- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്കൽ സെക്രട്ടറിക്ക് ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് പിണറായിക്ക് പരാതി നൽകിയതിനു പിന്നാലെ സിഐടിയുക്കാരനായ യുവാവ് ട്രെയിൻ തട്ടി മരിച്ചു; ദുരൂഹത തുടരുമ്പോൾ 'അവിഹിത ബന്ധക്കാർ' വിവാഹിതരായി; ഒത്താശ ചെയ്തത് സിപിഎമ്മും മാത്യു ടി തോമസ് എംഎൽഎയും
പത്തനംതിട്ട: സിപിഐ(എം) ലോക്കൽ കമ്മറ്റി സെക്രട്ടറിയും സ്വന്തം ഭാര്യയും തമ്മിലുള്ള അവിഹിതബന്ധത്തിനെതിരേ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് പരാതി നൽകിയ സിഐടിയു പ്രവർത്തകനായ യുവാവ് ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ മൂന്നുവർഷത്തിനു ശേഷവും ദുരൂഹത തുടരുന്നു. ആരോപണ വിധേയനായ സിപിഐ(എം) ലോക്കൽ സെക്രട്ടറി ഇതേ യുവതിയെത്തന്നെ വിവാഹം
പത്തനംതിട്ട: സിപിഐ(എം) ലോക്കൽ കമ്മറ്റി സെക്രട്ടറിയും സ്വന്തം ഭാര്യയും തമ്മിലുള്ള അവിഹിതബന്ധത്തിനെതിരേ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് പരാതി നൽകിയ സിഐടിയു പ്രവർത്തകനായ യുവാവ് ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ മൂന്നുവർഷത്തിനു ശേഷവും ദുരൂഹത തുടരുന്നു. ആരോപണ വിധേയനായ സിപിഐ(എം) ലോക്കൽ സെക്രട്ടറി ഇതേ യുവതിയെത്തന്നെ വിവാഹം കഴിച്ചത് ആന്റി ക്ലൈമാക്‌സ്. ഇതിന് ഓശാന പാടിയത് പാർട്ടി ഏരിയാ കമ്മിറ്റിയംഗവും സ്ഥലം എംഎൽഎയും. അഭിപ്രായ-ആവിഷ്‌കാര സ്വാതന്ത്ര്യങ്ങൾക്കായി വാദിക്കുന്ന സിപിഎമ്മിന്റെ സദാചാരവിരുദ്ധ സമീപനം ചർച്ചയായിരിക്കുന്നത് മല്ലപ്പള്ളിയിലാണ്.
2011 ഏപ്രിൽ 10 നാണ് ചിങ്ങവനം പോളച്ചിറ കൊച്ചുപറമ്പിൽ സുനിൽ രാജിനെ (38) ചിങ്ങവനത്തിനും പരുത്തുംപാറയ്ക്കുമിടയിലുള്ള സ്ഥലത്ത് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നന്താനം ലോക്കൽ സെക്രട്ടറി എം.ജെ. വിജയന് തന്റെ ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടെന്നാരോപിച്ചായിരുന്നു 2011 ഫെബ്രുവരി 14 ന് സുനിൽ പിണറായിക്ക് കത്തയച്ചത്. കുന്നന്താനം ലോക്കൽ സെക്രട്ടറി എം. ജെ.വിജയന് തന്റെ ഭാര്യയുമായി അടുപ്പമുണ്ടെന്നും അയാൾ തന്റെ ജീവൻ തന്നെ ഇല്ലാതാക്കുമെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു.
ജീവിതവും ദാമ്പത്യബന്ധവും തകർക്കാൻ കാരണക്കാരനായ നേതാവിനെതിരേ ഉചിതമായ നടപടിയുണ്ടാകണമെന്നും ഭയപ്പാടില്ലാതെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കിത്തരണമെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്.
ഏതാനും മാസങ്ങളായി വേറിട്ടു കഴിയുന്ന ഭാര്യ വിവാഹമോചനത്തിന് ശ്രമിക്കുകയാണെന്നും വിജയന്റെ പ്രേരണ മൂലമാണ് ഇതെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. കത്തിന് മറുപടിയോ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരേ നടപടിയോ എടുക്കാൻ പിണറായി ഉൾപ്പെടുന്ന സംസ്ഥാന നേതൃത്വം തയാറായില്ല. മരിക്കുന്നതിന് ആഴ്ചകൾക്ക് മുൻപ് മല്ലപ്പള്ളിയിൽ വച്ച് സുനിലിനെ ഒരു സംഘം മർദിക്കുകയും ചെയ്തു. പരാതി കിട്ടിയാൽ ജില്ലാ കമ്മറ്റിക്കു വിടുക എന്നതാണ് സിപിഎമ്മിന്റെ രീതി. സിഐടി.യു പ്രവർത്തകൻ നൽകിയ പരാതി ആയിട്ടു കൂടി നടപടിക്ക് നേതൃത്വം തയാറായില്ല. പകരം, മദ്യപന്റെ ജൽപനങ്ങൾ എന്നു പറഞ്ഞ് തള്ളിക്കളഞ്ഞു.
2002 ലാണ് സുനിൽരാജ് മുട്ടാർ സ്വദേശിനിയായ സുഗന്ധിയെ വിവാഹം കഴിക്കുന്നത്. മക്കളില്ലാത്തതിന് ഇരുവരും ചികിൽസയിൽ കഴിഞ്ഞു വരികയായിരുന്നു. ഇതിനിടെയാണ് വിജയന് തന്റെ ഭാര്യയുമായി അടുപ്പമുണ്ടെന്ന് സുനിലിന് സംശയം തോന്നിയത്. ഇതോടെ ഇയാൾ മദ്യപാനവും തുടങ്ങി. സിഐടി.യു പ്രവർത്തകനും തിരുവല്ല എൽ.ഐ.സി ശാഖയിലെ ജീവനക്കാരനുമായ സുനിൽ അവസാന നാളുകളിൽ അമ്മ സാവിത്രിക്കൊപ്പമാണ് കഴിഞ്ഞു വന്നിരുന്നത്.
പിന്നീട് നടന്ന പാർട്ടി ലോക്കൽ സമ്മേളനത്തിൽ വിഷയം ചർച്ചയായി. സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും യുവതിയെ അറിയില്ലെന്നുമാണ് വിജയൻ പറഞ്ഞത്. ഇതിന് ശേഷം 2013 മെയ് 30 ന് വിജയൻ സുഗന്ധിയെ രഹസ്യമായി കല്യാണം കഴിച്ചു. പുളിങ്കുന്ന് സബ്‌രജിസ്ട്രാർ ഓഫീസിൽ നടന്ന വിവാഹത്തിന് സാക്ഷികളായി ഒപ്പിട്ടത് ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റും തിരുവല്ല എംഎൽഎയായ മാത്യു ടി. തോമസും സിപിഐ(എം) മല്ലപ്പള്ളി ഏരിയാ കമ്മറ്റിയംഗം അഡ്വ. എം. ഫിലിപ്പ്‌കോശിയും ടി.കെ. സജികുമാർ എന്നയാളുമായിരുന്നു. വിജയനും സുഗന്ധിയും തമ്മിലുള്ള വിവാഹം നടന്നതോടെ സുനിൽരാജിന്റെ ആരോപണം സത്യമാണെന്ന് തെളിയുകയും ചെയ്തു.
എം.ജെ. വിജയൻ ഇപ്പോഴും കുന്നന്താനം ലോക്കൽ സെക്രട്ടറിയായി തുടരുന്നു. സദാചാരത്തിന്റെയും സ്വഭാവശുദ്ധിയുടെയും കാവൽഭടന്മാർ എന്ന് നടിക്കുന്ന പാർട്ടി നേതാക്കൾക്ക് ഇതേപ്പറ്റി ഒന്നും പറയാനുമില്ല. ഇതിനിടെ വിജയൻ ഫിലിപ്പ് കോശിയുമായി പിണങ്ങി. ഇതേ തുടർന്നാണ് കഴിഞ്ഞ വർഷം കുന്നന്താനം ലോക്കൽ സമ്മേളനത്തിൽ വിജയൻ അടക്കമുള്ളവർ ഫിലിപ്പ് കോശിയെയും ജില്ലാ നേതാക്കളെയും സമ്മേളന സ്ഥലത്ത് പൂട്ടിയിട്ടു. ഇതിന്റെ പേരിൽ വിജയൻ അടക്കമുള്ളവർ നടപടിയുടെ വക്കിലാണ്. നടപടി ലഘൂകരിക്കാനാണ് ജില്ലാ കമ്മറ്റി ശ്രമിക്കുന്നത്. അങ്ങനെ വന്നാൽ പാർട്ടി വിടാനാണ് ഫിലിപ്പ് കോശി അടക്കമുള്ള പിണറായി പക്ഷ നേതാക്കളുടെ നീക്കം.
വിജയനും പിണറായി പക്ഷക്കാരനാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഈ രഹസ്യ വിവാദം മാത്യു ടി. തോമസിനും തലവേദനയാകും. കളങ്കിത വ്യക്തിത്വങ്ങളെയും സ്ഥാപനങ്ങളെയും അകറ്റി നിർത്താനും താൻ ആദർശധീരനാണെന്ന് മറ്റുള്ളവർക്ക് മുന്നിൽ ബോധ്യപ്പെടുത്താനും വെറുതേ മിനക്കെടുന്ന മാത്യു ടി. തോമസിന് ഈ രഹസ്യവിവാഹത്തിലെ സാക്ഷിയുടെ റോൾ തലവേദന സൃഷ്ടിക്കും. ഇത്രയും നാൾ കഷ്ടപ്പെട്ട് പടുത്തുയർത്തിയ ഇമേജ് മുഴുവൻ തകരാനും ഈ സംഭവം ഇടയാക്കും.