ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് ഉറ്റസുഹൃത്തും സംഘവും. ശരത്തിന്റെ ഉറ്റസുഹൃത്തായ വിശാലാണ് പണത്തിന് വേണ്ടിയുള്ള കിഡ്‌നാപ്പിംഗിൽ മുഖ്യപങ്കുവഹിച്ചത്. ഈ മാസം 12 ന് താൻ വാങ്ങിയ പുതിയ എൻഫീൽഡ് മോട്ടോർ സൈക്കിൾ കൂട്ടുകാരെ കാണിക്കാനിറങ്ങിയ എഞ്ചിനീയറിങ് വിദ്യാർത്ഥിയായ ശരത്തിനെ കാണാതാവുകയായിരുന്നു. ഒപ്പം ഉറ്റ ചങ്ങാതി വിശാലും.സ്വിഫ്റ്റ് ഡിസയർ കാറിലാണ് ശരതിനെയും കയറ്റി വിശാൽ പദ്ധതി നടപ്പാക്കിയത്.

ആദായനികുതി ഉദ്യോഗസ്ഥൻ നിരഞ്ജൻ കുമാറിന്റെ മകനാണ് 19കാരനായ ശരത്. രാത്രി എട്ടു മണി കഴിഞ്ഞിട്ടും മകൻ തിരിച്ചുവരാതായതോടെ ഫോണിൽ ബന്ധപ്പെടാൻ അമ്മ ശ്രമിച്ചു. എന്നാൽ കോൾ എടുക്കുന്നുണ്ടായിരുന്നില്ല. പൊലീസിൽ അറിയിക്കുമെന്ന് അമ്മ മെസേജ് ചെയ്തതിന് ശേഷം വാട്‌സ്ആപ്പിൽ ശരത്തിന്റെ ഒരു വീഡിയോ ലഭിച്ചു. കൊല്ലപ്പെടും മുമ്പ് ശരത് വാട്‌സാപ്പിൽ വീട്ടുകാർക്ക് സന്ദേശമയച്ചിരുന്നു.തന്നെ ചിലർ തട്ടിക്കൊണ്ടുപോയതാണെന്നും 50 ലക്ഷം രൂപ മോചനദ്രവ്യം നൽകിയാലേ അവർ വിടൂ എന്നുമായിരുന്നു ശരത് വീഡിയോയിൽ പറഞ്ഞത്. മെസേജ് വന്നതിന് ശേഷം ശരത്തിന്റെ ഫോൺ സ്വിച്ച് ഓഫായി. രാജരാജേശ്വരി നഗറിൽ വച്ചാണ് ഫോൺ സ്വിച്ച് ഓഫായത്.തീവ്രവാദികളെ പോല തോന്നിക്കുന്നവരാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും അടുത്തതായി തന്റെ മൂത്ത സഹോദരിയെയാണ് അവർ ലക്ഷ്യമിടുന്നതെന്നും ശരത് പറഞ്ഞു.

വിശാൽ അടക്കം നാല് പേരെയാണ് സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്ന് രാവിലെ ശരത്തിന്റെ മൃതദേഹം കുഴിച്ച്ിട്ട ്‌സഥലം പൊലീസിന് കാണിച്ചുകൊടുത്തു.തന്റെ അച്ഛൻ മുതിർന്ന ആദായനികുതി ഉദ്യോഗസ്ഥനാണെന്നും അവർ മോചനദ്രവ്യം തരില്ലെന്നും ശരത് പറഞ്ഞതിനെ തുടർന്നാണ് കൊല നടത്തിയതെന്നാണ് സൂചന.ഒരു നൈലോൺ ടേപ്പ് കൊണ്ട് കഴുത്ത് മുറുക്കിയാണ് പ്രതികൾ കൃത്യം നിർവഹിച്ചത്.അടുത്തുള്ള തടാകത്തിൽ മൃതദേഹം താഴ്‌ത്തിയെങ്കിലും,പൊങ്ങി വന്നതോടെ കല്ല് കെട്ടി താഴ്‌ത്തി. വീണ്ടും മൃതദേഹം ഉയർന്നുവന്നതോടെ, ചാക്കിനകത്താക്കി തടാകത്തിന് സമീപം കുഴിച്ചിടുകയായിരുന്നു.

ശരത്തിന്റെ സുഹൃത്തായ വിശാൽ പൊലീസ് അന്വേഷണസമയത്ത് ഒന്നുമറിയില്ലെന്ന് ഭാവിച്ച് നടക്കുകയായിരുന്നു. ശരത്തിന്റെ കുടുംബത്തോടൊപ്പം ഈ സമയം ചെലവഴിച്ച് സംശയം അകറ്റാനും അയാൾ ശ്രമിച്ചു. എന്നാൽ മൊബൈൽ ഫോൺ റെക്കോഡുകളാണ് കൊലയിൽ വിശാലിന്റെ പങ്കിലേക്ക് വഴിതെളിച്ചത്.

ബെംഗളൂരുവിനടുത്ത് കെങ്ങേരി ഉള്ളാല എന്ന സ്ഥലത്താണ് ശരത്തും കുടുംബവും താമസിക്കുന്നത്. സഹോദരിയുടെ മൊബൈലിലാണു സന്ദേശം വന്നത്. സെൻട്രൽ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിച്ചിക്കുന്നത്.

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥി ശരതിനെ ചതിച്ചത് അടുത്ത സുഹൃത്ത്