ഐസ്വാൾ: കോൺഗ്രസ് വിമുക്ത ഭാരതം എന്ന ആശയംപോലെ ബിജെപിയും പ്രത്യേകിച്ച് അമിത്ഷായും താലോലിക്കുന്ന സ്വപനമാണ കോൺഗ്രസ് വിമുക്തമായ നോർത്ത് ഈസ്റ്റ്. ആദ്യത്തെ സ്വപ്നം അടുത്തൊന്നും നടപ്പാവില്ലെന്ന സൂചന നൽകി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്്ചവെക്കുമ്പോൾ ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഒരിടത്തും കോൺഗ്രസ് ഭരണത്തിൽ ഇല്ലാതെയാവുകയാണ്.

പത്തുവർഷത്തോളമായി ഭരണപക്ഷത്തിരിക്കുന്ന കോൺഗ്രസിന് കനത്ത തിരിച്ചടിയാണു മിസോറമിലെ ഫലം. മുഖ്യമന്ത്രി ലാൽ തൻഹാവ്‌ല പരാജയപ്പെട്ടത് കോൺഗ്രസിന് ഇരട്ടി പ്രഹരമായി. കാൽ നൂറ്റാണ്ടിലേറെയായി നിയമസഭാഗമായ തൻഹാവ്‌ല തന്നെയായിരുന്നു കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തിയ അഞ്ചു വട്ടവും മുഖ്യമന്ത്രിയും.

മൂന്നാം തവണയും തുടർ ഭരണം സ്വപ്നം കണ്ടാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. എന്നാൽ, സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷം മിസോ നാഷനൽ ഫ്രണ്ടിന്റെ ( എംഎൻഎം) മികച്ച പ്രകടനമാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. വികസനമില്ലായ്മ മുതലുള്ള പ്രാദേശിക വിഷയങ്ങൾ ഉന്നയിച്ചാണ് പാർട്ടി ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്.വെറും എട്ടരലക്ഷം വോട്ടർമാരും നാൽപ്പതുസീറ്റും മാത്രമുള്ള ഈ കുഞ്ഞൻ സംസ്ഥാനത്തിൽ പ്രാദേശിക വികാരം ആളിക്കത്തിച്ചാണ് ഇവർ വോട്ടുപിടിച്ചത്.

ഒറ്റക്ക് മൽസരിച്ച ബിജെപിക്കും ഇവിടെ ഒറ്റസീറ്് കിട്ടി അക്കൗണ്ട് തുറക്കാനായി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പിടിമുറുക്കാൻ ബിജെപി രൂപം നൽകിയ നോർത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയൻസിന്റെ ഭാഗമായിരുന്നു നേരത്തെ മിസോ നാഷനൽ ഫ്രണ്ട് . അതുകൊണ്ടുതന്നെ രണ്ടു കൂട്ടരും തമ്മിലുള്ള 'അന്തർധാര സജീവമാ'ണെന്നായിരുന്ുന കോൺഗ്രസിന്റെ ആരോപണം. എംഎൻഎഫ് നേതാവ് സോറംതങ്കയുടെ ജനീകയ അടിത്തറയാണ് പാർട്ടിക്ക് കരുത്തായത്. ജയിക്കാൻ ഒരുത്തരുടെയും പിന്തുണയും സഖ്യവും ആവശ്യമില്ലെന്നാണ് സോറംതൻഗയുടെ നിലപാട് ശരിയെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കയാണ്.

മുഖ്യമന്ത്രി ലാൽ തൻഹാവ്ല മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും പരാജയപ്പെട്ടതും കോൺഗ്രസിന് തിരിച്ചടിയാണ്.76കാരനായ ലാൽ തൻഹാവാല 2008 ഡിസംബർ മുതൽ മിസോറാം മുഖ്യമന്ത്രിയാണ്. 2013ൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതോടെ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായെന്ന റെക്കാഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഓരോ 10 വർഷം കൂടുമ്പോഴും ഭരണം മാറുമെന്ന ന്യായം പറഞ്ഞ് കോൺഗ്രസിന് ഈ തോൽവിയെ ന്യായീകരിക്കാമെങ്കിലും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലം നിർണായകമാകുമെന്ന് ഉറപ്പ്. സർക്കാർ രൂപീകരിക്കാൻ ബിജെപിയുടെ പിന്തുണ തേടില്ലെന്ന് എം.എൻ.എഫ് നേതാക്കൾ നേരത്തെ അറിയിച്ചിരുന്നു.

വടക്കു കിഴക്കൻ ഇന്ത്യയിൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ അഞ്ച്് സംസ്ഥാനങ്ങളിലാണ് കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടത്. മേഘാലയ, നാഗാലാന്റ്, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് കോൺഗ്രസിന് അധികാരം നഷ്ടമായത്. കൂടാതെ വർഷങ്ങളായി സിപിഎം അധികാരത്തിലിരുന്ന ത്രിപുരയും ബിജെപി പിടിച്ചടക്കി. മണിപ്പൂരിലും അരുണാചലിലും ബിജെപിയാണ് ഭരണകക്ഷി. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും മേഘാലയയിലും നാഗലാൻഡിലും ഘടകകക്ഷികളുമായി ചേർന്ന് ബിജെപി മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തു. അപ്പോഴും കോൺഗ്രസ് ഭരണമുണ്ടായിരുന്ന മിസോറാം മാത്രമായിരുന്നു. ഇപ്പോൾ മിസോ നാഷണൽ ഫ്രണ്ട്(എം.എൻ.എഫ്) വൻ ഭൂരിപക്ഷത്തിന് വിജയിച്ചതോടെ മിസോറാമും കോൺഗ്രസിന് നഷ്ടമായി.