കോട്ടയം: കോട്ടയത്ത് പിറവിയെടുത്ത ദലിത് കൂട്ടായ്മയായ ചേരമ സാംബവ വികസന സൊസൈറ്റി (സിഎസ്ഡിഎസ്) ഇരുമുന്നണികളുടെയും വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ വിള്ളൽ വീഴ്‌ത്തിയിരിക്കെ സംഘടനയ്ക്കെതിരെ ഉയർന്നിരിക്കുന്ന സാമ്പത്തിക ആരോപണം മുതലാക്കാനുറച്ച് സി.പി.എം.

വാഴൂർ പുളിക്കൽകവല മിഥുനെന്ന യുവാവിന്റെ കൊലപാതകത്തെ തുടർന്ന് സിഎസ്ഡിഎസ രൂപീകരിച്ച ധനസഹായനിധിയാണ് ഇപ്പോൾ വിവാദമുയർത്തിയിരിക്കുന്നത്. സിഎസ്ഡിഎസ് അന്ന് സ്വരൂപിച്ച പണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മിഥുന്റെ അമ്മ പുളിക്കൽകവല പൂവത്തുംകുഴി പിസി മിനിമോൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ്. ധനസമാഹരണത്തിന്റെ കാര്യത്തിൽ മാത്രമല്ല, മിഥുന്റെ കൊലപാതകത്തിലും അമ്മയ്ക്ക് സംശയം ഉണ്ട്. പലയിടത്തും സിപിമ്മിന് തലവേദനയായ സിഎസ്ഡിഎസിനെ ഒതുക്കാൻ ഈ കേസ് സി.പി.എം വടിയാക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. അതേസമയം ധനസഹായനിധി സംബന്ധിച്ചുള്ളത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും അന്വേഷണം നേരിടാൻ തയാറാണെന്നുമാണു സിഎസ്ഡിഎഎസിന്റെ നിലപാട്.

മിഥുന്റെ കൊലപാതകത്തെ തുടർന്ന് കുടുംബത്തെ സഹായിക്കാനായി ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി (സിഎസ്ഡിഎസ്) പിരിച്ച ലക്ഷക്കണക്കിന് രൂപ തിരിമറി നടത്തിയെന്ന് അമ്മ പത്രസമ്മേളനം വിളിച്ചുകൂട്ടി പരാതി പറഞ്ഞിരുന്നു. മരിച്ചുപോയ മകന്റെ പേരുപറഞ്ഞ് കഴിഞ്ഞ നാലു വർഷത്തിലേറെയായി സിഎസ്ഡിഎസ് നേതാക്കൾ പണപ്പിരിവ് നടത്തുകയാണെന്ന് വാഴൂർ പുളിക്കൽകവല പൂവത്തുംകുഴി പി സി മിനിമോൾ വാർത്താസമ്മേളനത്തിൽ പറഞ്ഞതോടായണ് വിവാദം കത്തിപ്പടർന്നത്. പിരിച്ച തുകയിൽ നിന്ന് കേവലം 50,000 രൂപയാണ് നൽകിയത്. എന്നാൽ പത്ത് ലക്ഷം രൂപയിലേറെ പിരിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിജിലൻസിനും പരാതി നൽകുമെന്നും മിനിമോൾ അറിയിച്ചിരുന്നു.

സിഎസ്ഡിഎസ് പ്രസിഡന്റ് കെ കെ സുരേഷും ജനറൽ സെക്രട്ടറി സജനും ട്രഷറർ ഷാജിയുമാണ് പണപ്പിരിവിന് നേതൃത്വം നൽകിയത്. സാധാരണ ജോലികൾ ചെയ്ത് ജീവിച്ചിരുന്ന ഇവർ ഏതാനും വർഷംകൊണ്ട് ലക്ഷക്കണക്കിന് രൂപയുടെ സ്വത്തിന്റെ ഉടമകളായതായി മിനിമോൾ ആരോപിച്ചു. മൂന്നു സെന്റിലെ ഷീറ്റിട്ട ചെറുവീട്ടിൽ താമസിക്കുന്ന തന്റെ മകന്റെ പേരിൽ പിരിച്ച പണം ഇവർ സ്വന്തം കാര്യങ്ങൾക്ക് ഉപയോഗിച്ചു. ആഡംബര ജീവിതമാണ് ഇവർ നയിക്കുന്നത്. ഇവരുടെ പേരിലാണ് വാഴൂർ എസ്‌ബിറ്റി ശാഖയിൽ 'മിഥുൻ കുടുംബ സഹായ ഫണ്ടി'ന്റെ അക്കൗണ്ട് തുടങ്ങിയത്. മിഥുന്റെ പേരുപറഞ്ഞ് ആംബുലൻസിനും പണം പിരിച്ചു. ഇപ്പോഴും പണപ്പിരിവ് നടക്കുന്നതറിഞ്ഞ് ഒരു ലക്ഷം രൂപ കടം ചോദിച്ച് സുരേഷിന്റെ വീട്ടിൽ ചെന്നിട്ടും നൽകിയില്ല....

നാലു വർഷം മുമ്പ് 50,000 രൂപ നൽകിയ യോഗത്തിൽ അഞ്ചു ലക്ഷം രൂപ കൂടി നൽകുമെന്ന് നേതാക്കൾ പരസ്യമായി പറഞ്ഞിരുന്നു. നൽകിയില്ലെന്ന് മാത്രമല്ല; പത്തു ലക്ഷം രൂപ നൽകിയെന്നും തങ്ങളുടെ കുടുംബ ചെലവുകൾ നടത്തുന്നുണ്ടെന്നും പ്രചരിപ്പിച്ച് അപമാനിക്കുന്നു. മൈക്കാട് ജോലിക്ക് പോയും കല്ലുചുമന്നുമാണ് തങ്ങൾ ജീവിക്കുന്നത്. മിഥുൻ കൊല്ലപ്പെട്ട കേസ് നടത്തിപ്പിനായി കുറെ പണം ചെലവഴിച്ചുവെന്നാണ് പറഞ്ഞത്. എന്നാൽ ആ കേസ് ഇവരുടെ അറിവോടെ അട്ടിമറിക്കുകയായിരുന്നു. മിഥുന്റെ കൊലപാതക കേസിൽ പുനരന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. കേസിലെ യഥാർഥ പ്രതികളെ രക്ഷിക്കാനും ഈ നേതാക്കൾ ശ്രമിക്കുന്നു.

സിഎസ്ഡിഎസ് പ്രവർത്തകനായ വാഴൂർ പുളിക്കൽകവല പൂവത്തുംകുഴി മിഥുൻ 2013 ലാണ് വീടുനടുത്ത് വെട്ടേറ്റു മരിച്ചത്. തുടർന്നാണ് സിഎസ്ഡിഎസ് എന്ന സംഘടന രൂപം കൊണ്ടതും സജീവമായതും കുടുംബസഹായമെന്ന നിലയിൽ പണപ്പിരിവിന് തുടക്കമിട്ടതും. ഇക്കാര്യങ്ങളിലെല്ലാം സമഗ്ര അന്വേഷണം വേണമെന്നാണ് മിനിമോളുടെ ആവശ്യം. .

വാഴൂർ പുളിക്കൽകവല പൂവത്തുംകുഴി മിഥുന്റെ കൊലപാതകം പുനരന്വേഷിക്കണമെന്ന് അമ്മ പി സി മിനിമോൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2013 മെയ് 26 നാണ് മിഥുൻ കൊല്ലപ്പെട്ടത്. എന്നാൽ യഥാർഥ പ്രതികളെയല്ല കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. വീടിനു സമീപം പുറത്ത്നിൽക്കുകയായിരുന്ന മിഥുനെ രാത്രിയിലെത്തി വെട്ടുകയായിരുന്നു. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വാഹനവും ഒരു സംഘം തടഞ്ഞു.

വാവ എന്ന് വിളിക്കുന്ന ആളാണ് ആക്രമത്തിന് പിന്നിലെന്ന് മകൻ തന്നോട് പറഞ്ഞിരുന്നു. തങ്ങളിൽ നിന്ന് പൊലീസ് വിശദാശംങ്ങൾ ആരായുകയോ മകൻ പറഞ്ഞ കാര്യങ്ങൾ മൊഴിയായി രേഖപ്പെടുത്തുകയോ ചെയ്തില്ല. പ്രതിപ്പട്ടികയിൽ ആ പേരില്ലതാനും. കേസിന്റെ പുരോഗതി അന്ന് ചോദിച്ചിട്ടും പൊലീസ് വെളിപ്പെടുത്തിയില്ല. അതേസമയം ഇതെല്ലാം അടിസ്ഥാനരഹിതമായ ആരോപണമാണെന്നാണ് സിഎസ്ഡിഎസ് പ്രസിഡന്റ് സുരേഷ് പറയുന്നത്. ഇതുസംബന്ധിച്ച പണപ്പിരിവിനായി ഓപ്പൺ ചെയ്ത അക്കൗണ്ട് പരിശോധിച്ചാൽ തന്നെ കാര്യങ്ങൾ വ്യക്തമാകും. മിനിമോൾ ചിലരുടെ കയ്യിലെ ചട്ടുകമായിരിക്കുകയാണെന്നും സുരേഷ് പറയുന്നു.