- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്ഷരദീപങ്ങൾ പൊൻ പ്രഭ ചൊരിഞ്ഞു; ഗ്രന്ഥശാല വാരാചരണത്തിന് മിഴി ഗ്രന്ഥശാലയിൽ പ്രൗഢഗംഭീര സമാപനം
കുന്നത്തൂർ: ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തിവന്ന ഗ്രന്ഥശാല വാരാഘോഷത്തിന് പതാക ഉയർത്തിയും അക്ഷര ദിപം തെളിയിച്ചും സമാപനം കുറിച്ചു.
സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിര്‌ദ്ദേശപ്രകാരം ലോക സാക്ഷരത ദിനം മുതൽ ' ഗ്രന്ഥശാല ദിനം വരെ ഗ്രന്ഥശാല വാരാഘോഷമായി വിവിധ പരിപാടികളോടെ, സംഘടിപ്പിച്ചിരുന്നു. ലോക സാക്ഷരതാ ദിനം 'അക്ഷര വെളിച്ചം' എന്ന പേരിലാണ് സംഘടിപ്പിച്ചത്. അംഗത്വ വാരാചരണം, പുസ്തക സമാഹരണം, പുസ്തക ചർച്ച, തുടങ്ങിയ പരിപാടികൾ വിവിധ ദിവസങ്ങളിൽ നടത്തിയിരുന്നു. ഗ്രന്ഥശാല ദിനത്തിൽ പതാക ഉയർത്തിയും അക്ഷരദീപം തെളിയിച്ചും പരിപാടികൾക്ക് സമാപനം കുറിച്ചു. കോവിഡ് 19 ന്റെ നിർദ്ദേശങ്ങൾ പാലിച്ചായിരിന്നു പരിപാടികളൊക്കെ സംഘടിപ്പിച്ചത്.
സമാനതകളില്ലാത്ത സവിശേഷതകൾ ഉൾക്കൊള്ളുന്ന സാംസ്കാരിക കൂട്ടായ്മയാണ് കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം. കേരളത്തിന്റെ സാമൂഹ്യ- സാംസ്‌കാരിക വളർച്ചയിൽ ഈ പ്രസ്ഥാനം വഹിച്ച പങ്ക് ചെറുതല്ല. കേരളത്തെ സമ്പൂർണ സാക്ഷരതയിലേക്കും പ്രബുദ്ധതയിലേക്കും നയിക്കുന്നതിൽ മികച്ച പങ്കുവഹിച്ച പ്രസ്ഥാനമാണ് ഇത്. യുനസ്‌കോയുടെ ക്രുപ്‌സ്‌കായ അവാർഡ് പോലുള്ള അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ ഗ്രന്ഥശാലാ സംഘത്തെ തേടിയെത്തി. കേരളത്തിലെ ആദ്യത്തെ പബ്ലിക്ക് ലൈബ്രറി ആരംഭിച്ചത് സ്വാതിതിരുനാൾ മഹാരാജാവിന്റെ ഭരണകാലത്താണ്. കേരളത്തിലെ ജനകീയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി സ്വാതിതിരുനാളിനെ കാണുന്നത് അതുകൊണ്ടാണ്.
മലബാറിൽ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായാണ് ആദ്യകാല ഗ്രന്ഥശാലകൾ ആരംഭിച്ചത്. ഇ എം എസ് കെപിസിസി സെക്രട്ടറിയായിരുന്ന കാലത്ത് അദ്ദേഹം അയച്ച ഒരു സർക്കുലറിൽ ഗ്രന്ഥശാല ആരംഭിക്കാൻ പ്രത്യേക നിർദ്ദേശം നൽകി. കെ ദാമോദരന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട മലബാർ വായനശാലാ സംഘമാണ് ഒറ്റപ്പെട്ടുകിടന്ന ഗ്രന്ഥശാലകളെ ഒരു കേന്ദ്ര നേതൃത്വത്തിനു കീഴിൽ കൊണ്ടുവരാനുള്ള ആദ്യ സംരംഭം. ഇതിന് തിരുവിതാംകൂർ, കൊച്ചി മേഖലകളിൽ പ്രവർത്തനം വ്യാപിപ്പിക്കാനും കേരള ഗ്രന്ഥാലയസംഘമായി പ്രവർത്തിക്കാനും കഴിഞ്ഞില്ല. അമ്പലപ്പുഴ പി കെ മെമോറിയൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അമ്പലപ്പുഴയിൽ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ ചേർന്ന് അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം രൂപീകരിച്ചു. കെ എം കേശവനെ പ്രസിഡന്റും അമ്പലപ്പുഴ പി കെ മെമോറിയൽ ലൈബ്രറി സെക്രട്ടറിയും അർപ്പണബോധമുള്ള ഗ്രന്ഥശാലാ പ്രവർത്തകനുമായ പി എൻ പണിക്കർ കൺവീനറുമായി രൂപീകരിക്കപ്പെട്ട അഖില തിരുവിതംകൂർ ഗ്രന്ഥശാല സംഘം ആണ് കേരളത്തിലെ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ട് ഇന്നത്തെ ലൈബ്രറി കൗൺസിലായി മാറിയത്.
കേരളത്തിൽ സംഘടിത ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സപ്തംബർ 14 ഗ്രന്ഥശാലാ ദിനമായി ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ആചരിച്ചു.
ഗ്രന്ഥശാല അങ്കണത്തിൽ രാവിലെ മിഴി കുട്ടി കൂട്ടം ബാലവേദി പ്രസിഡന്റ് ഹർഷ ഫാത്തിമ, സെക്രട്ടറി അഹ്‌സൻ ഹുസൈൻ, മുഹമ്മദ് നിഹാൽ എന്നിവർ ചേർന്ന് പതാക ഉയർത്തി. വൈകിട്ട് നടന്ന അക്ഷരദീപം തെളിയിക്കൽ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം അക്കരയിൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു. എം. ഷാഹിദ് അദ്ധ്യക്ഷത വഹിച്ചു. എം.സുൽഫിഖാൻ റാവുത്തർ, അർത്തിയിൽ അൻസാരി, മിമിക്രി കലാകരൻ മനു ചക്കുവള്ളി, അംജിത്ത്ഖാൻ, റിസാദ് ഷോളയാർ, സുധീർഖാൻ റാവുത്തർ, പുന്നല സക്കീർ തുണ്ടിൽ എന്നിവർ പ്രസംഗിച്ചു.