കോഴിക്കോട്: ഒരുതവണ യു.ഡി.എഫിനെ ജയിപ്പിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ ജയിപ്പിക്കുന്നതാണ് കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ പാരമ്പര്യം. മാത്രമല്ല സൗത്തിൽ ജയിക്കുന്ന മുന്നണി തന്നെയായിരിക്കും സംസ്ഥാനത്തും അധികാരത്തിലത്തെുക. അതുകൊണ്ടുതന്നെ സൗത്തിലെ രാഷ്ട്രീയക്കാറ്റ് സംസ്ഥാന ഫലത്തിന്റെ എക്‌സിറ്റ് പോളാണെന്നാണ് തെരഞ്ഞെടുപ്പ് വിദഗ്ദ്ധർ പറയുന്നത്. ഇത് മുൻകൂട്ടി കണ്ടുകൊണ്ടാവണം കോഴിക്കോട് സൗത്തിലെ സിറ്റിംങ്ങ് എംഎ‍ൽഎയും മന്ത്രിയുമായ എം.കെ മുനീർ ഇത്തവണ മണ്ഡലം മാറാനുള്ള ശ്രമത്തിലാണ്.

മലപ്പുറം ജില്ലയിലെ ഒരു സുരക്ഷിത മണ്ഡലമാണ് അദ്ദേഹം അന്വേഷിക്കുന്നത്. എന്നാൽ മുസ്ലിംലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗത്തിന് ഇക്കാര്യത്തിൽ യോജിപ്പില്ല. മുനീർ മണ്ഡലം മാറി മൽസരിച്ചാൽ അത് തോൽവി മുൻകൂട്ടി പ്രഖ്യാപിക്കുന്നതിന് തുല്യമാണെന്നാണ്് അവർ പറയുന്നത്.അതേസമയം കുറ്റിപ്പുറത്ത് മൽസരിച്ച് തോറ്റ കുഞ്ഞാലിക്കുട്ടി പിന്നീട് വേങ്ങരയിലേക്ക് മാറിയത് ഉൾപ്പെടെയുള്ള വിഷയങ്ങളാണ് മുനീർ അനുകൂലികൾ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ ഒരു ഇടവേളക്കുശേഷം ലീഗിൽ കുഞ്ഞാലിക്കുട്ടിമുനീർ ബലാബലം വീണ്ടും തലപൊക്കിയിരിക്കയാണ്.

സൗത്ത് മണ്ഡലത്തിന് ചാഞ്ചാടുന്ന സ്വഭാവമുണ്ടെന്ന് ഇന്നലെ വിവിധ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ എം.കെ മുനീർ പക്ഷേ താൻ എവിടെ മൽസരിക്കുമെന്ന് മാത്രം തീർത്ത് പറഞ്ഞിട്ടില്ല. പാർട്ടി പറയുന്ന എത് സീറ്റിലും മൽസരിക്കാൻ തയാറാണെന്നാണ് അദ്ദേഹം പറയുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മങ്കടയിലെ സിറ്റിങ്ങ് എംഎ‍ൽഎയായിരുന്ന എം.കെ മുനീർ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ മഞ്ഞളാംകുഴി അലിയോട് തോറ്റതോടെയാണ് 2011ലെ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽ എത്തുന്നത്. അദ്ദേഹത്തിന് സുരക്ഷിതമായ ഒരു സീറ്റ് ലഭിക്കാത്തതിനുപിന്നിൽ കുഞ്ഞാലിക്കുട്ടിയാണെന്ന് അക്കാലത്ത് ആരോപണമുയർന്നിരുന്നു. റജീനയുടെ വെളിപ്പെടുത്തലുകൾ മുനീർ ചെയർമാനായ ഇന്ത്യാവിഷൻ ചാനലിൽ വന്നതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ ഇരുവരുമായുള്ള വ്യക്തി ബന്ധംപോലും വഷളാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് മുനീറിനെ സൗത്തിലേക്ക് മാറ്റിയതെന്നായിരുന്നു ആരോപണം.

എന്നാൽ കടുത്ത മൽസരത്തെ അതിജീവിച്ച് വെറും 1375 വോട്ടുകൾക്ക് മുനീർ ജയിച്ചുകയറി. സിപിഎമ്മിലെ യുവനേതാവ് മുസഫർ അഹമ്മദായിരുന്നു എതിരാളി. അന്ന് ബിജെപിയുടെ ഒരു വിഭാഗം വോട്ടുകൾ മുനീറിന് മറിഞ്ഞതായും ആരോപണമുണ്ടായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിന്റെ രാഷ്ട്രീയ ചിത്രം വീണ്ടും മാറി.കോർപ്പറേഷൻ വാർഡുകളിലെ ഭൂരിപക്ഷം വച്ചുനോക്കുമ്പോൾ ഇടതുമുന്നണി നാലായിരം വോട്ടിന് ഇവിടെ മുന്നിലാണ്. കഴിഞ്ഞ തവണ മൽസരിച്ച മുസഫർ അഹമ്മദോ,ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസോ ഇവിടെ ഇടതുസ്ഥാനാർത്ഥിയായി എത്തുമെന്നാണ് അറിയുന്നത്.

നേരത്തെ കോഴിക്കോട് 2 എന്നപേരിൽ അറിയപ്പെട്ടിരുന്ന ഈ മണ്ഡലം ഓരോ തെരഞ്ഞെടുപ്പിലും വലതും ഇടതും മാറാറുണ്ട്. 87ൽ ഇവിടെ ജയിച്ച സിപിഐ(എം) നേതാവ് സി.പി. കുഞ്ഞുവിനെ 91ൽ പരാജയപ്പെടുത്തി മണ്ഡലം യു.ഡി.എഫിന്റെതാക്കിയത് എം.കെ മുനീർ തന്നെയായിരുന്നു. 96ൽ സിപിഐ(എം) നേതാവ് എളമരം കരീം എൽ.ഡി.എഫിനുവേണ്ടി മണ്ഡലം തിരിച്ചുപിടിച്ചു. 2001ലെ തെരഞ്ഞെടുപ്പിൽ ലീഗിന്റെ ടി.പി.എം സാഹിറും 2006ൽ എൽ.ഡി.എഫ് സ്വതന്ത്രനായ ഐ.എൻ.എൽ സ്ഥാനാർത്ഥി പി.എം.എ സലാമും ജയിച്ചു. തുടർന്നാണ് 2011ൽ മുനീർ വീണ്ടും ജയിക്കുന്നത്.

മണ്ഡലത്തിന്റെ ഈ പ്രത്യേകതകളും തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗിനുണ്ടായ തിരിച്ചടിയും തന്നെയാണ് മണ്ഡലം മാറാൻ മുനീറിനെ പ്രേരിപ്പിക്കുന്നത്. എന്നാൽ എം.കെ മുനീർ ഇവിടെനിന്ന് മാറുന്നതിനോട് പ്രാദേശിക ലീഗ് നേതൃത്വത്തിനും യോജിപ്പില്ല. മുനീറിന്റെ നേതൃത്വത്തിൽ നടത്തിയ വൻ വികസന പ്രവർത്തനങ്ങൾമൂലം ഇത്തവണ ചരിത്രംമാറുമെന്നാണ് അവർ പറയുന്നത്.