ന്യൂഡൽഹി : കേരളത്തിലെ സിപിഎം എംഎൽഎമാരിൽ 15 പേർ കോടിപതികൾ. മുസ്ലിം ലീഗ് 14, കോൺഗ്രസ് 12, കേരള കോൺഗ്രസ് 4, സ്വതന്ത്രർ 3 ഉൾപ്പെടെ 57 എംഎൽഎമാരുടെ പ്രഖ്യാപിത ആസ്തി ഒരു കോടി രൂപയിലേറെയാണ്. ഏറ്റവും കൂടുതൽ കടബാധ്യതയുള്ളതു പി.വി.അൻവർ (5 കോടി), വി. അബ്ദുറഹിമാൻ (3 കോടി), പി.സി.ജോർജ് (ഒരു കോടി) എന്നിവർക്കാണ്.

അസോസിയേഷൻ ഓഫ് ഡമോക്രാറ്റിക് റിഫോംസും കേരള ഇലക്ഷൻ വാച്ചും 132 എംഎൽഎമാരുടെ സത്യവാങ്മൂലം വിശകലനം ചെയ്താണ് ഈ കണക്കുകൾ പുറത്തു വിട്ടത്. സഭയിലെ 4 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. 4 പേരുടെ വിവരം ലഭ്യമായില്ലെന്നും റിപ്പോർട്ടിലുണ്ട്.
ഏറ്റവും കൂടുതൽ സ്വത്തുള്ളത് വി.കെ.സി. മമ്മദ് കോയ (30 കോടി), കെ.ബി.ഗണേശ് കുമാർ (22 കോടി), മഞ്ഞളാംകുഴി അലി (20 കോടി) എന്നിവർക്കാണ്. മുഹമ്മദ് മുഹസിൻ (46,691 രൂപ), എൽദോ ഏബ്രഹാം (63,896), ആന്റണി ജോൺ (3,81,300) എന്നിവരാണ് ഏറ്റവും കുറവ് ആസ്തിയുള്ളവർ.

ഏറ്റവും കൂടുതൽ വരുമാനമുള്ളതും വി.കെ.സി. മമ്മദ് കോയയ്ക്കാണ് (30 കോടി). കെ.ബി.ഗണേശ് കുമാർ, മുകേഷ് എന്നിവരാണ് തൊട്ടുപിന്നിൽ. 2014-16 കാലത്തെ ആദായനികുതി റിട്ടേണുകൾ പ്രകാരമാണ് ഈ കണക്കുകൾ. ഇതിൽ വികെസി എത്തവണ മത്സരത്തിനുണ്ടാകില്ല. ബേപ്പൂർ സീറ്റിൽ മുഖ്യമന്ത്രിയുടെ മരുമകൻ മുഹമ്മദ് റിസായ് സ്ഥാനാർത്ഥിയാകുന്ന സാഹചര്യത്തിലാണ് ഇത്.

54 എംഎൽഎമാരുടെ വിദ്യാഭ്യാസ യോഗ്യത 5ാം ക്ലാസിനും 12ാം ക്ലാസിനുമിടയിലാണ്. ഒരാൾക്കു മാത്രം സ്‌കൂൾ വിദ്യാഭ്യാസമില്ല. 77 പേർ ബിരുദമോ അതിനു മുകളിലോ യോഗ്യതയുള്ളവർ. കൊലക്കേസ് പ്രതികളായ 2 പേരുണ്ട്. 6 പേർക്കെതിരെ വധശ്രമക്കേസുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമത്തിന് ഒരാൾക്കെതിരെ കേസുണ്ട്.

86 എംഎൽഎമാർക്കെതിരെ ക്രിമിനൽ കേസുകളുണ്ട്. സിപിഎമ്മിലാണ് കൂടുതൽ പേർ 51; സിപിഐ 12, കോൺഗ്രസ് 9, ലീഗ് 5, സ്വതന്ത്രർ 4. ഗുരുതര ക്രിമിനൽ കേസുകൾ സിപിഎമ്മിൽ 18 പേർക്കെതിരെയുണ്ട്; കോൺഗ്രസ് 5, സിപിഐ 3, ലീഗ് 2.