ഐസ്‌വാൾ: ഇത്തവണത്തെ മിസോറാം നിയമസഭയിൽ വനിതാ എംഎൽഎമാർ ആരും ഇല്ല. മത്സരിച്ച 15 വനിതാ സ്ഥാനാർത്ഥികളും തോറ്റതോടെയാണ് മിസോറാം നിയമസഭ പുരുഷന്മാർ അടക്കി വാഴാൻ ഒരുങ്ങുന്നത്. 209 സ്ഥാനാർത്ഥികൾ മത്സരിച്ച തെരഞ്ഞെടുപ്പിൽ ഇതാദ്യമായാണ് 15 വനിതാ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. എന്നാൽ 15 പേരും തോറ്റു.

പുരുഷ മേധാവിത്വമുള്ള മിസോറാം സമൂഹവും വനിതകളെ പ്രധാന രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളായി മത്സരിപ്പിക്കാത്തതുമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർത്ഥികൾ പരാജയപ്പെട്ടതിന് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. സമ്മതിദായകരിൽ 3,20, 401 സത്രീകളായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ സ്ത്രീ വികാരം ഫലിച്ചില്ല.

7,07,395 സമ്മതിദായകരിൽ 6,20,332 സമ്മതിദായകരാണ് തങ്ങളുടെ വോട്ടവകാശം ഇത്തവണ വിനിയോഗിച്ചത്. ആകെ 40 സീറ്റുകളുള്ള മിസോറമിൽ കേവലഭൂരിപക്ഷത്തിനായി വേണ്ടത് 21 സീറ്റുകളാണ്. മിസോ നാഷണൽ ഫ്രണ്ടും കോൺഗ്രസും തമ്മിൽ നടന്ന മത്സരത്തിൽ മിസോ നാഷണൽ ഫ്രണ്ട് 26 സീറ്റുകൾ നേടി വിജയം ഉറപ്പിക്കുകയായിരുന്നു. എന്നാൽ ഭൂരിപക്ഷം നേടി വിജയിച്ച മിസോ നാഷണല് ഫ്രണ്ടിൽ ഒരു വനിതാ സ്ഥാനാർത്ഥിയും ഉണ്ടായിരുന്നില്ല.

14,482 വോട്ടുകളാണ് 15 വനിതാ സ്ഥാനാർത്ഥികളും ഒന്നിച്ച് നേടിയത്. ഇതിൽ സോറം പീപ്പിൾ മൂവ്‌മെന്റിന്റെ ലാൽറിൻപുയ് ആണ് ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത്. 3,991 വോട്ടുകളാണ് ഇവർ നേടിയത്.