കോട്ടയം: വാഴൂർ പുളിക്കൽകവല പൂവത്തുംകുഴി മിഥുന്റെ മരണം മറയാക്കി സിഎസ്ഡിഎസ് നേതാക്കൾ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന ആരോപണവുമായി മാതാവ് മിനി രംഗത്ത്. ചേരമസാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി (സിഎസ്ഡിഎസ്) എന്ന സംഘടനയുടെ പിറവിക്ക് പോലും കാരണമായ സംഭവം മിഥുന്റെ കൊലപാതകമായിരുന്നു. മിഥുൻ കുടുംബസഹായ ഫണ്ട് എന്ന പേരിൽ സിഎസ്ഡിഎസ് നേതാക്കൾ പിരിച്ചത് ലക്ഷങ്ങളാണ്. കുടുംബത്തിന് കിട്ടിയതാകട്ടെ അരലക്ഷവും.

2013 മെയ് 26 നാണ് മിഥുൻ പി മധു എന്ന യുവാവ് കൊല്ലപ്പെടുന്നത്. തുടർന്നാണ് സിഎസ്ഡിഎസ് എന്ന സംഘടന രൂപം കൊണ്ടതും സജീവമായതും കുടുംബസഹായമെന്ന നിലയിൽ പണപ്പിരിവിന് തുടക്കമിട്ടതും. ഇക്കാര്യങ്ങളിലെല്ലാം സമഗ്ര അന്വേഷണം വേണമെന്നാണ് മിനിമോളുടെ ആവശ്യം. മിഥുന്റെ കൊലപാതകത്തെ തുടർന്ന് കുടുംബത്തെ സഹായിക്കാനായി ചേരമ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി പിരിച്ച ലക്ഷക്കണക്കിന് രൂപ തിരിമറി നടത്തിയെന്ന് ഇവർ പറയുന്നു. കഴിഞ്ഞ നാലു വർഷത്തിലേറെയായി മിഥുന്റെ പേരുപറഞ്ഞ് സിഎസ്ഡിഎസ് നേതാക്കൾ പണപ്പിരിവ് നടത്തുകയാണ്.

പിരിച്ച തുകയിൽ നിന്ന് കേവലം 50,000 രൂപയാണ് നൽകിയത്. എന്നാൽ പത്ത് ലക്ഷം രൂപയിലേറെ പിരിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിജിലൻസിനും പരാതി നൽകും. സിഎസ്ഡിഎസ് പ്രസിഡന്റ് കെ കെ സുരേഷും ജനറൽ സെക്രട്ടറി സജനും ട്രഷറർ ഷാജിയുമാണ് പണപ്പിരിവിന് നേതൃത്വം നൽകിയത്. സാധാരണ ജോലികൾ ചെയ്ത് ജീവിച്ചിരുന്ന ഇവർ ഏതാനും വർഷംകൊണ്ട് ലക്ഷക്കണക്കിന് രൂപയുടെ സ്വത്തിന്റെ ഉടമകളായതായി മിനിമോൾ പറഞ്ഞു.

മൂന്നു സെന്റിലെ ഷീറ്റിട്ട ചെറുവീട്ടിൽ താമസിക്കുന്ന തന്റെ മകന്റെ പേരിൽ പിരിച്ച പണം ഇവർ സ്വന്തം കാര്യങ്ങൾക്ക് ഉപയോഗിച്ചു. ആഡംബര ജീവിതമാണ് ഇവർ നയിക്കുന്നത്. ഇവരുടെ പേരിലാണ് വാഴൂർ എസ്‌ബിറ്റി ശാഖയിൽ മിഥുൻ കുടുംബ സഹായ ഫണ്ടിന്റെ അക്കൗണ്ട് തുടങ്ങിയത്. മിഥുന്റെ പേരുപറഞ്ഞ് ആംബുലൻസിനും പണം പിരിച്ചു. ഇപ്പോഴും പണപ്പിരിവ് നടക്കുന്നതറിഞ്ഞ് ഒരു ലക്ഷം രൂപ കടം ചോദിച്ച് സുരേഷിന്റെ വീട്ടിൽ ചെന്നിട്ടും നൽകിയില്ല.

നാലു വർഷം മുമ്പ് 50,000 രൂപ നൽകിയ യോഗത്തിൽ അഞ്ചു ലക്ഷം രൂപ കൂടി നൽകുമെന്ന് നേതാക്കൾ പരസ്യമായി പറഞ്ഞിരുന്നു. നൽകിയില്ലെന്ന് മാത്രമല്ല; പത്തു ലക്ഷം രൂപ നൽകിയെന്നും തങ്ങളുടെ കുടുംബ ചെലവുകൾ നടത്തുന്നുണ്ടെന്നും പ്രചരിപ്പിച്ച് അപമാനിക്കുന്നു. മൈക്കാട് ജോലിക്ക് പോയി കല്ലുചുമന്നാണ് ജീവിക്കുന്നത്. മിഥുൻ കൊല്ലപ്പെട്ട കേസ് നടത്തിപ്പിനായി കുറെ പണം ചെലവഴിച്ചുവെന്നാണ് പറഞ്ഞത്.

എന്നാൽ ആ കേസ് ഇവരുടെ അറിവോടെ അട്ടിമറിക്കുകയായിരുന്നു. മിഥുന്റെ കൊലപാതക കേസിൽ പുനരന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ഈ കേസിലെ യഥാർഥ പ്രതികളെ രക്ഷിക്കാനും ഈ നേതാക്കൾ ശ്രമിക്കുന്നു. വാവ എന്നയാളാണ് തന്നെ ആക്രമിച്ചതെന്ന് മരിക്കുന്നതിന് തൊട്ടുമുൻപ് മിഥുൻ തന്നോട് പറഞ്ഞിരുന്നുവെന്നും മിനി പറഞ്ഞു. എന്നാൽ, മിനിയുടെ ആരോപണം നിഷേധിച്ച സിഎസ്ഡിഎസ് നേതാക്കൾ ഇതിന് പിന്നിൽ സിപിഐഎമ്മാണെന്നാണ് ആരോപിക്കുന്നത്.