കുന്നത്തൂർ: ചക്കുവള്ളി മിഴി ഗ്രന്ഥശാല മിഴി കുട്ടി കൂട്ടം ബാലവേദിയുടെ നേത്യത്വത്തിൽ അക്ഷര കൂട്ടം എന്ന പേരിൽ അദ്ധ്യാപക ദിനം മുതിർന്ന അദ്ധ്യാപക ശ്രേഷ്ഠരെ ആദരിച്ചും പുസ്തക ചർച്ചയും സംവാദവും വായനമത്സരവും സംഘടിപ്പിച്ചു കൊണ്ട് ആചരിച്ചു. അറിവിന്റെ പാതയിൽ വെളിച്ചവുമായി വഴികാട്ടിയ എല്ലാ അദ്ധ്യാപകരെയും ഈ ദിനത്തിൽ ഓർത്തെടുത്തു കൊണ്ടാണ് ഈ ദിനത്തെ വരവേറ്റത്.

ഇന്ത്യയുടെ രാഷ്ട്രപതിയും ദാർശനികനും ചിന്തകനുമായ ഡോ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിന സ്മരണയിലാണ് രാജ്യമെമ്പാടും സെപ്റ്റംബർ അഞ്ചിന് അദ്ധ്യാപകദിനമായി ആചരിക്കുന്നത്. തന്റെ ജന്മദിനം ആഘോഷിക്കാതെ രാജ്യത്തുള്ള ഓരോ അദ്ധ്യാപകർക്കും വേണ്ടി നീക്കി വെക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ആ നല്ല മനസ്സിന്റെ ഓർമക്കായാണ് അദ്ധ്യാപകർക്കായി ഒരു ദിനമുണ്ടായത്.

നിങ്ങൾക്കിതു വായിക്കാൻ സാധിക്കുന്നുവെങ്കിൽ നിങ്ങളുടെ അദ്ധ്യാപകരെ ഓർക്കുക' - വളരെ അർത്ഥവത്തായ ഈ ചിന്തയുടെ അനുസ്മരണമാണ് ഓരോ അദ്ധ്യാപക ദിനവും പേറുന്നത്.'ഗുരു ഇരുട്ട് അകറ്റുന്നവനും ആചാര്യൻ ചരിക്കേണ്ട വഴി കാണിച്ചുകൊടുക്കുന്നവനും' എന്നുമാണ് നമ്മൾ വിവക്ഷിക്കുന്നത്. അതുകൊണ്ട് അദ്ധ്യാപനം ഒരു തൊഴിൽ എന്നതിനെക്കാളുപരി ദൈവദത്തമായ ഒരു നിയോഗമായി കരുതിയാണ് ഈ പുണ്യപ്രവൃത്തിയുടെ മാഹാത്മ്യം നാം മനസ്സിലാക്കുന്നത്.

വിദ്യ പകർന്നു തരുന്നവർ ആരോ അവർ അദ്ധ്യാപകരാണ്. അദ്ധ്യാപകരെ മാതാവിനും പിതാവിനുമൊപ്പം സ്നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് നമുക്കുള്ളത്. ഭാവിലോകത്തിന്റെ ശില്പികളായ, അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്ന അദ്ധ്യാപകരെ ഓർത്തുകൊണ്ടും, ബഹുമാനിച്ച് കൊണ്ടും ചക്കുവള്ളി മിഴി ഗ്രന്ഥശാല കുട്ടി കൂട്ടം ബാലവേദിയുടെ നേതൃത്വത്തിൽ അക്ഷര കൂട്ടം എന്ന പേരിൽ അദ്ധ്യാപക ദിനം ആചരിച്ചു.പരിപാടിയോടനുബന്ധിച്ച് നടന്ന യോഗം ശാസ്താംകോട്ട ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ എസ്.കബീർ കുട്ടി ഉദ്ഘാടനം ചെയ്തു. റിസാദ് ഷോളയാർ അദ്ധ്യക്ഷത വഹിച്ചു.മുതിർന്ന അദ്ധ്യാപക ശ്രേഷ്ഠരെ അർത്തിയിൽ അൻസാരി ആദരിച്ചു. പുസ്തക ചർച്ചയും സംവാദവും എം.സുൽഫിഖാൻ റാവുത്തർ നയിച്ചു. ഹർഷ ഫാത്തിമ മുഹമ്മദ് നിഹാൽ എന്നിവർ പ്രസംഗിച്ചു.