്നാം ഘട്ടത്തിൽ 201 ജില്ലകളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 82 ജില്ലകൾ ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് വാക്‌സിനേഷനു വിധേയരാകാത്ത 25 ശതമാനം ശിശുക്കളും ഈ 82 ജില്ലകളിലാണുള്ളത്.

രണ്ടാംഘട്ടത്തിൽ 297 ജില്ലകളെയാണ് ലക്ഷ്യമിടുന്നത്. ഒരു വർഷം 5 ശതമാനം വർധന രോഗപ്രതിരോധത്തിൽ കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. അതായത് 65 ശതമാനമെന്ന നിലയിലുള്ള നേട്ടം. അടുത്ത അഞ്ചുവർഷം കൊണ്ട് 90 ശതമാനത്തിലെത്തിക്കും. ഈ വരുന്ന ജൂൺ 15 വരെ അഞ്ചു പ്രത്യേക വാക്‌സിനേഷൻ ക്യാംപുകൾ ഇതിനായി സംഘടിപ്പിക്കും. രണ്ടു വയസ്സിനു താഴെ പ്രായമുള്ള എല്ലാ ശിശുക്കളെയും ഈ പരിപാടിയുടെ പരിധിയിൽ കൊണ്ടു വരും. ടെറ്റനസ് ടോക്‌സോയിഡ് വാക്‌സിൻ ഈ ജില്ലകളിലെ ഗർഭിണികൾക്കും നല്കും. ഓരോ മാസവും ഏഴു ദിവസം മുതൽ 10 ദിവസം വരെ നീണ്ടു നില്ക്കുന്ന രോഗ പ്രതിരോധ പരിപാടി തുടർച്ചയായി നാലുമാസവും സംഘടിപ്പിക്കും.

ബൃഹത്തായ ഈ രോഗപ്രതിരോധ യജ്ഞം കുറ്റമറ്റതാക്കാൻ ലോകാരോഗ്യ സംഘടന, യൂണിസെഫ്, റോട്ടറി ഇന്റർനാഷണൽ എന്നീ സംഘടനകളുടെ സഹായം ഗവൺമെന്റ് തേടിയിട്ടുണ്ട്. പൂർണ്ണ തോതിൽ വാക്‌സിനേഷൻ യജ്ഞം വിജയിച്ചാൽ ലക്ഷക്കണക്കിന് ശിശുക്കളുടെ ജീവൻ രക്ഷിക്കാൻ കഴിയും. ശിശുമരണ നിരക്ക് കുറയ്ക്കുക വികസനത്തിന് അവശ്യം വേണ്ട ഘടകമാണ്.
കൊൽക്കൊത്ത പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഡയറക്ടറാണ് ഡോ.എച്ച്.ആർ. കേശവമൂർത്തി.