തിരുവനന്തപുരം : രണ്ടാം വരവിൽ പിണറായി വിജയൻ വീണ്ടും കിറ്റുമായി എത്തിയപ്പോൾ പിന്നാലെ പണിവരുന്നുണ്ടെന്ന ട്രോളന്മാരുടെ പ്രവചനം ശരിയായി. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും പെൻഷനും കൂട്ടാനുള്ള നടപടി ആരംഭിച്ചത്. ഇതിനായി ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. മന്ത്രിസഭാ യോഗം വിഷയം പരിഗണിക്കുന്നതിന് മുമ്പ് വിഷയം പുറത്ത് അറിയാതിരിക്കാൻ പിണറായി പ്രത്യേകം ശ്രദ്ധിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്യുന്ന പ്രഭാവർമ്മയ്ക്ക് ഒന്നരലക്ഷം രൂപയാണ് ശമ്പളം. വിദ്യാഭ്യാസ യോഗ്യത അത്രയധികം ഇല്ലാത്ത രവീന്ദ്രനും ഉണ്ട് അത്രയേറെ ശമ്പളം. ഈ സാഹചര്യത്തിൽ മന്ത്രിമാർ തങ്ങളുടേയും ശമ്പളം കൂട്ടണമെന്ന ചർച്ച ഉയർത്തിയതായാണ് സൂചന. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും അതിവേഗ തീരുമാനങ്ങളിലേക്ക് കടന്നത്. രാഷ്ട്രീയ നിയമനങ്ങളായ പ്രഭാവർമ്മയ്ക്കും രവീന്ദ്രനും കിട്ടുന്ന ശമ്പളമെങ്കിലും എംഎൽഎമാർക്കും മന്ത്രിമാർക്കും ഉറപ്പാക്കും.

ശമ്പളപരിഷ്‌കണം ചർച്ചചെയ്യുന്നതിന് മുമ്പ് ജനകീയ പ്രഖ്യാപനം നടത്തി ഇമേജ് കൂട്ടുകയായിരുന്നു ലക്ഷ്യം. ചൊവ്വാഴ്ച രാവിലെയാണ് നിയമസഭാ സെക്രട്ടേറിയേറ്റിൽ നിന്നും ശമ്പളവർദ്ധനവ് സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. പിന്നാലെ വൈകിട്ട് ഇടവേളയ്ക്ക് ശേഷം പിണറായി മാധ്യമങ്ങൾക്ക് മുന്നിലെത്തി കിറ്റും പ്രഖ്യാപിച്ചു. കോവിഡ് കാലത്തായിരുന്നു കിറ്റിന്റെ ആവശ്യമെന്നായിരുന്നു പിണറായി പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ഓണത്തിനും കിറ്റെത്തി.

അതും എ.പി.എൽ,ബി.പി.എൽ വ്യത്യാസമില്ലാതെ എല്ലാവർക്കും. അസാധാരണമായൊരു സാഹചര്യമില്ലാതെ എല്ലാവർക്കും കിറ്റ് കൊടുത്ത് സാമ്പത്തിക ബാധ്യത വരുത്തുമെന്നാണ് ധനകാര്യ വകുപ്പിന്റെ നിലപാട്. എന്നാൽ കിറ്റ് പ്രഖ്യാപിച്ച് 24 മണിക്കൂർ തികയുന്നതിന് മുമ്പ് കിറ്റിന് പിന്നിലെ ഗുട്ടൻസ് മറനീക്കി. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും അവലൻസും പെൻഷനും ഉൾപ്പെടെ വർധിപ്പിക്കാനുള്ള നീക്കം തുടങ്ങി. നിലവിലുള്ളതിനേക്കാൾ എല്ലാം ഇരട്ടിയാക്കി ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.

സർക്കാരിന്റെ ഏറ്റവും വിശ്വസ്തനായ ഏകാംഗ കമ്മീഷൻ ഒരിക്കലും ശമ്പളവും പെൻഷനും വർധിപ്പിക്കുന്നതിനെ എതിർക്കില്ലെന്ന് നന്നായിട്ട് പിണറായിക്ക് അറിയാം. ഇതോടെ മന്ത്രിമാരുടെ ശമ്പളം 1.50ലക്ഷത്തിലേക്ക് എത്തും. എംഎൽഎമാരുടെത് 1.25ലേക്കും എത്തും. നിലവിൽ മന്ത്രിമാരുടെ ശമ്പളം 90,000 രൂപയും എംഎൽഎമാരുടേത് 70,000 രൂപയുമാണ്. മന്ത്രിമാരുടെ യാത്രാബത്ത കിലോമീറ്ററിനു 15 രൂപയിൽ നിന്ന് 22ലേക്ക് ഉയരുമ്പോൾ എംഎൽഎമാരുടെ യാത്രാബത്ത കിലോമീറ്ററിനു 17 രൂപയാക്കി ഉയർത്തുമെന്നാണ് വിവരം.

എംഎൽഎമാരുടെ ശമ്പളം നിയമസഭയിൽ നിന്നാണ് നൽകുന്നത്. മന്ത്രിമാരുടേത് സർക്കാരിൽ നിന്നാണെങ്കിലും കമ്മീഷൻ ശുപാർശയായതു കൊണ്ട് ധനവകുപ്പിലെ ഉദ്യോഗസ്ഥർ പോലും കാണേണ്ടതില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിൽ നിയമസഭാ അംഗങ്ങളുടെ ശമ്പള വർദ്ധനയ്ക്ക് മറ്റു തടസ്സങ്ങളൊന്നും ഉണ്ടാകില്ല.

നിലവിൽ ഒരു എംഎൽഎയക്ക് 70000 രൂപ വിവിധ അലവൻസുകൾ ചേർത്താണ്. പ്രതിമാസ അലവൻസ് 2000,മണ്ഡലം അലവൻസ് 25000,ഫോൺ ചാർജ് 11000,ഇൻഷർമേഷൻ അലവൻസ് 4000,സാംച്വറി അലവൻസ് 8000,ട്രാവലിങ് അലവൻസ് 20000, ഇത് കൂടാതെ പരിധിയില്ലാതെ എംഎ‍ൽഎയ്ക്കും പങ്കാളിക്കും പൂർണ ആരോഗ്യപരിരക്ഷ, നിയമസഭ കൂടുമ്പോൾ അസംബ്ലിയിൽ പങ്കെടുക്കാൻ 1000രൂപ. സ്വന്തം കാറാണെങ്കിൽ ടി.എ കിലോമീറ്ററിന് 10രൂപ, മറ്റൊരുവണ്ടിയിലാണെങ്കിൽ ബില്ലിന് പുറമേ കിലോമീറ്ററിന് 6രൂപയും കിട്ടും. അഞ്ചുവർഷം പൂർത്തിയാക്കുന്ന എംഎൽഎയ്ക്ക് 20000 രൂപയാണ് നിലവിലെ പെൻഷൻ ഇത് 25000 ആക്കുമെന്നാണ് വിവരം.

അഞ്ചുവർഷത്തിൽ കൂടുതൽ എംഎൽഎയാകുന്നവർക്ക് പ്രതിവർഷം 1000 രൂപ നിരക്കിലാണ് നിലവിലെ വർദ്ധ്നവ് അത് 1250ആക്കി ഉയർത്താനും നീക്കമുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന തെലുങ്കാനയിലെ എംഎൽഎമാരെ മറികടക്കാനുള്ള തീവ്രശ്രമമാണ് കേരളത്തിൽ നടക്കുന്നത്. രണ്ടുലക്ഷം രൂപയാണ് തെലുങ്കാന എംഎൽഎമാരുടെ ശമ്പളം. ഏറ്റവും കുറവ് മണിപ്പൂരിലാണ് 11500, ത്രിപുരയിൽ ഇത് 24200 രൂപയുമാണ്. രാജ്യത്ത് എംഎൽഎമാരുടെ ശരാശരി ശമ്പളം 101000 രൂപയാണ്.

എംഎൽഎമാർക്കും മന്ത്രിമാർക്കും പ്രത്യക്ഷത്തിൽ നൽകുന്ന അലവൻസുകൾക്ക് പുറമേ ചില്ലറ അവലൻസുകൾ വേറെയുമുണ്ട് പുസ്തകം വാങ്ങാനും ട്രെയിൻ യാത്രയിൽ വഴിചെലവിനും ഉൾപ്പെടെ നികുതി പണത്തിന്റെ നല്ലൊരു പങ്കും ജനസേവകർക്കായി ചോരുന്നുണ്ട്.