ഐസ്വാൾ: ഒരു പതിററാണ്ടോളമായി കോൺഗ്രസ് കൈയടക്കി വച്ചിരിക്കുന്ന മിസോറാം ബിജപി പിടിച്ചെടുക്കുമോ? തങ്ങളുടെ കൈയിലുള്ള മൂന്ന് സംസ്ഥാനങ്ങളിലൊന്നും, വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ ഏകസംസ്ഥാനവുമായ മിസോറാം നിലനിർത്താൻ കോൺഗ്രസ് എന്തുതന്ത്രമാകും ആവിഷ്‌കരിക്കുക? മിസോകൾ ബിജെപിയെ സംശയത്തോടെയാണ് നിരീക്ഷിക്കുന്നതെന്ന റിപ്പോർട്ടുകൾ ശരിവയ്ക്കാമോ? തിരിച്ചുവരവിനൊരുങ്ങുന്ന മിസോ നാഷണൽ ഫ്രണ്ട് കളം പിടിക്കുമോ? ഭരണവിരുദ്ധവികാരം ഏതുതരത്തിലായിരിക്കും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക? ഇങ്ങനെ അസംഖ്യം ചോദ്യങ്ങളാണ് ഉയരുന്നത്.

2011 ലെ സെൻസസ് പ്രകാരം ജനസംഖ്യയിലെ 87.16 ശതമാനം പേരും ക്രൈസ്തവരാണ്. അതുകൊണ്ടുതന്നെ ബിജെപിയ അൽപം അകറ്റി നിർത്തുന്നവരാണ് മിസോകൾ എന്ന വാദവും കണക്കിലെടുക്കണം. വോട്ടർമാരുടെ എണ്ണം വച്ചു നോക്കിയാൽ ഇവിടത്തെ കോർപറേഷൻ തിരഞ്ഞെടുപ്പുപോലെ തോന്നാം. 11 ലക്ഷം മാത്രം ജനസംഖ്യ. വോട്ടർമാർ 7.68 ലക്ഷം. പതിവു വോട്ട്ബാങ്ക് സമവാക്യങ്ങളും അപ്രസക്തം. 95% ജനങ്ങളും പട്ടികവർഗം. 87% ക്രിസ്ത്യാനികളും 9% ബുദ്ധമത വിശ്വാസികളും. ഭരണവിരുദ്ധ വികാരം ശക്തമാണ്. അടിസ്ഥാനസൗകര്യ വികസനത്തിലും. മദ്യനിരോധന വിഷയത്തിലും കോൺഗ്രസ് സർക്കാർ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നു. സംസ്ഥാന രൂപീകരണം നടന്ന 1989നു ശേഷം രണ്ടുതവണ മാത്രമാണ് മിസോറാമിൽ കോൺഗ്രസിന് അധികാരത്തിന് പുറത്തിരിക്കേണ്ടി വന്നത്. കഴിഞ്ഞ രണ്ടു തവണയും കോൺഗ്രസിനായിരുന്നു ജയം. ആകെ സീറ്റ്: 40. കോൺഗ്രസ്: 34. എം.എൻ.എഫ്: അഞ്ച്, മറ്റുള്ളവർ: 1

ഭരണവിരുദ്ധ വികാരം കോൺഗ്രസിന് തിരിച്ചടിയാകുമോ?

കോൺഗ്രസ് രണ്ടുവട്ടം തുടർച്ചയായി അധികാരത്തിലേറിയിട്ടും മിസോറാമിലെ റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. മദ്യപാനവുമായി ബന്ധപ്പെട്ട മരണങ്ങളും ഏറുന്നു. നിലവിലിരുന്ന മദ്യനിരോധനം കോൺഗ്രസ് പിൻവലിച്ചിരുന്നു. തൊഴിലില്ലായ്മയും വികസനമുരടിപ്പും രൂക്ഷമായ സംസ്ഥാനമാണു മിസോറം. എന്നാൽ, ഇത്തവണ അസമിലെന്നപോലെ അനധികൃത കുടിയേറ്റ പ്രശ്‌നമാണു കൂടുതൽ ചർച്ചയാകുന്നത്. മ്യാന്മർ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽനിന്നെത്തുന്നവരെ പുറത്താക്കണമെന്നാവശ്യപ്പെട്ടു വൻ റാലികൾ നടന്നു. ചാക്മ സമുദായത്തിൽനിന്നുള്ളവരെ മൽസരിപ്പിക്കരുതെന്ന ഭൂരിപക്ഷ മിസോ സംഘടനകളുടെ ആവശ്യം കോൺഗ്രസ് തള്ളിക്കളഞ്ഞു. ചാക്മകളെ കുടിയേറ്റക്കാരായാണു ഭൂരിപക്ഷ മിസോകൾ കരുതുന്നത്. കോൺഗ്രസ് ഇവർക്കു 2 സീറ്റ് നൽകിയിട്ടുണ്ട്.

കൃഷിയിലെ അശാസ്ത്രീയതയും തൊഴിലാളികളുടെ വൈദഗ്ധ്യമില്ലായ്മയും പോലെയുള്ള പ്രശ്‌നങ്ങൾ ഗൗരവത്തോടെ എടുക്കുന്നുവെന്നാണു ബിജെപി പറയുന്നത്. ബംഗ്ലാദേശുമായും മ്യാന്മറുമായും ബന്ധിപ്പിച്ചു സംസ്ഥാനത്തു നാലുവരിപ്പാത നിർമ്മിക്കുമെന്നും വാഗ്ദാനമുണ്ട്.
1984 ന് ശേഷം കോൺഗ്രസിനെയും മിസോ നാഷണൽ ഫ്രണ്ടിനെയും മാറി മാറി തുണച്ചവരാണ് മിസോകൾ. 1988 ൽ കുറച്ചുകാലത്തേക്ക് മാത്രം രാഷ്ട്രപതി ഭരണം നിലനിന്നു. രണ്ടു നേതാക്കൾ സമീപകാലത്ത് എംഎൻഎഫിൽ ചേർന്നതും, മുൻ മന്ത്രിയും, ചക്മ ആദിവാസി നേതാവുമായ ഡോ.ബി.ഡി.ചക്മ ബിജെപിയിൽ ചേർന്നതും കോൺഗ്രസിന് തിരിച്ചടിയായി.

2008 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, 40 സീറ്റുകളിൽ, 32 സീറ്റുകളിൽ ജയിച്ചുകയറി, 39 ശതമാനം വോട്ടുവിഹിതവും കോൺഗ്രസ് സ്വന്തമാക്കി. അതേതസമയം മൂന്ന് സീറ്റുസ്വന്തമാക്കിയ എംഎൻഎഫ് 31 ശതമാനം വോട്ടുവിഹിതം നേടിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മിസോറാം പാർലമെന്റിലേക്ക് ഒരുകോൺഗ്രസ് പ്രതിനിധിയെ അയച്ചു. സംസ്ഥാനത്തിന്റെ ഏക എംപി. കോൺഗ്രസും, എംഎൻഎഫും തമ്മിലുള്ള മൽസരത്തിനിടെ സ്വന്തമായ സ്‌പേസ് ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. ഐസ്വാളിൽ സംസാരിച്ച ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ മുഖ്യമന്ത്രി ലാൽ തൻവാലയുടെ സർക്കാരിനെ ഭരണത്തെ അഴിമതിയും, കുടുംബവാഴ്ചയും നിറഞ്ഞ ഭരണമെന്നാണ് വിശേഷിപ്പിച്ചത്. ലാൽതൻവാലയുടെ ഇളയ സഹോദരനെ, അടുത്ത മുഖ്യമന്ത്രിയാക്കാനാണ് ശ്രമമെന്നും അമിത്ഷാ ആരോപിച്ചു.

എംഎൻഎഫ്- ബിജെപി ദോസ്തി

വെറും 7.68 ലക്ഷം മാത്രാണ് ഈ ചെറിയ സംസ്ഥാനത്തെ ജനസംഖ്യ. വടക്കുകിഴക്കൻ മേഖലയിൽ കൈയിലുള്ള ഏക സംസ്ഥാനം കൈവിട്ടുപോകാതിരിക്കാൻ കിണഞ്ഞ പരിശ്രമാണ് കോൺഗ്രസ് നടത്തുന്നത്. എന്നാൽ, ഇത്തവണ ഒരുകൈനോക്കാൻ തന്നെയാണ് ബിജെപി തീരുമാനം. എംഎൻഎഫ് ബിജെപിയുമായി കൂട്ടിലാണ്. 2016ൽ വടക്കുകിഴക്കൻ മേഖലയിൽ ബിജെപി രൂപീകരിച്ച നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിലെ സഖ്യകക്ഷി. ഇപ്പോൾ, തിരഞ്ഞെടുപ്പ് ധാരണയില്ലെന്നാണ് പ്രഖ്യാപിത നിലപാട്.

എന്നാൽ ഫലം വരുമ്പോൾ സംഗതികൾ മാറിമറിഞ്ഞേക്കാം. മിസോറാമിൽ ഇത്തവണ ക്രിസ്മസ് ആഘോഷിക്കുക ബിജെപി ഭരണത്തിലായിരിക്കുമെന്ന അമിത് ഷാ പറയുന്നു. ഭരണവിരുദ്ധ വികാരമാണ് ബിജെപി അദ്ധ്യക്ഷന്റെ തുറുപ്പ് ചീട്ട്. കുമ്മനം രാജശേഖരനെ ഗവർണറാക്കി ബിജെപി ഒരുമുഴം മുമ്പേ എറിഞ്ഞിരുന്നു.നവംബർ 28 നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.