കുന്നത്തൂർ: നിനച്ചിരിക്കാതെ വന്ന് കടന്ന് പോയ പ്രളയവും ഇപ്പോൾ വില്ലനായി കടന്ന് വന്ന കോവിഡ്- 19 ഉം ഓണാഘോഷത്തിന്റെ മാറ്റ് കുറയ്ക്കുന്നുണ്ടെങ്കിലും കുടുംബങ്ങളിൽ കുട്ടികളിൽ ഓണാഘോഷത്തിന്റെ മാറ്റ് കുറയുന്നില്ല. നല്ല തിളക്കത്തോടെ ഓണാഘോഷ തിരക്കിലാണവർ.

ലോകമെമ്പാടുമുള്ള മലയാളികൾക്കൊപ്പം ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല ദിവസങ്ങളിലേയ്ക്ക് പ്രതീക്ഷകളുമായി മിഴി ഗ്രന്ഥശാല കുട്ടി കൂട്ടം ബാലവേദിയും കൂട്ടു ചേർന്നു.

ഭൂതകാലത്തിന്റെ നന്മകളുടെ തിരിച്ചുവരവിനായുള്ള മലയാളിയുടെ പ്രാർത്ഥനാപൂർവ്വമായ അനുഷ്ഠാനമാണ് ഓണം. ഭാവികാലത്തിലേക്ക് നിറമനസോടെ സഞ്ചരിക്കാനുള്ള പ്രതീക്ഷാനിർഭരമായ ആചാരം കൂടിയാണ് നമുക്ക് ഓണം.

സ്വന്തം പ്രജകളെ കാണാൻ മഹാബലി തമ്പുരാൻ തിരിച്ചെത്തുന്നുവെന്ന സങ്കല്പത്തിൽ ആഘോഷിക്കപ്പെടുന്ന കേരളത്തിന്റെ ദേശിയ ഉത്സവം കഴിഞ്ഞ വർഷങ്ങളിൽ പ്രളയത്തിലും ഈ ഓണം കോവിഡ് 19 ലും ഏറെ വേദന സമ്മാനിച്ചാണ് കടന്ന് വന്നിരിക്കുന്നത്. ആഘോഷങ്ങൾക്ക് സ്വയം നിയന്ത്രണമേർപ്പെടുത്തിയാണ് ഈ ഓണത്തെ ഓരോരുത്തരും വരവേൽക്കുന്നത്. വിളവെടുപ്പിന്റെ ഉത്സവം കൂടിയായ ഓണത്തെ നിറഞ്ഞ ആഘോഷത്തോടെ വരവേൽക്കാൻ മലയാളികൾക്കാകുന്നില്ല.

മിഴി ഗ്രന്ഥശാല മിഴി കുട്ടി കൂട്ടം ബാലവേദിയുടെ നേതൃത്വത്തിൽ മിഴി സന്ധ്യ 2020 എന്ന പേരിൽ സായഹ്ന ക്യാമ്പും ഓണസന്ദേശവും കലാ മത്സരങ്ങളും പുസ്തക ചർച്ചയും സംവാദവും സംസ്ഥാന സർക്കാർ കോവിഡ് 19 തുമായി ബന്ധപ്പെട്ട് നല്കിയിട്ടുള്ള എല്ലാ നിർദ്ദേശങ്ങളും പാലിച്ച് സംഘടിപ്പിച്ചു.

ഗ്രന്ഥശാല അങ്കണത്തിൽ വച്ച് സംഘടിപ്പിച്ച പരിപടി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.അരുണാമണി ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം അക്കരയിൽ ഹുസൈൻ ഓണസന്ദേശം നൽകി. ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തംഗം ലത്തീഫ് പെരുംകുളം മത്സര വിജയികൾക്കുള്ള സമ്മാനദാനം നൽകി. ഗ്രന്ഥശാല പ്രസിഡന്റ് എം.നിസാമുദ്ദിൻ അദ്ധ്യക്ഷത വഹിച്ചു. എം.സുൽഫിഖാൻ റാവുത്തർ അർത്തിയിൽ അൻസാരി ഹർഷ ഫാത്തിമ അഹ്‌സൻ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.