ചെന്നൈ: ശമ്പളം ഉയർത്തണമെന്നാവശ്യപ്പെട്ട് സർക്കാർ ബസ് ജീവനക്കാർ പണിമുടക്ക് തുടങ്ങിയിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും യാതൊരു വിധ നടപടിയും സ്വീകരിക്കാതെ എംഎൽഎമാരുടെ ശമ്ബളം ഉയർത്തി തമിഴ്‌നാട് സർക്കാർ. സംസ്ഥാനത്തെ 235 എംഎൽഎമാരുടെ ശമ്ബളം ഇരട്ടിയാക്കികൊണ്ടുള്ള ബില്ലാണ് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത്.

നിലവിൽ 55000 രൂപയുണ്ടായിരുന്ന എംഎൽഎമാരുടെ ശമ്ബളം 1.05 ലക്ഷമായിട്ടാണ് ഉയർത്തിയിരിക്കുന്നത്. ബിൽ പാസായാൽ വ്യാഴാഴ്‌ച്ച മുതൽ ഇത് പ്രാബല്യത്തിൽ വരും. ശമ്ബള വർധന ആവശ്യപ്പെട്ട് ബസ് ജീവനക്കാരുടെ സമരം ഏഴാം ദിവസത്തിലേക്ക് കടക്കവെയാണ് എംഎൽഎമാരുടെ ശമ്ബളം വർധിപ്പിച്ചുകൊണ്ടുള്ള സർക്കാർ നടപടി.

ബിൽ പാസായാൽ മുൻ എംഎൽഎമാരുടെ പെൻഷൻ തുക 12000 രൂപയായിരുന്നത് 20000 രൂപയായി വർധിക്കും. എംഎൽഎമാരുടെ മണ്ഡല വികസനത്തിനായി നൽകി വരുന്ന തുക രണ്ട് കോടിയിൽ നിന്ന് ഉയർത്താനും നിർദ്ദേശമുണ്ട്.