ന്യൂഡൽഹി: ലോകം മുഴുവൻ കത്തിപ്പടരുന്ന മീ ടൂ കാമ്പയിന്റെ ഭാഗമായി ഇന്ത്യയിൽ മന്ത്രിസ്ഥാനം തെറിക്കുന്ന ആളായി മാറാൻ തയ്യാറെടുത്തിരിക്കയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്‌ബർ. മുൻ മാധ്യമപ്രവർത്തകൻ കൂടിയായ അക്‌ബറിനെതിരെ ഒമ്പത് വനിതാ മാധ്യമപ്രവർത്തകരും സിനിമ- രാഷ്ട്രീയ മേഖലയിലെ വനിതകളും രംഗത്തുവന്നതോടെയാണ് രാജിയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയത്. ഇപ്പോൾ വിദേശയാത്ര കഴിഞ്ഞ് മന്ത്രി തിരിച്ചെത്തുന്നതോടെ അദ്ദേഹത്തിന്റെ രാജിപാർട്ടി ആവശ്യപ്പെടും.

സഹപ്രവർത്തകരായിരുന്ന ഒട്ടേറെ വനിതാ മാധ്യമപ്രവർത്തകരും കലാസാംസ്‌കാരിക രംഗത്തെ പ്രമുഖ വനിതകളും രംഗത്തു വന്നതോടെ അക്‌ബറിനു പദവിയിൽ തുടരാൻ ബുദ്ധിമുട്ടാകുമെന്നു ബിജെപി വൃത്തങ്ങൾ പറഞ്ഞു. പാർട്ടിയിലെയും സർക്കാരിലെയും പ്രമാണികളാരും അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല. ഇതിനിടെ, വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിക്കു പിന്നാലെ പരസ്യ പ്രതികരണവുമായി ടെക്‌സ്‌റ്റൈൽസ് മന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തി. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ രാജിക്കാര്യം അക്‌ബർ തന്നെ തീരുമാനിക്കട്ടെയെന്നായിരുന്നു അവരുടെ പ്രതികരണം. പ്രശ്‌നം ഗൗരവത്തോടെ കണ്ട് അന്വേഷണം പ്രഖ്യാപിക്കണമെന്നു മേനക നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ആരോപണത്തിൽ കേന്ദ്രമന്ത്രി എം.ജെ. അക്‌ബർ മറുപടി പറയണമെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ആവശ്യപ്പെട്ടിരുന്നു. പരാതിക്കാർക്കു നീതി ഉറപ്പാക്കാൻ നീതിന്യായ സംവിധാനങ്ങൾക്കു കഴിയും. ദുരനുഭവങ്ങൾ തുറന്നുപറയുന്നവരെ ആക്ഷേപങ്ങൾക്ക് ഇരയാക്കരുതെന്നും അവർ പറഞ്ഞു. അക്‌ബറിനെതിരായ ആരോപണങ്ങളിൽ കേന്ദ്രസർക്കാരിൽനിന്ന് ഒരാൾ ഇതാദ്യമായാണു പ്രതികരിക്കുന്നത്.

അക്‌ബറിനോട് ഉടൻ തിരികെയെത്താനും രാജി വയ്ക്കാനും ആവശ്യപ്പെട്ടെന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നത് ഊഹാപോഹങ്ങൾ മാത്രമാണെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മടങ്ങിയെത്തിയ ശേഷം അക്‌ബറിന്റെ നിലപാട് എന്തെന്ന് കേന്ദ്രസർക്കാർ കേൾക്കും. അക്‌ബറിനെതിരെ എഫ്‌ഐആറോ, ഔദ്യോഗിക പരാതികളോ ഇതുവരെയില്ലെന്നും കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട ഉന്നതർ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് അക്‌ബറിന് അനുകൂലമാകാനിടയില്ല. നിയമസഭാ തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചിരിക്കെ രാജി വൈകരുതെന്ന അഭിപ്രായം ബിജെപിയിലും ശക്തമാണ്. സർക്കാരാണു തീരുമാനമെടുക്കേണ്ടതെന്നു പാർട്ടി ജനറൽ സെക്രട്ടറി വിജയ് വർഗീയ പറഞ്ഞു. അക്‌ബർ ഉടൻ രാജിവയ്ക്കണമെന്നു സിപിഎം ആവശ്യപ്പെട്ടു. എത്ര വനിതകൾ കൂടി പരാതി നൽകിയാലാണു സർക്കാർ നിശബ്ദത വെടിയുകയെന്നു പാർട്ടി ചോദിച്ചു.

മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാൻ നൈജീരിയയിലെ ലാഗോസിലാണ് എം.ജെ. അക്‌ബർ. ഇക്വിറ്റോറിയൽ ഗിനി വഴി ഞായറാഴ്ച മടങ്ങിയെത്തും. യാത്ര റദ്ദാക്കി ഉടൻ തിരിച്ചെത്താൻ പ്രധാനമന്ത്രി അദ്ദേഹത്തോട് ആവശ്യപ്പെട്ടെന്ന് ഇടയ്ക്കു വാർത്ത പരന്നിരുന്നു.

പത്തോളം വനിതാ മാധ്യമപ്രവർത്തകരാണ് എം.ജെ. അക്‌ബറിനെതിരേ ലൈംഗികാരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. രാത്രിയിൽ അഭിമുഖത്തിനായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചതായുള്ള പ്രിയാരമണിയെന്ന മാധ്യമപ്രവർത്തകയുടെ ആരോപണമാണ് അക്‌ബറിനെതിരേ ആരോപണപ്രവാഹത്തിന് തുടക്കമിട്ടത്.

വോഗ് ഇന്ത്യയിൽ 2017-ൽ എഴുതിയ ലേഖനത്തിലാണ് പ്രിയാ രമണി തന്റെ മേലുദ്യോഗസ്ഥനിൽനിന്ന് നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് എഴുതിയത്. അന്നത് ആരെന്ന് വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, ഇപ്പോഴത്തെ മീ ടു ക്യാമ്പെയിനിന്റെ ഭാഗമായി അത് എം.ജെ. അക്‌ബറാണെന്ന് പ്രിയ രമണി വെളിപ്പെടുത്തി. ഇതോടെയാണ് പല കാലങ്ങളിൽ അദ്ദേഹത്തിന് കീഴിൽ പ്രവർത്തിച്ചിരുന്ന വനിതാ മാധ്യമപ്രവർത്തകർ രംഗത്തുവന്നത്.

ഫോഴ്സ്മാസികയുടെ എക്സിക്യുട്ടീവ് എഡിറ്ററായ ഗസാല വഹാബ് ദ് വയറിലെഴുതിയ ലേഖനത്തിൽ താൻ ഏഷ്യൻ ഏജിൽ ജോലി ചെയ്തിരുന്ന സമയതത്ത് എം.ജെ. അക്‌ബറിൽനിന്ന് നേരിടേണ്ടിവന്ന ലൈംഗികാധിക്ഷേപം വ്യക്തമാക്കുന്നു. തന്റെ സീറ്റ് അദ്ദേഹത്തിന് മുന്നിലേക്ക് മാറ്റിയതും ഔദ്യോഗിക മെയിലിലൂടെ തനിക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചിരുന്നതും ഗസാല വിശദീകരിക്കുന്നു. 1997-ൽ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ അക്‌ബർ, നിഘണ്ടുവിൽനിന്ന് ഒരു വാക്കിന്റെ അർഥം തിരയാൻ ആവശ്യപ്പെടുകയും അതു ചെയ്തുകൊണ്ടിരിക്കവെ തന്നെ കയറി പിടിച്ചുവെന്നും ഗസാല ആരോപിക്കുന്നു.

ഇന്ത്യാ ടുഡേയിൽ ഒരുമിച്ച് ജോലി ചെയ്യുമ്പോൾ അക്‌ബറിൽനിന്നുണ്ടായ ദുരനുഭവമാണ് മറ്റൊരു മാധ്യമപ്രവർത്തകയായ ഷുതാപ്പ പോളിന് പറയാനുള്ളത്. തന്നെ രാത്രിയിൽ കൊൽക്കത്തയിലെ ഹോട്ടൽമുറിയിലേക്ക് മീറ്റിങ്ങിനെന്നവണ്ണം വിളിച്ചുവരുത്തുമായിരുന്നുവെന്ന് അവർ ട്വീറ്റ് ചെയ്തു. ഇതിന് വിസമിതിക്കാൻ തുടങ്ങിയതോടെ, താനെഴുതിക്കൊടുക്കുന്ന സ്റ്റോറികൾ പ്രസിദ്ധീകരിക്കാതായെന്നും ഷുതാപ്പ ആരോപിച്ചു. ഡെയ്ലി ടെലഗ്രാഫിൽ ഒന്നിച്ചുജോലി ചെയ്ത സമയത്തെ ദുരനുഭവങ്ങളാണ് സാബ നഖ്വി ട്വീറ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും പരാതിപ്പെട്ട വനിതാ മാധ്യമപ്രവർത്തരോട് ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകാൻ ദേശീയ വനിതാ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.