- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സരരംഗത്ത് വനിതകളുടെ ഉയർന്ന സാന്നിധ്യം; കോൺഗ്രസ് കോട്ട പിടിച്ചടക്കാൻ ബിജെപിയുടെ കഠിനപ്രയത്നം; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ മാറ്റിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്; ഇത്തവണ തെരഞ്ഞെടുപ്പ് വാർത്തകളിൽ മിസോറാം നിറഞ്ഞു നിൽക്കാൻ ഒട്ടേറെ കാരണങ്ങൾ
ഐസോൾ: ഒട്ടേറെ പ്രത്യേകതകളുമായാണ് മിസോറാം ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മത്സരരംഗത്തുള്ള വനിതകളുടെ സാന്നിധ്യം, വർഷങ്ങളായുള്ള കോൺഗ്രസ് ആധിപത്യത്തിന് അന്ത്യംകുറിക്കാനുള്ള ബിജെപിയുടെ പോരാട്ടം, ബ്രൂ വംശജരുടെ വോട്ടവകാശവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ മാറ്റിയത്..തെരഞ്ഞെടുപ്പ് നാളുകളിൽ ഈ ചെറിയ വടക്കുകിഴക്കൻ സംസ്ഥാനത്തെ ഉറ്റുനോക്കുന്നതിന് ഏറെ കാരണങ്ങളുണ്ട്. ജനാധിപത്യ പ്രക്രിയയിൽ നിന്ന് മാറ്റി നിർത്തുന്നതിന് എതിരേയുള്ള സ്ത്രീകളുടെ പോരാട്ടമാണ് മിസോറാമിനെ ഇത്തവണ സ്‌പെഷ്യലാക്കുന്നതിന്റെ കാരണങ്ങളിലൊന്ന്. ഒമ്പതു വനിതകളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. സോറം പീപ്പിൾസ് മൂവ്‌മെന്റ് രണ്ടു വനിതകളും ബിജെപി പട്ടികയിൽ ആറു വനിതകളും മത്സരിക്കാനുണ്ട്. കോൺഗ്രസ് പട്ടികയിൽ ഇത്തവണ ഒരു വനിത മാത്രമാണുള്ളത്. സ്ത്രീകൾക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് ഇതുവരെ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് നാലു വനിതകൾ മാത്രമാണ്. കോൺഗ്രസ് ലിംഗവിവേചനം കാട്ടുന്നുവെന്നാരോപിച്ച് പാർട്ടിവിട്ടെത്തി
ഐസോൾ: ഒട്ടേറെ പ്രത്യേകതകളുമായാണ് മിസോറാം ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മത്സരരംഗത്തുള്ള വനിതകളുടെ സാന്നിധ്യം, വർഷങ്ങളായുള്ള കോൺഗ്രസ് ആധിപത്യത്തിന് അന്ത്യംകുറിക്കാനുള്ള ബിജെപിയുടെ പോരാട്ടം, ബ്രൂ വംശജരുടെ വോട്ടവകാശവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ മാറ്റിയത്..തെരഞ്ഞെടുപ്പ് നാളുകളിൽ ഈ ചെറിയ വടക്കുകിഴക്കൻ സംസ്ഥാനത്തെ ഉറ്റുനോക്കുന്നതിന് ഏറെ കാരണങ്ങളുണ്ട്.
ജനാധിപത്യ പ്രക്രിയയിൽ നിന്ന് മാറ്റി നിർത്തുന്നതിന് എതിരേയുള്ള സ്ത്രീകളുടെ പോരാട്ടമാണ് മിസോറാമിനെ ഇത്തവണ സ്‌പെഷ്യലാക്കുന്നതിന്റെ കാരണങ്ങളിലൊന്ന്. ഒമ്പതു വനിതകളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. സോറം പീപ്പിൾസ് മൂവ്‌മെന്റ് രണ്ടു വനിതകളും ബിജെപി പട്ടികയിൽ ആറു വനിതകളും മത്സരിക്കാനുണ്ട്. കോൺഗ്രസ് പട്ടികയിൽ ഇത്തവണ ഒരു വനിത മാത്രമാണുള്ളത്. സ്ത്രീകൾക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് ഇതുവരെ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് നാലു വനിതകൾ മാത്രമാണ്.
കോൺഗ്രസ് ലിംഗവിവേചനം കാട്ടുന്നുവെന്നാരോപിച്ച് പാർട്ടിവിട്ടെത്തിയ ജൂഡിയാണ് ഇത്തവണ ബിജെപി പട്ടികയിലെ താരം. 2013-ൽ ആറ് വനിതകൾ മത്സരിച്ചുവെങ്കിലും ഒരാൾക്കു പോലും ജയിക്കാനായില്ല. നാലുപേർക്ക് കെട്ടിവച്ച കാശും പോയി. എന്നാൽ ചരിത്രം തിരുത്തിക്കൊണ്ട് 2014-ലെ ഉപതെരഞ്ഞെടുപ്പിൽ ഒരു വനിത വിജയം കണ്ടു. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച വൻലാലാംപുയ് ച്വാങ്ക്തു തെരഞ്ഞെടുക്കപ്പെടുകയും പിന്നീട് മന്ത്രിയാവുകയും ചെയ്തു. ഇത്തവണയും കോൺഗ്രസ് ടിക്കറ്റിൽ ച്വാങ്ക്തു മത്സര രംഗത്തുണ്ട്. ച്വാങ്ക്തു മാത്രമാണ് കോൺഗ്രസിലെ വനിതാ സ്ഥാനാർത്ഥി.
സ്ത്രീകൾക്ക് പൊതുവേ രാഷ്ട്രീയത്തോട് മുഖം തിരിച്ചുനിൽക്കുന്നുവെന്ന രാഷ്ട്രീയ പാർട്ടികളുടെ വാദത്തെ ഖണ്ഡിക്കാൻ പാർട്ടി നോക്കാതെ വനിതാ സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യണമെന്ന അഭ്യർത്ഥനയുമായി സ്ത്രീ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
ഇരുപതു വർഷമായി തുടരുന്ന കോൺഗ്രസിന്റെ ആധിപത്യത്തിന് അന്ത്യം കുറിക്കാനുള്ള ഉറച്ച ചുവടുവയ്പുമായാണ് ബിജെപി മിസോറാമിൽ അങ്കത്തിനൊരുങ്ങുന്നത്. മിസോറാമിൽ കൂടി അക്കൗണ്ട് തുറന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ തങ്ങളുടെ വരുതിയിലാക്കാനാണ് ബിജെപി നേതൃത്വത്തിന്റെ നീക്കം. അസം, മേഘാലയ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ താമര വിരിയിച്ച ബിജെപി കമ്യൂണിസ്റ്റ് കോട്ടയായ ത്രിപുരയും പിടിച്ചടക്കുന്നതിൽ വിജയിച്ചു. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയെന്നു വരെ വിശേഷിപ്പിച്ച ത്രിപുര പോലും വരുതിയിലാക്കിയ ബിജെപിക്ക് ഇവിടെ കോൺഗ്രസിനെ എളുപ്പത്തിൽ തളയ്ക്കാമെന്നു തന്നെയാണ് കരുതുന്നത്. എൻസിപി- കോൺഗ്രസ് സഖ്യം ഭരിച്ചിരുന്ന മേഘാലയ പിടിച്ചടക്കിയത് എൻപിപിയുമായി ചേർന്നാണ്. ഇനിയുള്ളത് മിസോറാം കൂടി.
മൂന്നാമൂഴത്തിലും കസേര നിലനിർത്താൻ കോൺഗ്രസിന് ആവുമോ എന്നത് ഏവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ വടക്കു കിഴക്കൻ മേഖലകളിൽ കോൺഗ്രസിന്റെ ഭാവിയെന്തെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് ഇതെന്നതിനാൽ മിസോറാമിലെ പോരാട്ടം നിർണായകമാണ്. 2013 തെരഞ്ഞെടുപ്പിൽ മൊത്തം 40 സീറ്റുള്ളതിൽ 34 എണ്ണവും പിടിച്ചെടുക്കാൻ കോൺഗ്രസിനായിരുന്നു. എന്നാൽ ഇത്തവണ അത്ര എളുപ്പമല്ല കാര്യങ്ങൾ എന്ന് കോൺഗ്രസിന് വ്യക്തമായിട്ടുണ്ട്. അഴിമതി ആരോപണങ്ങളും ഭരണവിരുദ്ധ വികാരവും പ്രയോജനപ്പെടുത്താൻ പ്രതിപക്ഷകക്ഷികൾ തുനിഞ്ഞിറങ്ങിയിട്ടുണ്ട്.
ഉൾപ്പാർട്ടി പ്രശ്‌നങ്ങളും അംഗങ്ങളുടെ കൊഴിഞ്ഞുപോക്കും സൃഷ്ടിക്കുന്ന തലവേദന വേറെയും. ആഭ്യന്തരം മന്ത്രി ആർ ലാൽസിർലിയാനയുടെ രാജി കോൺഗ്രസിൽ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പാർട്ടി വിട്ട് ലാൽസിർലിയാന പ്രതിപക്ഷ പാർട്ടിയായ മിസോ നാഷണൽ ഫ്രണ്ടിൽ ചേരുകയും ഐസോൾ ജില്ലയിലെ തർതാവി മണ്ഡലത്തിൽ മത്സരിക്കാൻ തീരുമാനിച്ചതും കോൺഗ്രസിന് ഏറ്റ കനത്ത തിരിച്ചടിയാണ്. കോൺഗ്രസ് വിട്ട രണ്ടു നേതാക്കൾ എംഎൻഎഫിൽ ചേർന്നു. സംസ്ഥാന രൂപീകരണത്തിനു ശേഷം നടന്ന അഞ്ചു തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് ഇതുവരെ ഒരു സീറ്റു പോലും നേടാൻ സാധിച്ചിട്ടില്ല. എങ്കിലും ഇക്കുറിയും ബിജെപി ഒറ്റയ്ക്കാണ് മത്സരരംഗത്തുള്ളത്.
40 സീറ്റുകളിലും ബിജെപി ഒറ്റയ്ക്കു പോരാടാൻ എടുത്ത തീരുമാനം തന്നെ അവരുടെ ആത്മവിശ്വാസം വിളിച്ചോതുന്നു. കോൺഗ്രസ് കൂടാതെ മിസോറാമിൽ ശക്തമായ വേരുകളുള്ള പാർട്ടികളാണ് എംഎൻഎഫും എൻപിപിയും. ഇരുപാർട്ടികളും ഒറ്റയ്ക്കു തന്നെയാണ് ഇവിടെ മത്സരിക്കുന്നത്. സഖ്യത്തിനില്ലെന്ന് ബിജെപി പറയുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിനു ശേഷം വേണ്ടി വന്നാൽ സമാനമനസ്‌ക്കരുമായി കൈകോർക്കാം എന്ന് ബിജെപി പറയുന്നുണ്ട്.
തെരഞ്ഞെടുപ്പു കോലാഹലങ്ങൾക്കിടയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ മാറ്റിയതും മിസോറാമിനെ മുഖ്യധാര ശ്രദ്ധയിലേക്കു കൊണ്ടു വന്നു. ത്രിപുരയിലെ അഭയാർഥിക്യാമ്പുകളിൽ കഴിയുന്ന ബ്രു വംശജരെ മിസോറാമിൽ നേരിട്ടെത്തി വോട്ട് ചെയ്യാൻ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ എസ് ബി ശശാങ്കിനെ മാറ്റിയത്. പകരം ഐഎഎസ് ഉദ്യോഗസ്ഥനായ ആഷിഷ് കുണ്ട്രയെ നിയമിച്ചു. രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും തിരഞ്ഞെടുപ്പ് ഓഫിസർക്കെതിരേ രംഗത്തെത്തിയതോടെ ഇതുവരെയുണ്ടാകാത്ത തരത്തിലുള്ള പ്രതിഷേധത്തിനാണു മിസോറം സാക്ഷ്യം വഹിച്ചത്.
ഈ മാസം 28നാണ് മിസോറാമിൽ വോട്ടെടുപ്പ്. കേന്ദ്രത്തിലേക്ക് അധികാരത്തിൽ തിരിച്ചെത്താൻ പാടുപെടുന്ന കോൺഗ്രസ് ഇവിടെ ഭരണത്തുടർച്ചയ്ക്ക് കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. എന്നാൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ പൂർണമായും വരുതിയിലാക്കാൻ ബിജെപിയും ഏതറ്റം വരെ പോകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 40 സീറ്റുകൾ മാത്രമുള്ള സംസ്ഥാനമാണെങ്കിലും തെരഞ്ഞെടുപ്പ് ചൂടിന് മിസോറാമിൽ ഒരു കുറവും ഇത്തവണ ഉണ്ടായിട്ടില്ല.