തിരുവനന്തപുരം: കോവളം എംഎൽഎ എം വിൻസെന്റിന്റെ കാർ അടിച്ചുതകർത്തു. സംഭവത്തിൽ ഉച്ചക്കട സ്വദേശി സന്തോഷിനെ ബാലരാമപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് എംഎൽഎ ഓഫീസിന് മുമ്പിൽ നിറുത്തിയിട്ടിരുന്ന കാർ അടിച്ചുതകർത്തത്. ഈ സമയം ഓഫീസിൽ എംഎൽഎ ഉണ്ടായിരുന്നു. കസ്റ്റഡിയിലായ സന്തോഷിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറയുന്നു. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിൽ ഏല്പിച്ചത്.

സംഭവത്തെ കുറിച്ച് എംഎൽഎ പറയുന്നത് ഇങ്ങനെ: രാവിലെ ഏഴരയ്ക്ക് സന്ദർശകരെ കണ്ടു കൊണ്ടിരിക്കുമ്പോൾ ആണ് ശബ്ദം കേട്ടത്. കൈയിൽ വലിയൊരു ഇരുമ്പു ദണ്ഡുമായെത്തി തകർക്കുന്നത് കണ്ടത്. നാട്ടുകാർ അപ്പോൾ തന്നെ പിടികൂടി. മാനസിക വിഭ്രാന്തിയോടെയായിരുന്നു പെരുമാറ്റം. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നും സംശയമുണ്ട്. അഭിനയിക്കുകയാണോ എന്നും സംശയിക്കുന്നു.

മുല്ലപ്പെരിയാർ ഡാം ഇപ്പോൾ പൊട്ടും, ശബരിമല സ്ത്രീ പ്രവേശനം തടയാൻ ഒന്നും ചെയ്തിട്ടില്ല എന്നൊക്കെ പറഞ്ഞായിരുന്നു ആക്രമണം. ഇയാൾക്കെതിരെ വിഴിഞ്ഞം സ്റ്റേഷനിൽ കേസുണ്ട്. ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടോ എന്നും അന്വേഷിക്കണം. നാലു മാസം മുമ്പാണ് കാർ വാങ്ങിയത്. പഴയ കാർ വിറ്റു കിട്ടിയ തുകയും നിയമസഭയിൽ നിന്നുള്ള ലോണും കൊണ്ടും വാങ്ങിയ കാർ-എംഎൽഎ പറയുന്നു.

രാവിലെ എല്ലാവരും കണ്ടു കൊണ്ട് നിൽക്കേ ഇത്തരം ക്രിമിനൽ പ്രവർത്തനം നടത്തുന്നു. ഇതിനുള്ള ധൈര്യം ആളുകൾക്ക് വരുന്നു എന്നതാണ് പ്രധാനം. അതുകൊണ്ട് ഇതിന് പിന്നിലെ വസ്തുതകൾ കണ്ടെത്തണം. മാനസിക അസ്വാസ്ഥ്യം കണ്ടെത്തിയാൽ ക്രിമിനൽ നടപടി വേണ്ട. എന്നാൽ അതിന് മുമ്പ് കൃത്യമായ അന്വേഷണം നടത്തണമെന്നും വിൻസന്റ് എംഎൽഎ ആവശ്യപ്പെട്ടു.

ബൈക്കിൽ എത്തിയ സന്തോഷ് രാവിലെ എട്ടു മണിയോടെ കമ്പിപ്പാര കൊണ്ടു ഗ്ലാസും വാഹനത്തിന്റെ മുൻവശവും തകർക്കുകയായിരുന്നു. വീടിനു മുന്നിൽ പാർക്കു ചെയ്തിരിക്കുകയായിരുന്നു എംഎ‍ൽഎ ബോർഡുള്ള കാർ. പ്രതി മാനസിക പ്രശ്‌നമുള്ളയാളെന്നു പൊലീസ് പറയുന്നു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസും പറയുന്നു.