- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ചരിത്രനിമിഷം; മദർ തെരേസായുടെ പിൻഗാമിയായി മലയാളി സിസ്റ്റർ; മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയർ ജനറലായി സിസ്റ്റർ മേരി ജോസഫ്; തെരഞ്ഞെടുപ്പ് നടന്നത് കോൽക്കത്തയിലെ മദർ ഹൗസിൽ
കൊൽക്കത്ത: മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സഭയുടെ പുതിയ സുപ്പീരിയർ ജനറലായി മലയാളി സിസ്റ്റർ മേരി ജോസഫിനെ തെരഞ്ഞെടുത്തു. സന്യാസ സഭയുടെ കൊൽക്കത്തയിലുള്ള മദർ ഹൗസിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
വിശുദ്ധ മദർ തെരേസ സ്ഥാപിച്ച സഭയെ കഴിഞ്ഞ 13 വർഷമായി നയിച്ചുവന്നിരുന്നത് ജർമൻകാരിയായ സിസ്റ്റർ പ്രേമ (പിയറിക്) ആയിരുന്നു. ഇവരുടെ പിൻഗാമി ആയിട്ടാണ് സിസ്റ്റർ മേരി ജോസഫ് എത്തുന്നത്. തൃശൂർ മാള സ്വദേശിനിയാണ്.
സിസ്റ്റർ സഭയുടെ കേരള റീജന്റെ മേലധികാരിയയി ചുമതല നിർവഹിച്ചുവരവെയാണ് സുപ്പീരിയർ ജനറലായി തെരഞ്ഞെടുത്തത്. ആഗോള പ്രശസ്തമായ മിഷനറീസ് ഓഫ് ചാരിറ്റിയിൽ മദർ തെരേസയുടെ പിൻഗാമിമാരായി എത്തുന്നവർ ഏറെ മാധ്യമ ശ്രദ്ധയും സാമൂഹ്യശ്രദ്ധയും നേടാറുണ്ട്.
ആദ്യ കൗൺസിലറായി സിസ്റ്റർ ക്രിസ്റ്റീനയെയും രണ്ടാമത്തെ കൗൺസിലറായി സിസ്റ്റർ സിസിലിയെയും സന്യാസ സഭ തെരഞ്ഞെടുത്തിട്ടുണ്ട്. സിസ്റ്റർ മരിയ ജുവാൻ, പാട്രിക് എന്നിവരാണ് മൂന്നാമത്തെയും നാലാമത്തെയും കൗൺസിലർമാർ.
1997-2009 കാലഘട്ടത്തിൽ സഭയെ നയിച്ച നേപ്പാൾ വംശജയായ സിസ്റ്റർ നിർമല ജോഷിയാണ് വിശുദ്ധ മദർ തെരേസയ്ക്കു ശേഷം മിഷനറീസ് ഓഫ് ചാരിറ്റിയെ നയിച്ചത്. തുടർന്നാണ് സിസ്റ്റർ പ്രേമ ആ സ്ഥാനത്തേക്കു വന്നത്.
തൃശൂർ മാള, പൊയ്യ , പാറയിൽ പരേതരായ ദേവസിയുടെയും കൊച്ചുത്രേസ്യയുടെയും മകളാണ് സിസ്റ്റർ മേരി ജോസഫ്. ഇരുപതാമത്തെ വയസ്സിൽ മിഷണറീസ് ഓഫ് ചാരിറ്റിയിൽ ചേർന്ന സിസ്റ്റർ ദീർഘകാലം മദർ തെരേസായോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഫിലിപ്പീൻസ്, പോളണ്ട്, പാപുവ ന്യൂഗിനി എന്നീ രാജ്യങ്ങളിലും പ്രവർത്തിച്ചു.
മറുനാടന് മലയാളി ബ്യൂറോ