തിരുവനന്തപുരം : സംസ്ഥാന ഖജനാവിലേക്ക് വരവ് കുറഞ്ഞതോടെ മുണ്ടുമുറുക്കിയുടുക്കേണ്ട അവസ്ഥയിലാണ് സർക്കാർ കാര്യങ്ങൾ. ഇക്കാര്യം ധനമന്ത്രി ബജറ്റിൽ ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. അതിനിടെ ധനമന്ത്രി, സ്പീക്കർ, ആരോഗ്യ മന്ത്രി എന്നിവരുടെ അമിതമായ ചികിൽസാചെലവുകൾ വിവാദങ്ങളിൽ ഇടം പിടിക്കുകയും ചെയ്തു.

കക്ഷിരാഷ്ട്രീയം മറന്ന് എംഎൽഎമാർ ഒറ്റകെട്ടായി- സാമാജികരുടെ ആനുകൂല്യങ്ങൾ കൂട്ടാൻ സാധാരണഗതിയിൽ നിയമസഭ ബിൽ പാസാക്കുമ്പോൾ പത്രങ്ങളിൽ വരുന്ന വാർത്തയാണ്. മന്ത്രിമാർ, സ്പീക്കർ, ഡപ്യുട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ഗവൺമെന്റ് ചീഫ് വിപ്പ്, നിയമസഭാംഗങ്ങൾ, മുൻ നിയമസഭാംഗങ്ങൾ എന്നിവരുടെ അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും പരിഷ്‌കരിക്കുന്നതിനായുള്ള റിട്ട. ഹൈക്കോടതി ജഡ്ജിയും മുൻ നിയമസഭാ സെക്രട്ടറിയുമായ ജസ്റ്റിസ് ജെ.എം.ജെയിംസ് കമ്മിഷന്റെ റിപ്പോർട്ട് സർക്കാർ ഇനിയും നടപ്പാക്കിയിട്ടില്ല.

2017 ഓഗസ്റ്റിലാണ് എംഎ‍ൽഎമാരുടെ ശമ്പളം 30 ശതമാനം വരെ വർധിപ്പിക്കാൻ ജസ്റ്റിസ് ജെയിംസ് കമ്മിഷൻ ശിപാർശ ചെയ്തത്. അലവൻസ് ഉൾപ്പെടെ ശമ്പളം എൺപതിനായിരം രൂപയാകും. നിലവിൽ 39.500 രൂപയാണ് ശമ്പളയിനത്തിൽ എംഎ‍ൽഎമാർക്കു ലഭിക്കുന്നത്. എംഎ‍ൽഎമാർക്കു വീടു നിർമ്മിക്കുന്നതിനും വാഹനം വാങ്ങുന്നതിനുമുള്ള അഡ്വാൻസ് തുക ഇരട്ടിയാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ശമ്പളം കുറവാണെന്ന് എംഎ‍ൽഎമാർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണു കമ്മിഷനെ വച്ചത്. മെഡിക്കൽ ആനുകൂല്യം, നിയമസഭാ കമ്മിറ്റികളിൽ പങ്കെടുക്കുന്നതിനു സിറ്റിങ് ഫീസ്, റോഡ് യാത്രയ്ക്കു കിലോമീറ്ററിന് കേരളത്തിനകത്ത് ഏഴു രൂപ, റെയിൽവേ യാത്രയ്ക്കു യാത്രാക്കൂപ്പൺ, കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര, പലിശരഹിത വാഹന വായ്പ, നാലു ശതമാനം നിരക്കിൽ പത്ത് ഭവന വായ്പ തുടങ്ങിയ ആനുകൂല്യങ്ങൾ സാമാജികർക്കു കിട്ടുന്നുണ്ട്.

ഇതെല്ലാം കിട്ടുന്നുണ്ടെങ്കിലും ഒന്നും പോരെന്നാണ് എംഎൽഎമാരുടെ പരാതി. തുലാവർഷം കനിഞ്ഞില്ല. ചൂടുകൂടി.വേനൽ കടുക്കുമ്പോൾ ഇനിയും കൂടും. ഇതോടെ എംഎൽഎ ഹോസ്റ്റലിൽ ചൂടുകൂടിയ മാസങ്ങളിൽ എങ്ങനെ താമസിക്കുമെന്നാണ് അവർ ചോദിക്കുന്നത്. 46 ലക്ഷം ചെലവിട്ടു എംഎൽഎമാരുടെ മുറികളിൽ എയർ കണ്ടീഷണർ സ്ഥാപിക്കാനാണ് നീക്കം.

ഔദ്യോഗിക വസതിയില്ലാത്ത 117 പേരുടെയും എംഎ‍ൽഎ. ഹോസ്റ്റലിലെ മുറിയിൽ എയർ കണ്ടീഷണർ സ്ഥാപിക്കാനാണു നീക്കം. വിഷയം പരിഗണനയിലാണെന്നും തീരുമാനമെടുത്തു ശുപാർശ ചെയ്യേണ്ടത് ഹൗസ് കമ്മിറ്റിയാണെന്നും സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി.
നിയമസഭാംഗങ്ങൾക്കു താമസിക്കാൻ രണ്ടു മുറികളാണ് എംഎ‍ൽഎ. ഹോസ്റ്റലിലുള്ളത്.

നിയമസഭാ സമ്മേളനം നടക്കുമ്പോഴാണു മിക്കവരും ഹോസ്റ്റൽ മുറികളിലാണ് തങ്ങാറ്. വിപണിവിലയനുസരിച്ച് ഒരു ടണ്ണിന്റെ സ്പ്ലിറ്റ് എ.സിക്ക് ശരാശരി നാൽപ്പതിനായിരം രൂപയാണു വില. ഇതനുസരിച്ച് എ.സി. വാങ്ങാൻ മാത്രം 46 ലക്ഷം രൂപ വേണ്ടിവരും. പല ഭാഗത്തുനിന്നും ആവശ്യമുയർന്നിട്ടുണ്ടെന്നും തീരുമാനം എടുത്തിട്ടില്ലെന്നും എംഎ‍ൽഎ ഹോസ്റ്റൽ കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന ഹൗസ് കമ്മിറ്റിയുടെ ചെയർമാൻ ജെയിംസ് മാത്യു എംഎ‍ൽഎ പറഞ്ഞു.

സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ മന്ത്രിമാരുടെയും നിയമസഭാ സാമാജികരുടെയും ചികിത്സാ ധൂർത്ത് ഒഴിവാക്കാനുള്ള ശുപാർശകളിൽ നടപടിയെടുക്കാതെയാണ് എസി വയ്ക്കാനുള്ള ശുപാർശ പരിഗണിക്കുന്നത്. മെഡിക്കൽ റീ ഇംബേഴ്സ്മെന്റിന് പകരം ആരോഗ്യഇൻഷുറൻസ് നടപ്പാക്കണമെന്നുള്ള ജസ്റ്റിസ് ജയിംസ് കമ്മിഷൻ റിപ്പോർട്ട് സർക്കാർ പരിഗണിക്കുന്നില്ല. കഴിഞ്ഞ ഒരു വർഷത്തെ ചികിത്സാ ചെലവിനത്തിൽ മാത്രം ഖജനാവിന് നഷ്ടം നാല് കോടിയിലേറെ രൂപയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

മന്ത്രിമാരുടെയും നിയമസഭാ സാമാജികരുടെയും ചികിത്സയ്ക്കായി മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് ഒഴിവാക്കി പകരം ആരോഗ്യഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്നുള്ള റിപ്പോർട്ട് ജസ്റ്റിസ് ജെയിംസ് കമ്മീഷൻ സർക്കാരിന് സമർപ്പിച്ചിട്ട് അഞ്ച് മാസം പിന്നിട്ടു. നാളിതുവരെ ഇതിൽ നടപടിയായില്ല. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ചികിത്സാ ധൂർത്തിന് പണം നൽകി കഴിഞ്ഞ ഒരു വർഷം മാത്രം ഖജനാവിന് നഷ്ടമായത് നാല് കോടിയിലേറെ രൂപയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2016-17 സാമ്പത്തിക വർഷം മാത്രം മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് ഇനത്തിൽ മന്ത്രിമാർക്കായി 42,57,534 രൂപയും എംഎൽഎമാർക്ക് 1,41,89,338 രൂപയും മുൻ എംഎൽഎമാർക്ക് 1,60,24, 174 രൂപയും സർക്കാർ നൽകിയിട്ടുണ്ട്.

ജസ്റ്റിസ് ജെയിംസ് കമ്മീഷന്റെ 96 പേജുള്ള റിപ്പോർട്ടിന്റെ ഒരു ഭാഗത്താണ് മെഡിക്കൽ റീ ഇംബേഴ്സ്മെന്റിനെക്കുറിച്ച് പറയുന്നത്. എംഎൽഎമാർക്കും മന്ത്രിമാർക്കുമായി മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക, പ്രായപൂർത്തിയായ വരുമാനമുള്ള മക്കളെ ചികിത്സാ പരിധിയിൽ നിന്ന് ഒഴിവാക്കുക, അഞ്ച് വർഷത്തിൽ ഒരു കണ്ണടയ്ക്ക് മാത്രം തുക അനുവദിക്കുക, കാഴ്ച വ്യത്യാസമുണ്ടെങ്കിൽ മാത്രം ഒരു തവണ കൂടി മാറ്റി നൽകുക എന്നിവയാണ് കമ്മീഷൻ റിപ്പോർട്ടിലെ പ്രധാന ശുപാർശകൾ.

കൂടാതെ കിടത്തി ചികിത്സ ആവശ്യമില്ലാത്ത രോഗങ്ങൾക്ക് എംഎൽഎമാർക്കും മന്ത്രിമാർക്കും ഒരു വർഷം 60,000 രൂപ എന്ന പരിധിയിൽ മാത്രമേ അനുവദിക്കാവൂ എന്നും ജെയിംസ് കമ്മീഷൻ റിപ്പോർട്ടിലുണ്ട്. എന്നാൽ നാളിതുവരെ കമ്മീഷൻ ശുപാർശകൾ നടപ്പാക്കാതെ പുതിയ ദുർചെലവുകൾക്ക് വഴിയൊരുക്കുകയാണ്.