- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചികിൽസാപ്പിഴവിൽ ശോഭനയ്ക്ക് ദുരിത ജീവിതം; ശസ്ത്രക്രിയാ പിഴവ് വരുത്തിയ ആശുപത്രിയുടെ തുടർചികിൽസാ വാഗ്ദാനം പാഴ്വാക്കായപ്പോൾ ജീവിതവും വഴിമുട്ടി
ആലപ്പുഴ : നാല്പതു വയസ് കഴിഞ്ഞ സ്ത്രീകൾക്കു ഗർഭാശയസംബന്ധമായ അസുഖങ്ങളുണ്ടാകുന്നതു സാധാരണം. ഈ പ്രായത്തിൽ അമ്പതു ശതമാനത്തോളം പേരിൽ ഗർഭപാത്രത്തിൽ മുഴകൾ കാണപ്പെടാറുണ്ടെന്നാണു കണക്കുകൾ. വളരെ അപൂർവമായി മാത്രം അവ കാൻസറാകാം. അല്ലാത്തവ തുടക്കത്തിലാണെങ്കിൽ മരുന്നുകഴിച്ചു മാറ്റാം. ആ അവസ്ഥയല്ലെങ്കിൽ ശസ്ത്രക്രിയയിലൂടെ മുഴയോ ചിലപ്പോൾ ഗർഭപ
ആലപ്പുഴ : നാല്പതു വയസ് കഴിഞ്ഞ സ്ത്രീകൾക്കു ഗർഭാശയസംബന്ധമായ അസുഖങ്ങളുണ്ടാകുന്നതു സാധാരണം. ഈ പ്രായത്തിൽ അമ്പതു ശതമാനത്തോളം പേരിൽ ഗർഭപാത്രത്തിൽ മുഴകൾ കാണപ്പെടാറുണ്ടെന്നാണു കണക്കുകൾ. വളരെ അപൂർവമായി മാത്രം അവ കാൻസറാകാം. അല്ലാത്തവ തുടക്കത്തിലാണെങ്കിൽ മരുന്നുകഴിച്ചു മാറ്റാം. ആ അവസ്ഥയല്ലെങ്കിൽ ശസ്ത്രക്രിയയിലൂടെ മുഴയോ ചിലപ്പോൾ ഗർഭപാത്രമോ നീക്കം ചെയ്യേണ്ടി വരും.
അങ്ങനെ ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയയ്ക്കു വിധേയരായിട്ടുള്ള സ്ത്രീകളിൽ പിന്നീട് പലതരത്തിലുള്ള ശാരിരിക-മാനസികാസ്വസ്ഥതകളും ഹോർമോൺ അനന്തുലിതാവസ്ഥയെത്തുടർന്നുള്ള പ്രശ്‌നങ്ങളുമുണ്ടാകാറുണ്ട്. അതുകൊണ്ടു മറ്റു മാർഗങ്ങളില്ലെങ്കിൽ മാത്രമേ ശസ്ത്രക്രിയ നടത്തി ഗർഭപാത്രം നീക്കാറുള്ളൂ. എന്നാൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ മിക്കവയും ഈ രോഗത്തെ പണം വാരാനുള്ള മാർഗമായാണു കാണുന്നത്. ഒരു ശസ്ത്രക്രിയയ്ക്കു ശരാശരി 75,000 രൂപയാണ് ഈടാക്കുന്നത്. മരുന്നു കൊടുത്തു രോഗം ഭേദമാക്കിയാൽ പരമാവധി എത്ര രൂപ പിടുങ്ങാനാവും! പ്രസവിക്കാൻ വരുന്നവരെ സിസേറിയനു വിധേയരാക്കി വൻതുക ഈടാക്കുന്നതുപോലെ.
ഇങ്ങനെ വയറ്റിൽ വേദനയുമായി ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ ശോഭനയും ആരോഗ്യ മേഖലയിലെ മോശം പ്രവണതകളുടെ ഇരയാണ്. ഗർഭാശയത്തിലെ മുഴയാണെന്നും അതു നീക്കം ചെയ്യണമെന്നും ഗൈനക്കോളജിസ്റ്റ് പറഞ്ഞപ്പോൾ ശസ്്ത്രക്രിയയ്ക്കു വിധേയയായ ശോഭന ശസ്ത്രക്രിയാ പഴവിനെത്തുടർന്ന് ഇന്നു മരണത്തോട് മല്ലടിക്കുകയാണ്. ഇപ്പോൾ മൂന്നിടത്തുചികിത്സിച്ച് ഒടുവിൽ എറണാകുളത്തെ പി വി എസ് ആശുപത്രിയിൽ കഴിയുകയാണ് ശോഭന. രണ്ടുപതിറ്റാണ്ടോളം രാജ്യസേവനം നടത്തി തിരിച്ചെത്തിയ സൈനികനായ ചെട്ടികുളങ്ങര കൊയ്പള്ളി കാരായ്മയിൽ രാജമംഗലത്ത് സോമന്റെ ഭാര്യ ശോഭനയാണ് ദുരന്തം പേറി ചികിൽസയിൽ തുടരുന്നത്.
ശോഭനയെ കഴിഞ്ഞ ഏപ്രിൽ 28 നാണ് ഗർഭാശയസംബന്ധമായ അസുഖത്തെ തുടർന്ന് കായംകുളം കൃഷ്ണപുരത്തെ ജെ ജെ എന്ന പേരിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് ശോഭന അവശനിലയിലാവുകയായിരുന്നു. ഗർഭപാത്രം നീക്കം ചെയ്തതിനെ തുടർന്ന് മൂത്രം നിലയ്ക്കാത്ത അവസ്ഥയാണിപ്പോഴുള്ളത്. ഇതേ അവസ്ഥയിൽ 24 ദിവസമാണ് ശോഭന ഈ ആശുപത്രിയിൽ കഴിഞ്ഞത്. രോഗശമനം കാണത്തതിൽ സംശയം തോന്നിയ ഭർത്താവ് സോമൻ ഡോക്ടറോടു കാര്യങ്ങൾ തിരക്കിയപ്പോഴാകട്ടെ വിദഗ്ധചികിൽസ നിർദ്ദേശിച്ചു.
പുറത്തുനടത്തിയ വിശദമായ പരിശോധനയിൽ ശോഭനയുടെ മൂത്രാശയത്തിൽ മൂന്നു മുറിവുകളുണ്ടായതായി കണ്ടെത്തി. ഈ വിവരം ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ അറിയിച്ചപ്പോൾ ഇയാൾ സുഹ്യത്ത് നടത്തുന്ന കോട്ടയത്തെ മറ്റൊരു ആശുപത്രിയിൽ പോകാൻ നിർദ്ദേശിച്ചു. എന്നാൽ അവിടെ ചെന്നപ്പോഴാണറിയുന്നത്, അതൊരു ആശുപത്രിയല്ലെന്ന്്. അദ്ദേഹത്തിന്റെ സുഹൃത്ത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു വിരമിച്ച് സമീപ പ്രദേശങ്ങളിലെ വിവിധ ആശുപത്രികളിൽ ചികിത്സ നടത്തുന്ന ഈ ഡോക്ടറാകട്ടെ ചില ഗുളികകൾ നൽകിയതല്ലാതെ മറ്റൊന്നും ചെയ്തില്ല. കാര്യങ്ങൾ ആദ്യഡോക്ടറുമായി ചർച്ചചെയ്‌തോളാമെന്നുപറഞ്ഞ് തിരിച്ചയയ്ക്കുകയും ചെയ്തു.
കോട്ടയത്തേക്കു പറഞ്ഞയയ്ക്കുമ്പോൾ ശോഭനയുടെ പുറംചികിൽസയുമായി ബന്ധപ്പെട്ട മുഴുവൻ ചെലവുകൾ വഹിച്ചുകൊള്ളാമെന്ന് ഭർത്താവ് സോമന് ഡോക്ടർ ഉറപ്പ് നൽകിയിരുന്നു. ചികിത്സ നടത്തി നടത്തി സാമ്പത്തിക ഞെരുക്കത്തിലായ സോമൻ, ഡോക്ടറെ സമീപിച്ച് സഹായം അഭ്യർത്ഥിച്ചപ്പോൾ ഇയാൾ കാലുമാറി. നാളുകൾ കഴിയും തോറും അവശയായിക്കൊണ്ടിരുന്ന ശോഭനയെ പിന്നീട് കൊല്ലത്തെ നായേഴ്‌സ് ആശുപത്രിയിലെത്തിച്ചു. അവരും കൈയൊഴിഞ്ഞ ശോഭനയെ ഇപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയായ പി വി എസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ മൂത്രം പുറത്തേക്ക് വരുന്നതിനായി ഘടിപ്പിച്ചിട്ടുള്ള കുഴലിലൂടെ പഴുപ്പ് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്.
ഇതുവരെ 20 ലക്ഷം രൂപ ചികിൽസയ്ക്കായി ചെലവിട്ടു. തന്റെ ജീവിതത്തിലെ മുഴുവൻ സാമ്പാദ്യങ്ങളും ഭാര്യയുടെ ചികിൽസയ്ക്കായി ചെലവിട്ട സോമൻ തുടർചികിൽസയ്ക്കായി പണം കണ്ടെത്താൻ നട്ടംതിരിയുകയാണ്.