അഹമ്മദാബാദ്: ഒരു രാത്രി കൊണ്ട് തന്റെ ഏറ്റവും വലിയ സ്വപ്‌നമായ സിവിൽ സർവീസ് ഉപേക്ഷിച്ച് സമൂഹത്തിൽ ക്രിമിനലുകളായി മുദ്രകുത്തപ്പെട്ട ഒരു സമൂഹത്തിന് വേണ്ടി ജീവിച്ച ഒരു പെൺകുട്ടി. അതാണ് മിത്തൽ പട്ടേൽ എന്ന പെൺകുട്ടി. മിത്തലിന്റെ ജീവിതം മാറ്റി മറിച്ചത് ഒരു രാത്രിയാണ്. പത്രപ്രവർത്തന പഠനത്തിനിടെ രണ്ടുമാസത്തേക്ക് ഒരു ഫെലോഷിപ്പിന്റെ ഭാഗമായി ഒരു വിദൂരഗ്രാമത്തിലെ കരിമ്പുകർഷകരുടെ വീടുകൾ സന്ദർശിച്ചപ്പോഴായിരുന്നു മിത്തലിന്റെ ജീവിതത്തിൽ കണ്ട മറക്കാനാവാത്ത അനുഭവം സംഭവിക്കുന്നത്. മിത്തൽ പറയുന്നത് ഇങ്ങനെ

ഗുജറാത്ത് വിദ്യാപീഠിലായാരുന്നു മിത്തലിന്റെ പഠനം. ഇടയ്ക്ക് രണ്ടുമാസത്തേക്ക് ഒരു ഫെലോഷിപ്പിന്റെ ഭാഗമായി ഒരു വിദൂരഗ്രാമത്തിലെ കരിമ്പുകർഷകരുടെ വീടുകൾ സന്ദർശിച്ചു. അന്നുരാത്രി കർഷരുടെ വീടുകളിൽ കഴിയുക എന്നതായിരുന്നു എന്റെ പദ്ധതി. നീല പ്ലാസ്റ്റിക് കൊണ്ടു മറച്ച കൂരകളായിരുന്നു വീടുകൾ. ഒരാൾക്കു നിവർന്നുനിൽക്കാൻ പോലും കഴിയാത്ത കൂടുകൾ. കർഷകരുടെ ദയനീയാവസ്ഥയെക്കുറിച്ച് ഞാൻ എഴുതുമോ എന്നു പേടിച്ച് അവിടെ കണ്ട കോൺട്രാക്ടർ എന്നോടു സംസാരിക്കാൻ പോലും തയാറായില്ല.

ഞാൻ അവിടെ നിൽക്കുമ്പോൾ ഒരു മനുഷ്യൻ കരഞ്ഞുകൊണ്ട് കോൺട്രാക്ടറുടെ അടുത്തേക്കു വരുന്നതു കണ്ടു. രണ്ടുപേർ അയാളുടെ വീട്ടിലെത്തി കുട്ടിയെ കുറ്റിക്കാട്ടിലേക്കു വലിച്ചെറിഞ്ഞിട്ട് ഭാര്യയെ തട്ടിക്കൊണ്ടുപോയി എന്നാണയാൾ കരഞ്ഞുകൊണ്ടു പറഞ്ഞത്' . അന്നുരാത്രി മനസ്സിൽ തോന്നിയ പേടി ഇന്നും എന്റെ ഉള്ളിലുണ്ട്. രാവിലെയാകാൻ വേണ്ടി ഞാൻ പ്രാർത്ഥനയോടെ കാത്തിരുന്നു. ഏറ്റവും വലിയ ഞെട്ടലുണ്ടായതു പിറ്റേന്ന്. വലിയൊരു ക്രൂരത സംഭവിച്ചിട്ടും അവിടെ ഒന്നും സംഭവിച്ചില്ല. ജീവിതം പതിവുപോലെ. പൊലീസിൽ ഒരു പരാതി പോലുമുണ്ടായില്ല. ആർക്കുമെതിരെ പ്രഥമവിവര റിപോർട്ടും സമർപ്പിച്ചില്ല.

ഇതോടെ ഐ എ എസ് എന്നുള്ള സ്വപ്‌നം ഉപേക്ഷിച്ച് അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹമായി മനസ്സിൽ. അതിനായി സന്നദ്ധസംഘടനയായ ജനപഥിന്റെ സഹായത്തോടെ വിദൂരഗ്രാമങ്ങളിലെ ഗോത്രവർഗ്ഗക്കാരെക്കുറിച്ചും ഒരു രേഖയുമില്ലാതെ ജീവിക്കുന്ന കർഷകരെക്കുറിച്ചും ഒരു സർവേ നടത്താനായിരുന്നു ആദ്യതീരുമാനം.

തീരൻ അധികാരം ഒൻട്ര് എന്ന ചിത്രത്തിൽ പറയുന്ന ചില കാര്യങ്ങൾ ഉണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ക്രിമിനലുകൾ മാത്രമായി കണക്ക് കൂട്ടി ഏതാണ്ട് 200 ഓളം ഗോത്രങ്ങളെ കുറ്റവാളികളായി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് കുറ്റവാളികൾ എന്ന ലേബൽ എടുത്തുമാറ്റിയെങ്കിലും അവരെക്കുറിച്ചുള്ള തെറ്റിധാരണകൾ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നു.

അത്തരത്തിൽ കരുതപ്പെടുന്ന ആൾക്കാരെക്കുറിച്ച് മിത്തൽ പഠനം നടത്തി അതിൽ സംഭവിച്ച ഒരു അനുഭവം മിത്തൽ ഇങ്ങനെ പറയുന്നു. ഒരിക്കൽ സുരേന്ദ്രനഗറിലെ ഡാഫർ സമുദായത്തെക്കുറിച്ചു പഠിക്കുകയായിരുന്നു ഞാൻ. ഗ്രാമത്തലവനുമായി സംസാരിച്ചുകൊണ്ടിരിക്കെ കരഞ്ഞുകൊണ്ട് ഓടിവരുന്ന ഒരു കുട്ടിയെ കണ്ടു. കരയുന്ന കുട്ടിക്ക് പാൽ കൊടുക്കാൻ കുട്ടിയുടെ അമ്മയോടു ഞാൻ പറഞ്ഞു. എന്തെങ്കിലും ആഹാരം കഴിച്ചിട്ടു ദിവസങ്ങളായി. പിന്നെയെങ്ങനെ പാൽ കൊടുക്കും എന്നായിരുന്നു അമ്മയുടെ മറുപടി. ഇതോടെ ദിവസങ്ങളോളം ആ സമുദായത്തിലെ അംഗങ്ങൾക്കൊപ്പം ജീവിച്ച് മിത്തൽ അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി. സർക്കരിന്റെ ഒരു സഹായവും ആ പ്രദേശങ്ങളിൽ എത്തുന്നില്ല.

ഇത്തരത്തിൽ കുറ്റവാളി ഗോത്രങ്ങളായി മാറിയവരെ സർക്കാർ പൂർണമായി അവഗണിക്കുമ്പോൾ അവർക്ക് വേണ്ടി മിത്തൽ ഒരു സന്നദ്ധസംഘടന രൂപീകരിച്ചു- വിചാർദ സമുദേ സമർഥാൻ മഞ്ച്. ഇപ്പോൾ ഈ സംഘടനയുടെ കീഴിൽ 30 പ്രവർത്തകർ ഗോത്രവർഗ്ഗക്കാർക്കു സർക്കാരിന്റെ വിവിധ സഹായമെത്തിക്കാനും ക്ഷേമപ്രവർത്തനങ്ങൾക്കുമായി പ്രവർത്തിക്കുന്നു. 60,000 പേർക്ക് വോട്ടർ െഎഡി കാർഡുകൾ വിതരണം ചെയ്തു. റേഷൻ കാർഡുകൾ വിതരണം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നു.

ഗുജറാത്തിലെ ശങ്കൽപ്പൂർ എന്ന ഗ്രാമത്തിൽ നിന്ന് വരുന്ന മിത്തലിന് അറിയാം 2006 ൽ കുറ്റവാളികളെന്നു മുദ്രകുത്തി മാറ്റിനിർത്തിയ ഗോത്രങ്ങൾക്കുവേണ്ടി എല്ലാ സ്വപ്നങ്ങളും ഒരൊറ്റ രാത്രികൊണ്ട് നേടിയെടുക്കാം പറ്റില്ല എന്ന് പക്ഷേ, സ്വയം സമർപ്പണത്തിലൂടെ എനിക്കെന്റെ കുടുംബാംഗങ്ങൾപോലെയായ ഈ വർഗ്ഗക്കാർക്കുവേണ്ടി അവരുടെ ജീവിതം മെച്ചപ്പെടുത്താമെന്നു ഞാൻ വിശ്വസിക്കുന്നു.